അമ്മയേയും കുഞ്ഞിനേയും വേദിയില്‍ നിന്ന് പുറത്താക്കി; യുഎസ് കൊമേഡിയനെതിരെ പ്രതിഷേധം

യുഎസ് കൊമേഡിയന്‍ ആര്‍ജ് ബാര്‍ക്കറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഏപ്രില്‍ 20-ന് മെല്‍ബണിലെ ഇന്റര്‍നാഷണല്‍ കോമഡി ഫെസ്റ്റിവലിനിടെ ആര്‍ജ് ബാര്‍ക്കര്‍ ഒരു അമ്മയോടും കുഞ്ഞിനോടും മോശമായ രീതിയില്‍ പെരുമാറിയിരുന്നു.
ഏഴ് മാസം പ്രായമായ കുഞ്ഞ് ശബ്ദമുണ്ടാക്കുന്നത് തന്റെ ഷോയ്ക്ക് തടസമാകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി അമ്മയേയും കുഞ്ഞിനേയും ആര്‍ജ് പുറത്താക്കുകയായിരുന്നു. ട്രിഷ് ഫെർണാണ്ടസ് എന്ന അമ്മയും കുഞ്ഞുമകള്‍ ക്ലാരയും ഒരു സുഹൃത്തിനൊപ്പമാണ് ഷോയ്‌ക്കെത്തിയത്.
കോമഡി ഷോ നടക്കുന്നതിനിടയില്‍ ക്ലാര ചെറിയ ശബ്ദമുണ്ടാക്കി. ഇതോടെ ആര്‍ജ് പരിപാടി നിര്‍ത്തി. ട്രിഷിനേയും ക്ലാരയേയും പരിഹസിക്കുന്ന തരത്തില്‍ തമാശ പറഞ്ഞു. അതിനുശേഷം ആര്‍ജ് സ്റ്റേജില്‍ നിന്നിറങ്ങി ട്രിഷിന് അടുത്തേക്ക് വന്നു. 'അദ്ദേഹം വരുമ്പോള്‍ ഞാന്‍ കുഞ്ഞിന് പാല് കൊടുക്കുകയായിരുന്നു. എന്റെ മുന്നില്‍ വന്നുനിന്ന് അവിടെ നിന്ന് ഇറങ്ങിപ്പോകാന്‍ പറഞ്ഞു. ഇതുകേട്ട് ആളുകള്‍ ചിരിക്കുന്നുണ്ടായിരുന്നു. പക്ഷേ അദ്ദേഹം തമാശ പറയുകയാണെന്ന് എനിക്ക് തോന്നിയില്ല. ''ഞാന്‍ പുറത്തു പോകണം എന്നാണോ നിങ്ങള്‍ പറയുന്നതെ''ന്ന് ഞാന്‍ വീണ്ടും ചോദിച്ചു. അതെ എന്നായിരുന്നു അദ്ദേഹത്തിന്റെ ഉത്തരം.' ട്രിഷ് പറയുന്നു. ട്രിഷ് ഇറങ്ങിപ്പോയപ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പരിപാടി കാണാനെത്തിയ ചിലരും വേദി വിട്ടു.
ഇതിന് പിന്നാലെ ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി. ആര്‍ജ് ചെയ്തത് ശരിയാണെന്നും ചെറിയ കുഞ്ഞുമായി ഇത്തരം പരിപാടിക്ക് വരരുതെന്നും ചിലര്‍ വാദിക്കുന്നു. ദേഷ്യപ്പെടുന്ന രീതിയില്‍ അമ്മയോട് പെരുമാറരുതെന്നായിരുന്നു മറ്റൊരു വിഭാഗത്തിന്റെ വാദം.
അതേസമയം താന്‍ ചെയ്തതില്‍ തെറ്റൊന്നുമില്ലെന്നും വ്യക്തമാക്കി ആര്‍ജ് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചു. അത്രയും നിശബ്ദമായ വേദിയില്‍ ചെറിയ ശബ്ദം പോലും പ്രശ്‌നമുണ്ടാക്കുമെന്നും ഷോ കാണാനെത്തിയ മറ്റുള്ളവര്‍ക്ക് കൂടി വേണ്ടിയാണ് അവരോട് വേദി വിടാന്‍ പറഞ്ഞതെന്നും ആര്‍ജ് വ്യക്തമാക്കി. മോശം രീതിയില്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും വളരെ മാന്യമായ രീതിയിലാണ് വേദി വിടാന്‍ ആവശ്യപ്പെട്ടതെന്നും ആര്‍ജ് കൂട്ടിച്ചേര്‍ത്തു.
Content Highlights: outrage after us comedian kicks breastfeeding woman and baby out of his show