'പണമുണ്ടെങ്കില്‍ എന്തൊക്കെ വാങ്ങാം?'; ഞെട്ടിക്കുന്ന വിലയില്‍ സേഫ്റ്റി പിന്‍ ഇറക്കി പ്രാഡ, സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

നിത്യ ജീവിതത്തില്‍ സേഫ്റ്റി പിന്‍ ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല. പല അത്യാവശ്യഘട്ടങ്ങളിലും സഹായിയായി എത്തുന്നതും ഇതേ സേഫ്റ്റി പിന്‍ ആയിരിക്കും. പത്ത് മുതല്‍ ഇരുപത് രൂപ വരെയാണ് സാധാരണ ഒരു സെയ്ഫ്റ്റി പിന്‍ പാക്കറ്റിന്റെ വില. ഡിസൈനുള്ളതാണെങ്കില്‍ വിലയില്‍ വ്യത്യാസം വരാം. എന്നാല്‍ 69,000 രൂപയുള്ള പ്രാഡയുടെ സേഫ്റ്റി പിന്നാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
ഫാഷന്‍ ലോകത്തെ പ്രമുഖ കമ്പനികളില്‍ ഒന്നായ പ്രാഡയാണ് സേഫ്റ്റി പിന്നിന്റെ വില പറഞ്ഞ് ആളുകളെ ഞെട്ടിച്ചത്. ആഡംബര വസ്തുക്കള്‍ വലിയ വിലയില്‍ വില്‍ക്കുന്നത് കാണാമെങ്കിലും വളരെ സാധാരണമായ ഒരു സേഫ്റ്റി പിന്നിന് പ്രാഡ ഇത്രയും വിലയിടുമെന്ന് ആരും ചിന്തിച്ചുകാണില്ല. അമ്മമാരുടെ കൈയ്യില്‍ കാണുന്ന പിന്‍ ഒന്ന് കാണാതായാലും ആരും പരിഭവം പറയാറില്ല. എന്നാല്‍ പ്രാഡയുടെ 69,000 രൂപയുടെ സേഫ്റ്റി പിന്‍ വാങ്ങിയാല്‍ അതിന്റെ കൂടെ ഇന്‍ഷൂറന്‍സ് കൂടി എടുക്കേണ്ടി വരും.
വജ്രങ്ങള്‍, അമൂല്യമായ രത്‌നങ്ങള്‍ എന്നിവ പതിപ്പിച്ച ചില പിന്നുകള്‍ക്ക് ലക്ഷങ്ങള്‍ വില വരാറുണ്ട്. എന്നാല്‍ രണ്ട് നിറത്തിലുള്ള നൂലിന്റെ നെയ്ത്ത് വരുന്ന ഗോള്‍ഡണ്‍ പിന്നിനാണ് പ്രാഡ ഇത്രയും മൂല്യമിട്ടിരിക്കുന്നത്. ബ്ലാക്ക് സ്വാന്‍ സാസി എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവ് പ്രാഡയുടെ പിന്നിനെ തമാശയാക്കി പോസ്റ്റിട്ടു. പണക്കാരോട് പണം കൊണ്ട് നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നത്? നിങ്ങള്‍ക്കറിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് അറിയാം എന്നും വീഡിയോയില്‍ പറയുന്നുണ്ട്.
പ്രാഡയുടെ വ്യത്യസ്തമായ പിന്നിനെക്കുറിച്ച് ആളുകള്‍ പല തരത്തിലാണ് പ്രതികരിക്കുന്നത്. തന്റെ മുത്തശ്ശിക്ക് ഇതിലും നന്നായി ചെയ്യാന്‍ കഴിയും എന്നാണ് ഒരു ഉപയോക്താവ് പറഞ്ഞത്. തനിക്ക് തന്നെ ഇത് നിര്‍മ്മിക്കാന്‍ സാധിക്കും എന്നും ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു. നിലവില്‍ പ്രാഡയുടെ പിന്‍ വാങ്ങാനുള്ള ലിങ്ക് പ്രവര്‍ത്തിക്കുന്നില്ല.
Content Highlights: Discover the shocking price of Prada`s designer safety pin, sparking debate online.