ചായയുടെ സുഗന്ധം എപ്പോഴും കൂടെയുണ്ടാകും; 100 മില്ലിക്ക് നൽകണം 17,000 രൂപ

#Lifestyle Desk
പ്രാഡ പുറത്തിറക്കിയ പുതിയ പെർഫ്യൂം.|Photo: pradabeauty
പ്രാഡ പുറത്തിറക്കിയ പുതിയ പെർഫ്യൂം.|Photo: pradabeauty

ട്രെൻഡിങായി പലതരം ഡ്രിങ്കുകൾ വന്നാലും ഇന്ത്യക്കാർക്ക് ചായ എപ്പോഴും ഒരു വികാരമാണ്. ചായപ്രേമികൾക്ക് വേണ്ടി പലതരം ചായകളും ഉണ്ട്. എന്നാൽ ചായ കുടിക്കുമ്പോൾ മാത്രമല്ലാതെ എപ്പോഴും ചായയുടെ ഓർമ്മകൾ കൂടെക്കൂട്ടാൻ ഒരവസരം ഒരുക്കിയിരിക്കുകയാണ് പ്രമുഖ ബ്രാൻഡായ പ്രാഡ.

‘ലെസ് ഇൻഫ്യൂഷൻസ്’ കളക്ഷന്റെ ഭാഗമായി പുറത്തിറക്കിയ പ്രാഡയുടെ ഏറ്റവും പുതിയ പെർഫ്യൂമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത്. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാവുന്ന ചായയുടെ സുഗന്ധമുള്ള പെർഫ്യൂമാണ് ചായപ്രേമികൾക്കിടയിൽ വൈറലായിരിക്കുന്നത്. ചായ, ചന്ദനം, ഏലക്കായ്, സിട്രസ് എന്നിവയുടെ വാസന ഇതിൽ ഒരുമിക്കുന്നു.

പ്രാഡയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 100 മില്ലി ബോട്ടിലിന് 190 ഡോളറാണ് (ഏകദേശം 17,000 രൂപ) വിലയിട്ടിരിക്കുന്നത്. ലോകമെമ്പാടുമുള്ള ചായപ്രേമികൾക്ക് പുതിയ സംരംഭം ഇഷ്ടപ്പെടുമെന്നാണ് പ്രാഡ കരുതുന്നത്. എന്നാൽ സാമൂഹികമാധ്യമങ്ങളിൽ ഉപയോക്താക്കൾക്കിടയിൽ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ചായ പെർഫ്യൂമിന് ലഭിക്കുന്നത്.

ചിലർ ഇത് ഉപയോഗിക്കാൻ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ചായയുടെ ഗന്ധത്തെ അംഗീകരിക്കാൻ ചിലർക്ക് സാധിച്ചിട്ടില്ല. ചായ കുടിക്കാൻ ഇഷ്ടമാണെങ്കിലും ദിവസം മുഴുവൻ ചായയുടെ ഗന്ധം പരത്താൻ ആഗ്രഹിക്കുന്നില്ല എന്നാണ് ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടത്. ചിലപ്പോൾ ഇത് ഒരു തമാശ മാത്രമായിരിക്കും എന്ന് കമന്റുകളുണ്ട്. ചായ പെർഫ്യൂം ഹിറ്റായാലും ഇല്ലെങ്കിലും ഇന്ത്യ ലോകോത്തര ഫാഷൻ ബ്രാൻഡുകൾക്ക് പ്രചോദനമാകുന്നുണ്ടെന്ന് ഇത്‌ സൂചിപ്പിക്കുന്നു.

Content Highlights: Discover Prada`s unique tea-infused perfume, a blend of chai, sandalwood, cardamom, and citrus. Perfect for tea enthusiasts looking to carry their favorite scent.