'നീയാരാണെന്ന് എനിക്കറിയാം,സൈനയുടെ ഭര്‍ത്താവാണെന്ന് പറയേണ്ടതില്ല;കശ്യപിനോട് ധോനി

പി കശ്യപും സൈന നെഹ്‌വാളും / എംഎസ് ധോനി | Photo: instagram/ saina nehwal/ ms dhoni fans
പി കശ്യപും സൈന നെഹ്‌വാളും / എംഎസ് ധോനി | Photo: instagram/ saina nehwal/ ms dhoni fans

ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം എംഎസ് ധോനിയുമായുള്ള ആദ്യ കൂടിക്കാഴ്ചയുടെ രസകരമായ അനുഭവം പങ്കുവെച്ച് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പി.കശ്യപ്. കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ കശ്യപ് ഇന്ത്യയുടെ മുന്‍ ലോക ഒന്നാം നമ്പര്‍ താരം സൈന നെഹ്‌വാളിന്റെ ഭര്‍ത്താവുമാണ്. 

ബാഡ്മിന്റണ്‍ ആരും കാണാറില്ലെന്ന ധാരണയില്‍ സൈനയുടെ ഭര്‍ത്താവ് എന്നാണ് ധോനിയോട് സ്വയം പരിചയപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതികരണം തന്നെ അദ്ഭുതപ്പെടുത്തിയെന്നും ബാഡ്മിന്റണ്‍ താരമെന്ന നിലയില്‍ തന്നെ കശ്യപിനെ അറിയാമെന്നും സൈനയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലെന്നുമായിരുന്നു ധോനിയുടെ പ്രതികരണം. ഒരു സഹതാരത്തെ പോലെയാണ് ധോനി തന്നോട് സംസാരിച്ചതെന്നും കശ്യപ് കൂട്ടിച്ചേര്‍ത്തു. ഒരു പോഡ്കാസ്റ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു കശ്യപ്.

'അടുത്തിടെ ഒരു വിവാഹച്ചടങ്ങില്‍വെച്ച് ഞാന്‍ ധോനിയെ കണ്ടു. സൈനയുടെ ഭര്‍ത്താവ് എന്നാണ് ഞാന്‍ സ്വയം പരിചയപ്പെടുത്തിയത്. ബാഡ്മിന്റണ്‍ താരമെന്ന നിലയില്‍ ധോനിക്ക് എന്നെ മനസിലാകില്ലെന്ന് കരുതിയാണ് അങ്ങനെ പരിചയപ്പെടുത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ അദ്ഭുതപ്പെടുത്തി. ' നീ ആരാണെന്ന് എനിക്കറിയാം, ഞാനും ബാഡ്മിന്റണ്‍ കളിക്കാറുണ്ട്. സൈനയുടെ ഭര്‍ത്താവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ടതില്ല' എന്നായിരുന്നു ധോനിയുടെ പ്രതികരണം. ഒരു സഹതാരമായ സുഹൃത്തിനെപ്പോലെയാണ് അദ്ദേഹം സംസാരിച്ചത്.'- കശ്യപ് പറയുന്നു.

പത്ത് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബറിലാണ് സൈനയും കശ്യപും വിവാഹിതരായത്. ഒളിമ്പിക്‌സിന്റെ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ താരമായ കശ്യപ് 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. 2012-ല്‍ അര്‍ജൂന പുരസ്‌കാരവും സ്വന്തമാക്കി. 


 

Content Highlights: first meeting of badminton player p kashyap and ms dhoni