രണ്ടുകുഞ്ഞുങ്ങളെ പ്രസവിച്ചു, ഒരു മിസ്ക്യാരേജ് നടന്നു, എന്നിട്ടും ശക്തയായി നിൽക്കുന്നു -പേളി മാണി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
പേളി മാണി | ഫോട്ടോ: അരുൺ പയ്യടിമീത്തൽ \ മാതൃഭൂമി
പേളി മാണി | ഫോട്ടോ: അരുൺ പയ്യടിമീത്തൽ \ മാതൃഭൂമി

പ്രസവശേഷമുള്ള സ്ത്രീകളുടെ ശരീരപ്രകൃതിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി നടിയും വ്ലോഗറും അവതാരകയുമായ പേളി മാണി. താൻ സ്വന്തം ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നുവെന്ന് അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു. മാറ്റങ്ങൾ അഭിമാനത്തോടെയാണ് കാണുന്നതെന്നും ചിത്രങ്ങൾക്കും വീഡിയോകൾക്കുമൊപ്പം അവർ കുറിച്ചു. പോസ്റ്റിന് മറുപടിയായി നടി ഷോൺ റോമി എഴുതിയ കുറിപ്പും ശ്രദ്ധ നേടുകയാണ്.

‘ബോഡി ഷെയ്മിങ് എന്നത് ഒരു സാധാരണ കാര്യമാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം മൗനം പാലിക്കാമെന്ന് പേളി മാണി പറഞ്ഞു. ’"ശരീരത്തെ പരിഹസിക്കുന്നത് സ്വാഭാവികമായ ഒന്നാണെന്ന് കരുതുന്നവർക്കായി ഒരു നിമിഷം നമുക്ക് മൗനം പാലിക്കാം. എന്നാൽ അത് ഒട്ടും ശരിയല്ല, ഒരിക്കലും ശരിയാവുകയുമില്ല. ഞാൻ എന്റെ ശരീരത്തെ അത്രമേൽ സ്നേഹിക്കുന്നു. രണ്ട് പ്രസവങ്ങളും ഒരു മിസ്കാരിജും അതിജീവിച്ച എന്റെ ഈ ശരീരം, മുൻപത്തേക്കാൾ കരുത്തോടെ ഇന്നും നിലകൊള്ളുന്നു."– പേർളി മാണിയുടെ വാക്കുകൾ.

നിന്റെ ശരീരം ശക്തമായ ഒരു കഥയാണ് പറയുന്നതെന്നും അത് യഥാർത്ഥമായി അഭിനന്ദിക്കാനുള്ള കഴിവ് ഈ ലോകത്തിന് ഉണ്ടായിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചുപോകുന്നുവെന്നുമാണ് ഷോൺ റോമി കമന്റ് ചെയ്തത്. "സ്ത്രീകൾക്കുള്ള കരുത്തിനെക്കുറിച്ച് ലോകം ബോധവാന്മാരാവുകയും, അവർക്ക് ചെയ്യാൻ കഴിയുന്ന എല്ലാ കാര്യങ്ങൾക്കും അവരെ സ്നേഹിക്കുകയും ചെയ്തിരുന്നെങ്കിൽ! കഴിഞ്ഞ 17 വർഷമായി എനിക്ക് നിന്നെ അറിയാം. ജീവിതത്തിലെ ഉയർച്ച താഴ്ചകളിലെല്ലാം നിന്റെ നിഴലായി കൂടെയുണ്ടായിരുന്നു. നീ ഓരോ ഘട്ടത്തിലും സ്വയം മാറുന്നതും, പ്രതിസന്ധികളെ കരുത്തോടെ നേരിടുന്നതും, ജീവിതം എറിഞ്ഞു തന്ന എല്ലാ വെല്ലുവിളികൾക്കും ശേഷം കൂടുതൽ ശക്തയായി തിരിച്ചുവരുന്നതും ഞാൻ നോക്കി നിന്നിട്ടുണ്ട്.

നീ ലോകത്തെ വിനോദിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ഉത്തേജിപ്പിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ. നിന്റെ ഓരോ ചുവടിലും നിരുപാധികമായ സ്നേഹവും പിന്തുണയും നീ അർഹിക്കുന്നുണ്ട്. ഇനിയും എല്ലാ തടസ്സങ്ങളെയും തകർത്തെറിഞ്ഞ് മുന്നേറാൻ നിനക്ക് കഴിയട്ടെ." ഷോൺ റോമി കുറിച്ചു. "ബേബി, നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ്. നീ എന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയായതിൽ ഞാൻ ഭാഗ്യവതിയാണ്" എന്നാണ് പേളി മറുപടി നൽകിയത്.

'ഹീലിങ് ഫ്രം വിത്തിൻ' എന്ന ഹാഷ്‌ടാഗോടെയാണ് പേളി കുറിപ്പ് പോസ്റ്റ് ചെയ്തത്. താരത്തിന്റെ നിലപാടിനെ പിന്തുണച്ച് നിരവധി ആരാധകരും സഹപ്രവർത്തകരും പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്.

Content Highlights: Pearle Maaney speaks out against body shaming postpartum. She embraces her body`s changes with pride after two pregnancies & a miscarriage. See her powerful message.