‘പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെമാത്രം ജോലിയല്ല, ലിംഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത്’

വീട്ടുജോലികൾ സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്ന് ബോളിവുഡ് നടി പ്രിയങ്കാ ചോപ്ര. വീട്ടുജോലികളെ ലിംഗഭേദവുമായി കൂട്ടിക്കെട്ടുന്നതിനോട് താൻ യോജിക്കുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. പരസ്യലോകത്തെ ഓസ്‌കാർ എന്നറിയപ്പെടുന്ന വാർഷികമേളയായ കാൻ ലയൺസ് ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു താരം.
പുരുഷനോ സ്ത്രീയോ എന്നത് പരിഗണിക്കാതെ ഓരോ മുതിർന്ന വ്യക്തിയും പഠിച്ചിരിക്കേണ്ട അടിസ്ഥാന ജീവിത നൈപുണ്യമാണ് ദൈനംദിന വീട്ടുജോലികളെന്ന് പ്രിയങ്ക പറയുന്നു. പാചകവും വീട് വൃത്തിയാക്കലും സ്ത്രീകളുടെ മാത്രം ജോലിയല്ല. ലിംഗഭേദമനുസരിച്ച് വീട്ടുജോലികൾ നൽകുന്നത് അർഥശൂന്യമാണ്. ലിംഗഭേദത്തെ മടിയുമായി കൂട്ടിക്കുഴയ്ക്കരുത് -പ്രിയങ്കാ ചോപ്ര പറഞ്ഞു. മാറുന്ന സാമൂഹിക മനോഭാവത്തെ കുറിച്ചും കാലഹപണപ്പെട്ട സ്റ്റീരിയോടൈപ്പുകൾക്കപ്പുറത്തേക്ക് നീങ്ങേണ്ടതിന്റെ ആവശ്യകതയേക്കുറിച്ചും സംസാരിക്കവെയാണ് അവർ ഇക്കാര്യങ്ങൾ പറഞ്ഞത്.
വിനോദമേഖലയെ സാങ്കേതികവിദ്യ എങ്ങനെ മാറ്റിമറിച്ചുവെന്നതിനെ കുറിച്ചും പ്രിയങ്ക സംസാരിച്ചു. ഒരുകാലത്ത് സിനിമയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള പ്രക്രിയയായിരുന്നു. എന്നാൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എല്ലാം മാറ്റിമറിച്ചു. ക്രിയേറ്റർമാർക്ക് പ്രേക്ഷകരിലേക്ക് നേരിട്ടെത്താനുള്ള മാർഗം തുറന്നുകിട്ടി. ഇതോടെ പരമ്പരാഗതമായ സിനിമാ വ്യവസായത്തെ ആശ്രയിക്കാതെ തന്നെ ആശയങ്ങൾക്ക് വിജയം കണ്ടെത്താനുള്ള അവസരം ലഭിച്ചുവെന്നും താരം പറഞ്ഞു.
'നിങ്ങളുടെ പക്കൽ ആശയമുണ്ടെങ്കിൽ അത് ഷൂട്ട് ചെയ്ത് യൂട്യൂബിൽ ഇടുക. അത് അടുത്തിടെ ഇറങ്ങിയ ഒബ്‌സഷൻ എന്ന സിനിമ പോലെയാകും. വിനോദലോകത്ത് തിളങ്ങാൻ കഴിയുന്ന അതിശയകരമായ സമയമാണ് ഇത്.' -പ്രിയങ്കാ ചോപ്ര പറഞ്ഞു.
Content Highlights: At the Cannes Lions Festival, Priyanka Chopra stated that cooking and house cleaning are essential life skills for every adult, not just women. She urged society to break outdated stereotypes and not confuse gender with laziness.