കോലാപുരി ചെരുപ്പുകള്‍ തന്നെയാണ് പ്രചോദനം; ഒടുവില്‍ തെറ്റ് സമ്മതിച്ച് പ്രാഡ

ഒടുവില്‍ തെറ്റ് സമ്മതിച്ച് ഇറ്റാലിയന്‍ ആഡംബര ഫാഷന്‍ ബ്രാന്‍ഡായ പ്രാഡ. മിലാനില്‍ നടന്ന ഫാഷന്‍ വീക്കിലെ സ്പ്രിങ്/ സമ്മര്‍ 2026 ഷോയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെരുപ്പുകള്‍ ഇന്ത്യയിലെ പരമ്പരാഗതമായ കോലാപുരി പാദരക്ഷകളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മിച്ചതെന്ന് പ്രാഡ വ്യക്തമാക്കി. കോലാപുരി നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ഈ വിഷയത്തില്‍ മഹാരാഷ്ട്ര ചേംബര്‍ ഓഫ് കൊമേഴ്‌സുമായും ഇന്‍ഡസ്ട്രി ആന്റ് അഗ്രികള്‍ച്ചറുമായും ബന്ധപ്പെട്ടിരുന്നുവെന്നും പ്രാഡ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
മറ്റ് ബ്രാന്‍ഡുകളില്‍ നിന്ന് പ്രാഡയെ മികച്ചതാക്കുവാനായി വിവിധ രാജ്യങ്ങളിലെ പരമ്പരാഗത കരകൗശല വസ്തുക്കളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഉത്പന്നങ്ങള്‍ നിര്‍മിക്കാറുണ്ടെന്നും അത്തരത്തില്‍ കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ളവ നിര്‍മിക്കുകയായിരുന്നുവെന്നും പ്രാഡ വ്യക്തമാക്കുന്നു. ഈ ചെരുപ്പുകളുടെ നിര്‍മാണം തുടങ്ങിയിട്ടില്ലെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.
ഫാഷന്‍ വീക്കില്‍ കോലാപുരി ചെരുപ്പുകളോട് സാമ്യമുള്ള പാദരക്ഷകള്‍ അവതരിപ്പിച്ചതിനെ തുടര്‍ന്ന് പ്രാഡ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. പ്രതിഷേധവുമായി കരകൗശല വിദഗ്ധരും രംഗത്തെത്തിയിരുന്നു. പ്രാഡ ഭൗമസൂചിക പദവി (ജിഐ) അവകാശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് കരകൗശല വിദഗ്ധര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനെ കാണുകയും ചെയ്തിരുന്നു.
പ്രാഡ പ്രൊമോട്ട് ചെയ്യുന്ന ചെരിപ്പുകളുടെ വില ഒരു ജോഡിക്ക് 1.7 ലക്ഷം മുതല്‍ 2.10 ലക്ഷം വരെയാണ്. ഫാഷന്‍ വീക്കില്‍ അവതരിപ്പിച്ച 56 ലുക്കുകളില്‍ കുറഞ്ഞത് ഏഴെണ്ണത്തിലെങ്കിലും മോഡലുകള്‍ കോലാപുരി ചെരുപ്പ് ധരിച്ചിരുന്നു. എന്നാല്‍ ഇന്ത്യയെയോ ഇവിടുത്തെ കരകൗശല വിദഗ്ദ്ധരെയോ പ്രാഡ എവിടേയും പ്രതിപാദിച്ചിരുന്നില്ല.
പ്രത്യേക ഡിസൈനിലുണ്ടാക്കുന്ന തുകല്‍ ചെരുപ്പുകളാണ് കോലാപുരി. കോലാപുരിലും പരിസര ജില്ലകളായ സാംഗ്ലി, സത്താറ, സോലാപുര്‍ എന്നിവിടങ്ങളിലും ഇവ കൈകൊണ്ട് നിര്‍മിക്കുന്ന ഒട്ടേറെ പരമ്പരാഗതകരകൗശല വിദഗ്ധരുണ്ട്.
Content Highlights: prada finally gives kolhapuris their due