കണ്ണടച്ചുതുറക്കും മുന്നേ ഒരു വർഷം കഴിഞ്ഞെന്ന് തോന്നുന്നുണ്ടോ? അത്ഭുതപ്പെടുത്തുന്ന ചില കാരണങ്ങളിതാ..

ഒരു വർഷം എത്രപ്പെട്ടന്നാണല്ലേ കടന്നുപോയത്... കണ്ണടച്ചുതുറക്കും മുന്നേ ഒരു വർഷം അവസാനിച്ചപോലെ.. ഒരു മാസം കഴിഞ്ഞതേ അറിഞ്ഞില്ല.. ഇത്രപ്പെട്ടെന്ന് ഒരാഴ്ച കഴിഞ്ഞോ? ഈ ചോദ്യങ്ങൾ സ്വയം ചോദിക്കുകയോ സുഹൃത്തുക്കളോട് ആരായുകയോ ചെയ്യാത്തവരായി ആരും ഉണ്ടാവില്ല. ശരിക്കും അത്രപ്പെട്ടെന്നാണോ സമയം കടന്നുപോകുന്നത്. ഈ ചിന്തയ്ക്ക് പിന്നിലെ കാരണമെന്താവും.. ഈ പ്രതിഭാസം മനഃശാസ്ത്രജ്ഞരിലും ന്യൂറോ സയന്റിസ്റ്റുകളിലും കൗതുകമുണർത്തുന്നുണ്ട്. ഇതിന് പിന്നിലെ കാരണങ്ങളായി ചില സിദ്ധാന്തങ്ങളും വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
ആനുപാതിക സിദ്ധാന്തം
ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, ഒരു വർഷമെന്നത് അവരുടെ ജീവിതത്തിൻ്റെ വലിയൊരു ഭാഗമാണ്. പത്തുവയസുള്ള ഒരു കുട്ടിക്ക് അത് ജീവിതത്തിന്റെ പത്തുശതമാനം ആണെങ്കിൽ 50 വയസ്സുള്ള ഒരാൾക്ക്, അതേ വർഷം അവരുടെ ജീവിതാനുഭവത്തിൻ്റെ രണ്ട് ശതമാനം മാത്രമാണ്. ഈ ആനുപാതിക വ്യത്യാസം നമ്മുടെ ധാരണയെ ബാധിക്കുകയും ഇത് പ്രായമാകുമ്പോൾ സമയം വേഗത്തിൽ പോകുന്നെന്ന ചിന്ത ഉളവാക്കുകയും ചെയ്യുമെന്നാണ് ആനുപാതിക സിദ്ധാന്തം അവകാശപ്പെടുന്നത്.
ദിനചര്യയും പുതുമയും
ഒരാൾ ആവർത്തിച്ച് ഒരേ ജോലികളിലാണ് വ്യാപൃതനാകുന്നതെങ്കിൽ മസ്തിഷ്കം ഈ അനുഭവങ്ങളെമാത്രം ചേർത്തുവെക്കും. പിന്നീട് കഴിഞ്ഞുപോയ കാലത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ അത് ചെറുതായി അനുഭവപ്പെട്ടേക്കാം. അതേസമയം പുതിയതും വ്യതിരിക്തമായ ഓർമ്മകൾ സൃഷ്ടിക്കുന്ന കാര്യങ്ങളിൽ വ്യാപൃതനാകുന്ന ഒരു വ്യക്തിക്ക് സമയം ദൈർഘ്യമേറിയതായി അനുഭവപ്പെടാമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്.
കോഗ്നിറ്റീവ് പ്രോസസ്സിങ്
പ്രായമാകുന്തോറും തലച്ചോറിന്റെ പ്രവർത്തനം മന്ദഗതിയിലാകുന്നതും സമയം അതിവേഗം കടന്നുപോകുന്നുവെന്ന ചിന്തയ്ക്ക് കാരണമാകാമെന്നാണ് ഈ സിദ്ധാന്തം പറയുന്നത്. ചെറുപ്പക്കാരിൽ മസ്തിഷ്കം ഒരു സെക്കൻഡിൽ വിശകലനം ചെയ്യുന്ന ദൃശ്യങ്ങള്‍, കാഴ്ചകള്‍ ഇവയൊക്കെ പ്രായമായവരേക്കാൾ കൂടുതലാണെന്നും അവർ കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കുമ്പോൾ പ്രായംകൂടുമ്പോൾ ഇതിൽ വ്യത്യാസം വരുകയും ചെറിയ ചെറിയ വിഷയങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യുന്നത് സമയം കൂടുതൽ വേഗത്തിൽ കടന്നുപോകുന്നു എന്ന തോന്നലിന് കാരണമാകാമെന്നും ഈ സിദ്ധാന്തം അവകാശപ്പെടുന്നു.
ഓർമകളുടെ ഏകീകരണം
ഓർമകൾ സമയത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെ സ്വാധീനിക്കുന്നുണ്ട്. അവിസ്മരണീയമായ സംഭവങ്ങൾ സമയം കൂടുതൽ നീണ്ടുനിൽക്കുന്നതായി തോന്നിപ്പിക്കും. ഒരു വർഷം സമാനമായ സാഹചര്യങ്ങളിൽ കൂടിയാണ് കടന്നുപോകുന്നതെങ്കിൽ സമയം അതിവേഗം കടന്നുപോയെന്ന ചിന്ത ഉണർത്തുമെന്നാണ് ഈ പഠനം പറയുന്നത്.
സാങ്കേതികവിദ്യയും വേഗത്തിലുള്ള ജീവിതശൈലിയും
ആധുനിക യുഗത്തിൽ, സാങ്കേതികവിദ്യയും ഒരേ സമയം ഒന്നിൽകൂടുതൽ പ്രവർത്തികളിൽ വ്യാപൃതരാകുന്നതും നമ്മുടെ സമയബോധത്തെ ബാധിച്ചേക്കാം. വേഗത്തിലുള്ള ജീവിതശൈലി നമ്മുടെ ശ്രദ്ധയെ കുറയ്ക്കുകയും സമയം അതിവേഗം കടന്നുപോയെന്ന ചിന്തയ്ക്കും കാരണമാകാമെന്നാണ് ഈ സിദ്ധാന്തം അവകാശപ്പെടുന്നത്.
ജീവിതത്തിൽ ഓരോ നിമിഷവും സന്തോഷവും ആത്മസംതൃപ്തി ഉളവാക്കുന്നതുമായ കാര്യങ്ങളിൽ വ്യപൃതരാകുകയാണെങ്കിൽ തിരിഞ്ഞുനോക്കുമ്പോൾ നഷ്ടബോധം അനുഭവപ്പെടുകയില്ലെന്നും സമയം അതിവേഗം കടന്നുപോയിയെന്ന ചിന്ത ഉളവാകില്ലെന്നും വിദഗ്ദർ പറയുന്നു.
Content Highlights: Psychological Reason behind sensation of time speeding