'സിനിമയും ടെലിവിഷനും തരുന്നതിനേക്കാള്‍ മൂന്നിരട്ടി പ്രതിഫലം ഫാമിലി വ്‌ളോഗിലൂടെ ലഭിക്കുന്നു'-നടന്‍ പര്‍മീത് സേഥി

യുട്യൂബ് ചാനലില്‍ പങ്കുവെയ്ക്കുന്ന വ്‌ളോഗിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കുന്ന ഒട്ടേറെപ്പേരുണ്ട്. സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണവും വീഡിയോ വ്യൂസുമെല്ലാമാണ് ഇവരുടെ വരുമാനത്തെ നിശ്ചയിക്കുന്നത്. ഇത്തരത്തില്‍ യുട്യൂബ് വ്‌ളോഗിലൂടെ പണം സമ്പാദിക്കുന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് നടന്‍ പര്‍മീത് സേഥി. പര്‍മീതിനൊപ്പം ഭാര്യയും നടിയുമായ അര്‍ച്ചന പുരന്‍ സിങ്, മക്കളായ ആയുഷ്മാന്‍, ആര്യമാന്‍, ആര്യമാന്റെ പ്രതിശ്രുത വധു യോഗിത ബിഹാനി എന്നിവരെല്ലാം പ്രത്യക്ഷപ്പെടുന്ന ഈ യുട്യൂബ് ചാനലിന്റെ പേര് 'ആപ് കാ പരിവാര്‍' എന്നാണ്.
ഇതില്‍ മിക്കപ്പോഴും കുടുംബ വ്‌ളോഗുകളാണ് ഇവര്‍ പങ്കുവെയ്ക്കാറുള്ളത്. സിനിമയും ടെലിവിഷനിലെ പരിപാടികളും ചേര്‍ന്ന് നല്‍കുന്നതിനേക്കാള്‍ മൂന്നിരട്ടിയിലധികം പ്രതിഫലം ഈ വ്‌ളോഗുകള്‍ നല്‍കുന്നുണ്ടെന്ന് പര്‍മീത് സേഥി പറയുന്നു. 'നിങ്ങളുടെ ജീവിതം മുഴുവന്‍ ആളുകള്‍ക്ക് മുന്നില്‍ നിങ്ങള്‍ അവതരിപ്പിക്കുകയാണ്. അത് എല്ലാവര്‍ക്കും പറ്റിയ ജോലിയല്ല. അങ്ങനെ ചെയ്യാന്‍ നാണമോ, മറ്റുള്ളവരെക്കുറിച്ചുള്ള വേവലാതിയോ, ഭയമോ ഉണ്ടാകരുത്. ആളുകളുടെ പ്രതികരണങ്ങള്‍ നിങ്ങളെ ബാധിച്ചേക്കാം. ഇതൊരു ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി പോലെയാണ്. ഞങ്ങളുടെ ജീവിതകാലം മുഴുവന്‍ യൂട്യൂബ് ഞങ്ങളുടെ പ്രീമിയം അടച്ചുകൊണ്ടിരിക്കും.'-പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പര്‍മീത് പറയുന്നു.
വ്‌ളോഗിങ്ങ് കരിയറാക്കിയാല്‍ അതിന്റേതായ ഗുണങ്ങളും ദോഷങ്ങളുമുണ്ടെന്നും പര്‍മീത് കൂട്ടിച്ചേര്‍ത്തു. പൂര്‍ണ്ണമായ അഭിപ്രായ സ്വാതന്ത്ര്യവും തങ്ങളായിത്തന്നെ ജീവിക്കാനുള്ള അവസരവുമാണ് ഇതിന്റെ ഗുണങ്ങള്‍. മറുവശത്ത് പൊതുജനങ്ങള്‍ക്ക് കാണാനായി തങ്ങളുടെ ജീവിതം തുറന്നുകാട്ടുമ്പോള്‍ പല തരത്തിലുള്ള ട്രോളുകളുണ്ടാകും. അതിനെ മറികടക്കാനുള്ള കരുത്ത് നമുക്കുണ്ടാകണമെന്നും അദ്ദേഹം പറയുന്നു.
അര്‍ച്ചന പുരന്‍ സിങ്ങുമായുള്ള വിവാഹത്തെ കുറിച്ചും പര്‍മീത് സേഥി മനസ് തുറന്നു. അന്നത്തെ കാലത്ത് വിവാഹിതരായ നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അതുകൊണ്ട് തന്നെ തനിക്കും അര്‍ച്ചനയ്ക്കും വിവാഹം വളരെക്കാലം രഹസ്യമായി സൂക്ഷിക്കേണ്ടി വന്നുവെന്നും പര്‍മീത് പറയുന്നു.
'വിവാഹക്കാര്യം ഞങ്ങള്‍ ആരോടും പറഞ്ഞിരുന്നില്ല. കാരണം വിവാഹം കഴിഞ്ഞാല്‍ നടിമാര്‍ക്ക് അവസരങ്ങള്‍ ലഭിക്കാത്ത കാലമായിരുന്നു അത്. ഇന്നത്തെപ്പോലെയല്ലയ ഇപ്പോള്‍ നിങ്ങള്‍ കാജോളിനെയും ദീപികയെയും ആലിയയെയും ജോലി ചെയ്യുന്നത് കാണുന്നുണ്ടല്ലോ. അര്‍ച്ചന ആര്യമാനെ ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഞങ്ങള്‍ വിവാഹം കഴിഞ്ഞ കാര്യം പരസ്യമാക്കിയത്.' പര്‍മീത് വ്യക്തമാക്കുന്നു.
Content Highlights: parmeet sethi on earning from vlogging with archana puran singh