ആദ്യ കൂടിക്കാഴ്ചയിൽ തന്നെ വിവാഹത്തേക്കുറിച്ച് ചിന്തിച്ചു,രാഷ്ട്രീയക്കാരനെ പ്രണയിച്ച കഥപറഞ്ഞ് പരിണീതി

പരിണീതി ചോപ്രയും ഭര്‍ത്താവ് രാഘവ് ചദ്ദയും.|Photo credit:@ParineetiChopra/X
പരിണീതി ചോപ്രയും ഭര്‍ത്താവ് രാഘവ് ചദ്ദയും.|Photo credit:@ParineetiChopra/X

ലണ്ടനില്‍ ബ്രിട്ടീഷ് കൗണ്‍സില്‍ സംഘടിപ്പിച്ച അവാര്‍ഡ് ചടങ്ങില്‍ ആരംഭിച്ച ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും നയിച്ചതെങ്ങനെ എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ബോളിവുഡ് താരം പരിണീതി ചോപ്ര. 'ദ ഗ്രെയിറ്റ് കപില്‍ ഷോ' എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു പരിണീതിയും ഭര്‍ത്താവ് രാഘവ് ചദ്ദയും. ദീര്‍ഘകാലത്തെ ഡേറ്റിങിന് ശേഷമാണ് പരിണീതിയും ആം ആദ്മി നേതാവ് രാഘവ് ചദ്ദയുമായുള്ള വിവാഹം കഴിഞ്ഞത്. 

രാഘവിന്റെ കടുത്ത ആരാധകരായ പരിണീതിയുടെ സഹോദരങ്ങള്‍ അവാര്‍ഡ് ചടങ്ങില്‍ രാഘവിനെ കണ്ടയുടനെത്തന്നെ പരിചയപ്പെടാന്‍ നിര്‍ബന്ധിച്ചു. തൊട്ടു പുറകിലുള്ള ഇരിപ്പിടത്തില്‍ രാഘവിനെ കണ്ടപ്പോള്‍ ഡല്‍ഹിയില്‍ തിരിച്ചെത്തുമ്പോള്‍ ഒത്തുചേരാം എന്ന നിര്‍ദേശം മുന്നോട്ട് വെച്ചത് പരിണീതിയായിരുന്നു. കിട്ടിയ അവസരം പാഴാക്കാതെ തൊട്ടടുത്ത ദിവസം തന്നെ രാഘവ് പരിണീതിയെ പ്രഭാത ഭക്ഷണത്തിനായി ക്ഷണിച്ചു.

പരിണീതിയുടെ കൂടെ വന്ന അഞ്ചാളുകളും രാഘവിന്റെ ഒപ്പമുണ്ടായിരുന്ന രണ്ടാളുകളേയും ചേര്‍ത്ത് അന്ന് ഒരു മേശയ്ക്ക് ചുറ്റും പന്ത്രണ്ടോ പതിനഞ്ചോ ആളുകള്‍ ഉണ്ടായിരുന്നതായി താരം ഓര്‍ത്തു. ആദ്യത്തെ കൂടിക്കാഴ്ച്ചയില്‍ തന്നെ വിവാഹത്തേക്കുറിച്ച് രണ്ടു പേരും ചിന്തിച്ചിരുന്നു. രാഘവിന് ആദ്യ കാഴ്ച്ചയില്‍ തന്നെ പരിണീതിയോട് പ്രണയം തോന്നി. അതുവരെ ഒന്നും അറിയാഞ്ഞിട്ടും രാഘവിനെത്തന്നെ വിവാഹം കഴിക്കാമെന്ന ആഗ്രഹം പരിണീതിക്കും ഉണ്ടായിരുന്നു. 

ആദ്യത്തെ ഡേറ്റിന് ശേഷം പരിണീതി രാഘവിന്റെ വയസ്, ഉയരം, പാര്‍ലമെന്റ് അംഗങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ എന്നിവയെക്കുറിച്ച് ഗൂഗിളില്‍ അന്വേഷിച്ചതായി രാഘവ് പങ്കുവെച്ചു. 2023 സെപ്തംബറിലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. വിവാഹത്തിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന അവസരത്തില്‍ പരിണീതി ഗര്‍ഭിണിയാണ് എന്ന സംശയം ആരാധകര്‍ക്കിടയിലുണ്ട്. അഭ്യൂഹങ്ങള്‍ക്കുള്ള ഉത്തരമായി ശുഭ വാര്‍ത്ത ഉടന്‍ തന്നെ പങ്കിടുമെന്ന് രാഘവ് പരിപാടിയില്‍ വ്യക്തമാക്കി.

Content Highlights: Parineeti Chopra reveals how a meeting at an award ceremony led to love and marriage with Raghav.