പ്രിയങ്ക ലോകം കീഴടക്കി, പക്ഷേ മകൻ ഒറ്റപ്പെട്ടു; തുറന്നുപറഞ്ഞ് അമ്മ മധു ചോപ്ര

#Lifestyle desk
പ്രിയങ്ക ചോപ്ര അമ്മ മധു ചോപ്രയ്ക്കും സഹോദരൻ സിദ്ധാർത്തിനുമൊപ്പം| ഫോട്ടോ: ANI
പ്രിയങ്ക ചോപ്ര അമ്മ മധു ചോപ്രയ്ക്കും സഹോദരൻ സിദ്ധാർത്തിനുമൊപ്പം| ഫോട്ടോ: ANI

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ആഗോളതലത്തിലുള്ള വളർച്ചയ്ക്കിടയിൽ സഹോദരൻ സിദ്ധാർത്ഥ് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് അമ്മ മധു ചോപ്ര.

പ്രിയങ്കയുടെ വിജയത്തിന് പിന്നിലെ കൊളാറ്ററൽ ഡാമേജ് ആയിരുന്നു തന്റെ മകൻ എന്ന് അവർ ഒരു അഭിമുഖത്തിൽ പറഞ്ഞു. പ്രധാന ലക്ഷ്യത്തിലേക്ക് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുമ്പോൾ അബദ്ധത്തിലോ അപ്രതീക്ഷിതമായോ സംഭവിക്കുന്ന മറ്റ് നാശനഷ്ടങ്ങൾക്കാണ് കൊളാറ്ററൽ ഡാമേജ് എന്ന പറയാറുള്ളത്. 

പ്രിയങ്കയുടെ കരിയറിന് വേണ്ടി എപ്പോഴും മകൾക്കൊപ്പം യാത്ര ചെയ്യേണ്ടി വന്നപ്പോൾ, സിദ്ധാർത്ഥ് വീട്ടിൽ തനിയെയാണ് വളർന്നതെന്ന് മധു ഓർക്കുന്നു. ആ സമയത്ത് പിതാവ് ഡോ. അശോക് ചോപ്ര ജോലി തിരക്കിലുമായിരുന്നു. കൗമാരപ്രായക്കാരനായിരുന്ന സിദ്ധാർത്ഥിന് അർഹിച്ച ശ്രദ്ധ നൽകാൻ കഴിഞ്ഞില്ല എന്നത് തന്നെ സങ്കടപ്പെടുത്തുന്നുവെന്ന് അവർ പറഞ്ഞു.

സിദ്ധാർത്ഥ് തന്റെ ജീവിതത്തിൽ ഇപ്പോഴും ദിവസവും പൊരുതുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്ന് മധു വ്യക്തമാക്കി. എങ്കിലും ദൈവം നൽകിയ അനുഗ്രഹങ്ങൾ ഓർത്ത് മുന്നോട്ട് പോകാനാണ് താൻ അവനോട് പറയാറുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.

പ്രിയങ്കയും സിദ്ധാർത്ഥും സ്വഭാവത്തിലും ജോലിരീതിയിലും വളരെയധികം വ്യത്യസ്തരാണെന്ന് മധു ചോപ്ര പറയുന്നു. തന്നെപ്പോലെ തന്നെ പ്രിയങ്കയും അതിരാവിലെ എഴുന്നേൽക്കുന്ന പ്രകൃതക്കാരിയാണ്. ജോലിയുടെ ആവശ്യകത അനുസരിച്ച് പുലർച്ചെ നാലു മണിക്ക് വരെ എഴുന്നേൽക്കാൻ പ്രിയങ്ക തയ്യാറാണെന്നും എന്നാൽ സിദ്ധാർത്ഥ് അത്ര നേരത്തെ എഴുന്നേൽക്കുന്ന സ്വഭാവക്കാരനല്ലെന്നും അവർ പറഞ്ഞു.

ഇന്ത്യൻ ആർമിയിൽ ഡോക്ടർമാരായിരുന്നു പ്രിയങ്കയുടെ മാതാപിതാക്കൾ കുട്ടികൾക്കൊപ്പം ചിലവഴിക്കുന്ന സമയം 100 ശതമാനവും അവർക്കായി മാത്രം മാറ്റിവെച്ചിരുന്നുവെന്നും, ഇതിലൂടെയാണ് കഠിനാധ്വാനത്തിന്റെയും കുടുംബബന്ധങ്ങളുടെയും പ്രാധാന്യം മക്കൾ പഠിച്ചതെന്നും മധു ചോപ്ര മുമ്പ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. 

Content Highlights: Madhu Chopra opens up about the sacrifices and struggles her son Siddharth faced while Priyanka Chopra achieved global stardom.