കെയ്ക്ക് റെഡി.. മട്ടൻ, ബീഫ്, ഫിഷ്, വെജിറ്റബിൾ, ചീസ് എന്നിവ ചേരുവകൾ; ‘ഹാപ്പി ബെർത്ത് ഡേ പെറ്റ്’

"ഹാപ്പി ബെർത്ത് ഡേ ഹൂച്ച്..." സെപ്റ്റംബറിൽ ഹൂച്ചിന്റെ ബെർത്ത് ഡേ കെയ്ക്ക് മുറിക്കുമ്പോൾ ആഘോഷത്തിൽ പങ്കുചേർന്ന് അരികിൽ ബെയ്ലിയും ടാൻഗോയും താ രയുമൊക്കെയുണ്ടായിരുന്നു. സെപ്റ്റംബറിലെ 'ബെർത്ത് ഡേ ബോയ് ഹൂച്ച് ആയിരുന്നെങ്കിൽ ഒക്ടോബറിലെ 'ബെർത്ത് ഡേ ഗേൾ' ബെയ്ലിയായിരുന്നു. നവംബറിൽ ഇനി താരയുടെ ബെർത്ത് ഡേ കെയ്ക്ക് മുറിച്ച് അടിപൊളിയാക്കാൻ കാത്തിരിക്കുകയാണ് ഹൂച്ചും കൂട്ടുകാരും. മനുഷ്യരെപ്പോലെ ജന്മദിനം ആഘോഷിക്കാൻ അരുമമൃഗങ്ങൾക്കും അവസരമൊരുക്കുന്ന ട്രെൻഡ് കൂടിവരുകയാണ്.
എറണാകുളം തൃപ്പൂണിത്തുറയിലെ ഹൂച്ച് ആൻഡ് ബെയ്ലി ബാർക്കറി ഇപ്പോൾ നായകളു ടെയും പൂച്ചകളുടെയുമൊക്കെ ജന്മദിനം ആഘോഷിക്കാനുള്ള കെയ്ക്കുകൾ ഒരുങ്ങുന്ന ഇടമാണ്. ജയലക്ഷ്മി ദീപക് നടത്തുന്ന ഈ ബാർക്കറി പോലെ കേരളത്തിൽ പലയിടങ്ങളിലും അരുമ മൃഗങ്ങളുടെ ബെർത്ത് ഡേ കെയ്ക്ക് നിർമാണം നടക്കുന്നുണ്ട്. നായയുടെ കുര എന്ന അർഥത്തിലാണ് ബാർക്കറി എന്ന പേര് ഇവർ സ്ഥാപനത്തിനിട്ടത്. മാസത്തിൽ 60-ലേറെ കെയ്ക്കുകൾ പെറ്റുകളുടെ ജന്മദിനാഘോഷത്തിനായി ആളുകൾ വാങ്ങിക്കൊണ്ടുപോകുന്നുണ്ടെന്നാണ് ജയലക്ഷ്മിയുടെ ബാർക്കറിയിലെ കണക്ക്.
ബോക്സർ ഇനമായ ഹൂച്ച്, ബെയ്ലി എന്ന നായകളുള്ള ജയലക്ഷ്മി നാടൻ ഇനമായ താര, ജർമൻ ഷെപ്പേർഡ് ഇനമായ ടാൻഗോ എന്നീ നായകളെയും വളർത്തുന്നുണ്ട്. മനുഷ്യരെപ്പോലെ നായകളുടെയും ബെർത്ത് ഡേ ആഘോഷിക്കണമെന്ന ആഗ്രഹത്തിലാണ് ജയലക്ഷ്മി ഹൂച്ചിന്റെയും കൂട്ടുകാരുടെയും ജന്മദിനത്തിന് കെയ്ക്ക് നിർമിച്ചത്. പിന്നീട് മറ്റു പലരും അവരുടെ അരുമമൃഗങ്ങളുടെ ജന്മദിനത്തിന് കെയ്ക്ക് ആവശ്യപ്പെടാൻ തുടങ്ങി.
ഓരോരുത്തരുടെയും നായയും പൂച്ചയും കഴിക്കുന്ന ഭക്ഷണം എന്തെന്നു ചോദിച്ചു മനസ്സിലാക്കിയാണ് അതിനുപറ്റിയ പെറ്റ് കെയ്ക്കുകൾ തയ്യാറാക്കുന്നത്. അരിക്കൊപ്പം ചിക്കൻ, മട്ടൻ, ബീഫ്, ഫിഷ്, വെജിറ്റബിൾ, ചീസ്, ആപ്പിൾ തുടങ്ങിയവയൊക്കെയാണ് കെയ്ക്കിലെ ചേരുവകൾ.
Content Highlights: Discover the growing trend of pet birthday celebrations in Kerala.