മെഹന്തിയും ഹല്‍ദിയും ആഘോഷമാക്കി നടി പ്രജക്ത; ദീര്‍ഘനാളത്തെ പ്രണയം, താരത്തിന്റെ വിവാഹം ഇന്ന്

നെറ്റ്ഫ്‌ലിക്‌സിന്റെ 'മിസ്മാച്ച്ഡ്' എന്ന സീരീസിലൂടെ ജനപ്രീതിയാര്‍ജിച്ച നടിയാണ് പ്രജക്ത കോലി. നീണ്ടകാലത്തെ പ്രണയത്തിന് ശേഷം നടി ഫെബ്രുവരി 25-ന് വിവാഹിതയാവുകയാണ്. നേപ്പാള്‍ സ്വദേശിയായ വൃഷാങ്ക് ഖനാല്‍ ആണ് വരന്‍. വിവാഹത്തിന് മുന്നോടിയായി നടന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ പ്രജക്ത സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. മെഹന്തി ചടങ്ങിന്റെയും ഹല്‍ദിയുടേയും ചിത്രങ്ങളാണ് നടി പുറത്തുവിട്ടത്.
യുട്യൂബറും എഴുത്തുകാരിയുമായ പ്രജക്ത പഠനകാലത്താണ് വൃഷാങ്കിനെ കണ്ടുമുട്ടുന്നത്. ബ്ലാക്ക്ബെറി മെസഞ്ചര്‍ ആപ്പിന്റെ കാലത്ത് ഒരു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടുമുട്ടുന്നത്. വര്‍ഷങ്ങളോളം ഇരുവരുടേയും പ്രണയം തുടര്‍ന്നു. വൃഷാങ്ക് പ്രജക്തയെ പ്രൊപ്പോസ് ചെയ്തുകൊണ്ട് അണിയിച്ച മോതിരം കാണിച്ചുള്ള ചിത്രം പ്രജക്ത ആരാധകരുമായി പങ്കുവെച്ചിരുന്നു.
ഹാര്‍പ്പര്‍ ഫിക്ഷന്‍ പ്രസിദ്ധീകരിച്ച പ്രജക്തയുടെ 'ടൂ ഗുഡ് ടു ബി ട്രൂ' എന്ന നോവല്‍ ബെസ്റ്റ് സെല്ലിങ് പുസ്തകങ്ങളുടെ പട്ടികയില്‍ സ്ഥാനംപിടിച്ചിരുന്നു. വരുണ്‍ ധവാന്‍, കിയാര അദ്വാനി, അനില്‍ കപൂര്‍, നീതു കപൂര്‍ തുടങ്ങിയ താരങ്ങള്‍ അണിനിരന്ന 'ജഗ് ജഗ് ജിയോ' എന്ന ചിത്രത്തിലും പ്രജക്ത അഭിനയിച്ചു.
Content Highlights: Actress Prajakta Koli`s Wedding Festivities