വിവാഹനാളിൽ ധൂം 2-ലെ പാട്ടിന് കിടിലൻ ചുവടുവെച്ച് പോർച്ചുഗീസ് യുവാവ്; കമന്റിട്ട് സാക്ഷാൽ ഹൃത്വിക് റോഷൻ

ധൂം എഗെയ്ൻ എന്ന ഗാനത്തിന് ചുവടുവെക്കുന്ന പോർച്ചുഗീസ് യുവാവ് | Photos: Screen grabs / instagram
ധൂം എഗെയ്ൻ എന്ന ഗാനത്തിന് ചുവടുവെക്കുന്ന പോർച്ചുഗീസ് യുവാവ് | Photos: Screen grabs / instagram

പോര്‍ച്ചുഗീസിലെ ഒരു വിവാഹത്തിനിടെ വരനും കൂട്ടുകാരും ചേര്‍ന്ന് അവതരിപ്പിച്ച കിടിലന്‍ നൃത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ധൂം 2 എന്ന ചിത്രത്തിലെ ധൂം എഗെയ്ന്‍ എന്ന ഗാനത്തിനാണ് യുവാവ് ചുവടുവെച്ചത്. ചിത്രത്തിലെ ഹൃത്വിക് റോഷന്റെ പ്രകടനത്തോട് കിടപിടിക്കുന്നത്ര ഊര്‍ജ്ജസ്വലമായിരുന്നു യുവാവിന്റെ ചുവടുകള്‍. 

ഇന്‍സ്റ്റഗ്രാമിലാണ് ഇതിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. വൈകാതെ ഇന്ത്യക്കാര്‍ വീഡിയോ ഏറ്റെടുത്തു. എക്കാലത്തേയും സൂപ്പര്‍ഹിറ്റുകളിലൊന്നായ ധൂം 2-ലെ ഗാനത്തിന് ഒരു വിദേശി ചുവടുവെച്ചാല്‍ ചലച്ചിത്ര പ്രേമികള്‍ ഏറ്റെടുക്കാതിരിക്കില്ലല്ലോ.

'വെള്ളക്കാരനായ ചെറുക്കന്‍ തവിട്ടുനിറമുള്ള പെണ്ണിനെ വിവാഹം ചെയ്യുമ്പോള്‍...' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

യഥാര്‍ഥത്തില്‍ ഈ ഗാനരംഗത്തില്‍ നൃത്തം ചെയ്ത സാക്ഷാല്‍ ഹൃത്വിക് റോഷനും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തു. 'ഇഷ്ടപ്പെട്ടു' എന്ന ഒറ്റവാക്കും തീനാളത്തിന്റെ ഇമോജിയുമാണ് ഹൃത്വിക് കമന്റ് ചെയ്തത്. താരത്തിന്റെ കമന്റിന് 91,000-ത്തിലേറെ ലൈക്കുകളാണ് ലഭിച്ചത്. വീഡിയോയ്ക്ക് പത്ത് ലക്ഷത്തിലേറെ ലൈക്കുകളും ആയിരക്കണക്കിന് കമന്റുകളും ലഭിച്ചു. 

സൂപ്പര്‍ഹിറ്റ് ചിത്രമായ ധൂമിന്റെ രണ്ടാം ഭാഗമായ ധൂം 2 എന്ന ചിത്രം 2006-ലാണ് പുറത്തിറങ്ങിയത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ ആദിത്യ ചോപ്ര നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് സഞ്ജയ് ഗാധ്വിയാണ്. ഹൃത്വിക് റോഷനൊപ്പം അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, ബിപാഷ ബസു, ഉദയ് ചോപ്ര, എന്നിവരും പ്രധാനവേഷങ്ങളിലെത്തി. പ്രീതം ചക്രവര്‍ത്തിയാണ് ചിത്രത്തിലെ ഗാനങ്ങളൊരുക്കിയത്. 
 

Content Highlights: Groom surprises bride with Dhoom Again dance. Hrithik Roshan reacts to viral video