മാതാപിതാക്കളുടെ വഴിവിട്ട ആരാധന;ദര്ശന്റെ ജയില് യൂണിഫോം ധരിപ്പിച്ച് കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട്

കൊലപാതകക്കേസില് അഴിക്കുള്ളിലായ കന്നഡ നടന് ദര്ശനോടുള്ള ആരാധന മൂത്ത് ഒരു ആരാധകന് ദര്ശന്റെ ജയില് നമ്പര് തന്റെ കാറിന്റെ രജിസ്റ്റര് നമ്പറാക്കി മാറ്റിയിരുന്നു. പരപ്പന അഗ്രഹാര സെന്ട്രല് ജയിലിലെ ദര്ശന്റെ നമ്പറായ 6016 എന്ന നമ്പറിലാണ് മൈസൂരുവിലെ ബന്നൂര് സ്വദേശിയായ ധനുഷ് തന്റെ കാര് രജിസ്റ്റര് ചെയ്തത്. ഇപ്പോഴിതാ ദര്ശനോടുള്ള ആരാധന മൂത്ത് ജയില് യൂണിഫോമില് തന്റെ കൈക്കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് മറ്റൊരു ആരാധകന്.
ദര്ശന്റെ ജയില് നമ്പര് എഴുതിയ യൂണിഫോമാണ് ആരാധകന് കുഞ്ഞിനെ ധരിപ്പിച്ചത്. കുഞ്ഞ് കിടക്കുന്നതിന് തൊട്ടടുത്തായി വിലങ്ങിന്റേയും ജയില് നമ്പറിന്റേയും മാതൃകയുമുണ്ട്. ഈ ചിത്രം സോഷ്യല് മീഡിയയില് വൈറലായതോടെ മാതാപിതാക്കള്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാതാപിതാക്കളെ കണ്ടെത്താന് പോലീസിന് കമ്മീഷന് നിര്ദേശവും നല്കി.
ഈ രീതിയില് കുഞ്ഞിന്റെ ഫോട്ടോഷൂട്ട് നടത്തിയത് അപലപനീയമാണെന്നും ചിത്രങ്ങള് ശ്രദ്ധയില്പ്പെട്ടതോടെ ആവശ്യമായ നടപടികള് സ്വീകരിച്ചിട്ടുണ്ടെന്നും കമ്മീഷന് അംഗം ശശിധര് കൊസാംബെ മാധ്യമങ്ങളോട് പ്രതികരിച്ചു. ജുവനൈല് ജസ്റ്റിസ് ആക്ടിന്റെ ലംഘനമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നേരത്തെ നിരവധി ആരാധകര് ഇതേ നമ്പര് ശരീരത്തില് പച്ച കുത്തിയിരുന്നു. 'കൈദി നമ്പര് 6106' എന്ന് പേരില് സിനിമയുടെ പേര് രജിസ്ട്രര് ചെയ്യാനും നിരവധി പേര് ഫിലിം ചേംബറിനെ സമീപിച്ചിരുന്നു.
ചിത്രദുര്ഗ സ്വദേശിയായ രേണുകാസ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ദര്ശനും കാമുകിയും നടിയുമായ പവിത്ര ഗൗഡയും ഉള്പ്പെടെ 17 പേരാണ് ഇതുവരെ അറസ്റ്റിലായത്. പവിത്ര ഗൗഡയ്ക്ക് മോശം കമന്റുകള് അയച്ചതിനെ തുടര്ന്നാണ് ദര്ശനും സംഘവും രേണുകാസ്വാമിയെ കൊലപ്പെടുത്തിയത്. പവിത്രയുടെ ആവശ്യപ്രകാരമായിരുന്നു കൃത്യം നടത്തിയത്. കേസില് പവിത്ര ഒന്നാം പ്രതിയും ദര്ശന് രണ്ടാം പ്രതിയുമാണ്. നിലവില് ജൂലൈ നാല് വരെ ജുഡീഷ്യല് ക്സ്റ്റഡിയിലാണ് ദര്ശന്.
Content Highlights: parents dress child in jail clothes with darshans prisoner number