രണ്ടാമതൊരു വിവാഹം വേണ്ട; ഇണ നല്ലതാണെങ്കിൽ അവളെ വിലമതിക്കണം, ഹൃദയം തകര്‍ക്കരുത്-പാക് ക്രിക്കറ്റ് താരം

Photo | x.com/mufaddal_vohra
Photo | x.com/mufaddal_vohra

ലാഹോര്‍: രണ്ടാമതൊരു വിവാഹത്തിന് ആഗ്രഹിക്കുന്നില്ലെന്ന് പാക് ക്രിക്കറ്റ് താരം അഹ്‌മദ് ഷെഹ്‌സാദ്. ആദ്യ വിവാഹത്തില്‍ തൃപ്തനാണെന്നും അദ്ദേഹം അറിയിച്ചു. പാകിസ്താനി യുട്യൂബര്‍ നാദിര്‍ അലിയുമായുള്ള സംഭാഷണത്തിനിടെയാണ് ഷെഹ്‌സാദിന്റെ പരാമര്‍ശം. കുട്ടിക്കാലത്തെ സുഹൃത്തായ സന അഹ്‌മദിനെയാണ് ഷെഹ്‌സാദ് വിവാഹം കഴിച്ചത്. 2015-ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. 

കളത്തിനു പുറത്തെ വ്യക്തിജീവിതത്തെയും സനേഹബന്ധങ്ങളെയും കുറിച്ചായിരുന്നു യുട്യൂബര്‍ ചോദിച്ചത്. ഒരുവട്ടം വിവാഹിതനായതാണെന്നും അതില്‍ സന്തോഷവാനാണെന്നും ഷെഹ്‌സാദ് മറുപടി നല്‍കി. ഇനിയൊരു വിവാഹമില്ല. തങ്ങള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ഇനിയൊരു ഭാര്യയെ വേണ്ട. നാലു വിവാഹംവരെയാവാമെന്നറിയാം. പക്ഷേ, താന്‍ ഒരു ഭാര്യയില്‍ത്തന്നെ സന്തോഷവാനാണ്, ഇനിയൊന്ന് ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇണ നല്ലതാണെങ്കില്‍ നിങ്ങളതിനെ വിലമതിക്കണം. ഒന്നില്‍ക്കൂടുതല്‍ വിവാഹത്തിന് അനുമതിയുണ്ടെന്നുവെച്ചോ അത് ഫാഷനാണെന്നു കരുതിയോ അവളുടെ ഹൃദയം തകര്‍ക്കുന്ന ഒന്നും ചെയ്യരുത്. എന്നാല്‍ തെറ്റായ വഴിയിലൂടെയാണ് നിങ്ങള്‍ നീങ്ങുന്നതെന്ന തോന്നലുണ്ടെങ്കില്‍ കഴിയുന്നത്ര പെട്ടെന്ന് രണ്ടാം വിവാഹം കഴിക്കണമെന്നും ഷെഹ്‌സാദ് പങ്കുവെയ്ക്കുന്നു. 

2019 ഒക്ടോബറില്‍ ശ്രീലങ്കയ്‌ക്കെതിരായ ടി20-യിലാണ് ഷെഹ്‌സാദ് അവസാനമായി പാകിസ്താനുവേണ്ടി കളിച്ചത്. ദേശീയ ടീമില്‍ അവസരം നഷ്ടപ്പെട്ടതോടെ യുട്യൂബില്‍ സജീവമായി. ക്രിക്കറ്റുമായി ബന്ധപ്പെട്ട വിവരണങ്ങളും വിമര്‍ശനങ്ങളുമായി നിലവില്‍ യുട്യൂബില്‍ സജീവമാണ് അദ്ദേഹം. പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെയും നിലവിലെ താരങ്ങളെയുമെല്ലാം വിമര്‍ശിക്കുന്ന വീഡിയോകളുണ്ട്.

Content Highlights: pak cricketer ahmed shehzad opens on marriage