വിവാഹാഘോഷങ്ങള്‍ക്ക് തുടക്കം; പ്രിയങ്കയുടെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി സഹോദരനും വധുവും

പ്രിയങ്ക ചോപ്ര/ സിദ്ധാര്‍ഥ് ചോപ്രയും നീലം ഉപാധ്യയും | Photo: instagram/ pc fans
പ്രിയങ്ക ചോപ്ര/ സിദ്ധാര്‍ഥ് ചോപ്രയും നീലം ഉപാധ്യയും | Photo: instagram/ pc fans

ടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്രയുടേയും നടി നീലം ഉപാധ്യയുടേയും വിവാഹാഘോഷങ്ങള്‍ക്ക് മുംബൈയില്‍ തുടക്കം. സഹോദരനും ഭാവി വധുവിനുമായി പ്രിയങ്കയും അമ്മയും പ്രത്യേകം ഡിന്നര്‍ പാര്‍ട്ടി ഒരുക്കി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. 

വെള്ളിയാഴ്ച്ച രാവിലെയാണ് പ്രിയങ്ക മുംബൈ വിമാനത്താവളത്തില്‍ എത്തിയത്. അതിനുശേഷം നേരെ സഹോദരന്റെ വിവാഹാഘോഷത്തിലേക്കാണ് താരം പോയത്. ഓറഞ്ച് സല്‍വാറില്‍ സുന്ദരിയായെത്തിയ പ്രിയങ്കയുടെ കാലില്‍തൊട്ട് നീലവും സിദ്ധാര്‍ഥും അനുഗ്രഹം വാങ്ങി. ഇരുവരുടേയും മോതിരം മാറ്റല്‍ ചടങ്ങിന് ശേഷമാണ് പ്രിയങ്കയുടെ അനുഗ്രഹം വാങ്ങിയത്. 

മജന്ത സാരിയില്‍ അതിസുന്ദരിയായാണ് പ്രിയങ്ക ഡിന്നര്‍ പാര്‍ട്ടിക്കെത്തിയത്. ഷീര്‍ ഫാബ്രികിലുള്ള സാരി  അഴകളവുകള്‍ കാണുന്ന തരത്തില്‍ മനോഹരമായാണ് പ്രിയങ്ക ഉടുത്തിട്ടുള്ളത്. ബോര്‍ഡറിലുള്ള സീക്വിന്‍ വര്‍ക്കുകള്‍ സാരിക്ക് ഗ്ലാമര്‍ ലുക്ക് കൂടി നല്‍കുന്നു. ഇതിനൊപ്പം മജന്ത നിറത്തിലുള്ള സ്ലീവ്‌ലെസ് ബ്ലൗസാണ് പെയര്‍ ചെയ്തത്. പേള്‍ ചോക്കര്‍ നെക്ക്‌ളേസും പേള്‍ ഇയര്‍ റിങ്ങുകളും ആഭരണമായി അണിഞ്ഞു. 

പ്രിയങ്ക ചോപ്രയുടെ അമ്മായിയും നടി പരിണീതി ചോപ്രയുടെ അമ്മയുമായ റീന ചോപ്ര മോതിരംമാറ്റല്‍ ചടങ്ങിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അവര്‍ പിന്നീട് അത് ഡിലീറ്റ് ചെയ്തു. പ്രിയങ്കയുടെ കസിനും നടിയും മോഡലുമായ മന്നാര ചോപ്രയും വിവാഹാഘോഷത്തില്‍ പങ്കെടുത്തു. പ്രിയങ്കയുടെ മറ്റൊരു കസിനും നടിയുമായ പരിണീതി ചോപ്രയുടെ അസാന്നിധ്യവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി. 

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന സിദ്ധാര്‍ഥിന്റേയും നീലത്തിന്റേയും റോക്ക ചടങ്ങുകള്‍ക്കും പ്രിയങ്ക ഇന്ത്യയിലെത്തിയിരുന്നു. അന്ന് ഭര്‍ത്താവ് നിക്ക് ജൊനാസും മകള്‍ മാല്‍തിയും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു. 

ഏറെക്കാലമായി സിദ്ധാര്‍ഥും നീലവും പ്രണയത്തിലായിരുന്നു. 2019-ല്‍ മുകേഷ് അംബാനി സംഘടിപ്പിച്ച ഗണേഷ് പൂജയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്. 2020-ലെ അംബാനിയുടെ ഹോളി പാര്‍ട്ടിയിലും നീലം സിദ്ധാര്‍ഥിനും പ്രിയങ്കയ്ക്കും നിക്ക് ജൊനാസിനുമൊപ്പമെത്തി. 

നേരത്തെ ഇഷിതാ കുമാര്‍ എന്ന പെണ്‍കുട്ടിയുമായി സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയവും റോക്ക ചടങ്ങും നടന്നിരുന്നു. 2019-ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അന്ന് പ്രിയങ്കയും പങ്കെടുത്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായില്ല. ഒരുമിച്ചുപോകാന്‍ കഴിയാത്തതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞു. 2014-ല്‍ കാമുകി കനിക മാത്തൂറുമായും സിദ്ധാര്‍ഥിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. 2015-ല്‍ ഗോവയില്‍ വിവാഹം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ 2014 അവസാനത്തോടെ ആ വിവാഹം മുടങ്ങിപ്പോയി. 
 

Content Highlights: priyanka chopras brother siddharth and neelam upadhyayas wedding festivities