'മരിക്കില്ലല്ലോ എന്ന് കരുതി'; ബിഗ് ബോസ് ഷോയ്ക്കിടെയുണ്ടായ ആരോഗ്യഭീതി വെളിപ്പെടുത്തി പൂജ ഭട്ട്

ബിഗ് ബോസ് ഒടിടി സീസൺ 2 റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരിക്കെ തന്റെ സ്തനത്തിൽ ഒരു മുഴ കണ്ടെത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടി പൂജ ഭട്ട്. സൈറസ് ബ്രോച്ചയുമായുള്ള അഭിമുഖത്തിലാണ് പൂജ അനുഭവം പങ്കുവെച്ചത്.
ഷോയുടെ രണ്ടാം ആഴ്ചയിൽ, ബാത്ത്റൂം ക്ലീനിങ് ഡ്യൂട്ടിക്ക് ശേഷം കുളിക്കാൻ പോയപ്പോഴാണ് ആദ്യമായി ഈ മുഴ ശ്രദ്ധയിൽപ്പെട്ടതെന്ന് പൂജ പറയുന്നു. "ഞാൻ കുളിക്കാൻ കയറിയപ്പോഴാണ് സ്തനത്തിൽ ഒരു മുഴയുള്ളതായി ശ്രദ്ധിച്ചത്. ഇതൊരുപക്ഷേ ഹോർമോൺ വ്യതിയാനം മൂലമുള്ളതായിരിക്കാം. അല്ലെങ്കിൽ അവിടെ ധാരാളം പ്രാണികൾ ഉണ്ടായിരുന്നതുകൊണ്ട് ഏതെങ്കിലും പ്രാണികൾ കടിച്ചതാകാം എന്നാണ് ആദ്യം കരുതിയത്. പരിഭ്രാന്തരാകേണ്ടതില്ലെന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു’- പൂജ പറഞ്ഞു.
തുടർന്നുവന്ന ആഴ്ചയിലും ഈ മുഴ അപ്രത്യക്ഷമാവുകയോ വേദന ഉണ്ടാക്കുകയോ ചെയ്തില്ലെന്ന് താരം പങ്കുവെച്ചു. "ആ ആഴ്ച കടന്നുപോയി, മുഴയുടെ വലുപ്പത്തിൽ മാറ്റമൊന്നുമുണ്ടായില്ല, വേദനയുമില്ലായിരുന്നു. അങ്ങനെ ഞങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടന്നു. ഇതോടെ ഇത് കാൻസർ ആയിരിക്കാമെന്ന് ഞാൻ ചിന്തിക്കാൻ തുടങ്ങി. അങ്ങനെയാണെങ്കിൽ തന്നെ ഞങ്ങൾ ആറ് ആഴ്ചയാണ് ഇവിടെയുള്ളത്. ആറ് ആഴ്ചയ്ക്കുള്ളിൽ ഞാൻ മരിക്കില്ലല്ലോ എന്നും ഞാൻ കരുതി," അവർ കൂട്ടിച്ചേർത്തു.
പിന്നീട് ഷോയുടെ കാലാവധി നീട്ടിയപ്പോൾ തനിക്ക് വൈദ്യസഹായം വേണമെന്ന് പൂജ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഒരു ഡോക്ടർ വന്ന് പരിശോധിക്കുകയും ഉടൻ തന്നെ സ്കാനിങ് നടത്താൻ നിർദ്ദേശിക്കുകയും ചെയ്തു. "ഒരു മികച്ച ഡോക്ടറെയാണ് അവർ അയച്ചത്. എന്നെ പരിശോധിച്ച ശേഷം അവർ പറഞ്ഞു, 'നിങ്ങൾ ഇപ്പോൾ തന്നെ പോയി ഒരു മാമോഗ്രഫി ചെയ്യണം'. തൊട്ടടുത്ത ദിവസം രാവിലെ... അവർ എന്നെ കോകിലാബെൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്റെ കണ്ണുകൾ കെട്ടിയാണ് ബിഗ് ബോസ് വീടിന് പുറത്തേക്ക് കൊണ്ടുപോയത്. ഒരു ഗ്യാങ്സ്റ്ററെപ്പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്," പൂജ പറയുന്നു.
തുടർന്ന് നടത്തിയ സോണോഗ്രഫി പരിശോധനയിലാണ് ഇത് കാൻസർ അല്ലെന്ന് സ്ഥിരീകരിച്ചത്.
ശ്രദ്ധിക്കുക: പൊതുവിവരങ്ങളെയും ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് ഈ റിപ്പോർട്ട്. ആരോഗ്യപരമായ കാര്യങ്ങളിൽ എപ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തേടുക.
Content Highlights: Actress Pooja Bhatt revealed that she suffered a major health scare during her time on Bigg Boss OTT Season 2 after discovering a lump in her breast, which she feared was cancer until immediate medical tests at a hospital confirmed it was non-cancerous.