അശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയ് അറസ്റ്റിലായി, യുവതിക്ക് പിസ എത്തിച്ചുകൊടുത്ത് പോലീസ്

പോലീസ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: x/ @TempePolice
പോലീസ് എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ നിന്ന്‌ | Photo: x/ @TempePolice

ഭക്ഷണം കൊണ്ടുവരുന്നതിനിടയില്‍ ഡെലിവെറി ബോയ് പോലീസിന്റെ പിടിയില്‍ അകപ്പെട്ടാല്‍ എന്തു ചെയ്യും?. പോലീസ് ഭക്ഷണമെത്തിച്ചു കൊടുക്കും എന്നാകും യുഎസിലെ ടെംപേയിലുള്ളവര്‍ പറയുക. കാരണം മറ്റൊന്നുമല്ല. അങ്ങനെ ഒരു സംഭവം അടുത്തിടെ നടന്നു.

ഭക്ഷണ വിതരണത്തിന് പോകുന്നതിനിടയില്‍ അശ്രദ്ധമായി വാഹനമോടിച്ച ഡെലിവെറി ബോയിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ ഓര്‍ഡര്‍ ചെയ്ത ആ ഭക്ഷണം പാഴാക്കാന്‍ പോലീസിന്റെ മനസ് സമ്മതിച്ചില്ല. അവര്‍ അത് ഓര്‍ഡര്‍ ചെയ്ത മേല്‍വിലാസത്തില്‍ എത്തിച്ചുകൊടുത്തു. ഇതിന്റെ വീഡിയോ ടെംപേ പോലീസ് തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിട്ടുണ്ട്. 

കോളിങ് ബെല്‍ കേട്ട് ഒരു യുവതി വാതില്‍ തുറക്കുന്നതും പിസയുമായി വന്ന പോലീസുകാരെ കണ്ട് അവര്‍ ഞെട്ടുന്നതും വീഡിയോയില്‍ കാണാം. അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഡെലിവറി ബോയിയെ അറസ്റ്റ് ചെയ്‌തെന്നും അതിനാല്‍ പിസ ഉടമസ്ഥയ്ക്ക് നല്‍കാനായി എത്തിയതാണെന്നും പോലീസ് യുവതിയോട് പറഞ്ഞു. ഇതിന് യുവതി നന്ദി പറയുന്നതും വീഡിയോയില്‍ കാണാം. തനിക്ക് പിസ ഏറെ ഇഷ്ടമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. 


 

Content Highlights: police deliver pizza after arresting delivery agent for reckless driving