ജാൻവി കപൂറിന്റെ സൗന്ദര്യത്തെ വിമർശിച്ച് വീഡിയോ; ധ്രുവ് റാഠി രാജ്യദ്രോഹിയെന്ന് ഒറി

യൂട്യൂബർ ധ്രുവ് റാഠിയെ രാജ്യദ്രോഹിയെന്ന് വിളിച്ച് കണ്ടന്റ് ക്രിയേറ്റർ ഒറി എന്ന ഓർഹൻ അവത്രമണി. നടി ജാൻവി കപൂറിന്റെ സൗന്ദര്യത്തെ വിമർശിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിനാണ് ഇയാൾ ധ്രുവ് റാഠിയെ രാജ്യദ്രോഹിയായി ചിത്രീകരിച്ചത്. 'ബോളിവുഡ് സെലിബ്രിറ്റികൾക്കിടയിലെ വ്യാജസുന്ദരി' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ജാൻവി കപൂർ, ബിപാഷ ബസു, ശ്രുതി ഹാസൻ, ദീപികാ പദുക്കോൺ, ശിൽപ്പാ ഷെട്ടി, പ്രിയങ്കാ ചോപ്ര തുടങ്ങിയ നടിമാർക്കെതിരെ ധ്രുവ് റാഠി വിമർശനം ഉന്നയിച്ചത്.
ഡിസംബർ 25-നാണ് ധ്രുവ് വീഡിയോ പോസ്റ്റ് ചെയ്തത്. നടിമാർ പ്ലാസ്റ്റിക് സർജറി, ബോട്ടോക്‌സ് ഫില്ലർ, സ്‌കിൻ ലൈറ്റ്‌നിങ് ചികിത്സ തുടങ്ങിയവയെല്ലാം ചെയ്തിട്ടുണ്ടെന്നാണ് അദ്ദേഹം വീഡിയോയിൽ ആരോപിക്കുന്നത്. ജാൻവിയുടെ ചിത്രമാണ് വീഡിയോയുടെ തമ്പ്‌നെയിലിൽ ഉപയോഗിക്കുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് സർജറിക്ക് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ എന്ന തരത്തിലാണ് തമ്പ്‌നെയിലിൽ ചിത്രങ്ങൾ ഉൾപ്പെടുത്തിയത്. ധ്രുവ് റാഠിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതുറന്നിരുന്നു.
Also Read: ട്രാൻസ്‌ജെൻഡറുകളെ അപമാനിച്ച് വീഡിയോ; സോഷ്യൽ മീഡിയാ താരം ഒറിക്കെതിരെ വ്യാപക പ്രതിഷേധം
ഇൻസ്റ്റഗ്രാം കമന്റുകളായാണ് ഒറി, ധ്രുവിനെതിരെ പരിധി കടന്ന പരാമർശം നടത്തിയത്. 'ഇയാൾ ആരാണെന്ന് പോലും അവൾക്ക് അറിയുകയുണ്ടാകില്ല' എന്ന് ഒറി, ജാൻവിയെ പിന്തുണച്ചുകൊണ്ട് പറഞ്ഞു. തുടർന്നാണ് ധ്രുവ് റാഠി രാജ്യദ്രോഹിയാണെന്ന് ഒറി പറഞ്ഞത്. ശ്രദ്ധ നേടാനാണ് ധ്രുവ് ഇത്തരം വീഡിയോകൾ നിർമിക്കുന്നതെന്നും ഒറി പറഞ്ഞു.
'ഒരുപാട് ഫോളോവർമാരുണ്ടെങ്കിലും, റെയിൽവേ സ്‌റ്റേഷനിൽ പപ്പടം കിട്ടിയില്ല എന്ന് പരാതി പറയുന്ന രാജ്യദ്രോഹിയെന്ന നിലയിലാണ് എനിക്ക് ഇയാളെ അറിയുന്നത്.' -ഇതാണ് മറ്റൊരു കമന്റിൽ ഒറി കുറിച്ചത്. ധ്രുവിനെതിരായ ഒറിയുടെ പരാമർശവും ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
Content Highlights: Orry Calls Dhruv Rathee Anti-National After Janhvi Kapoor Beauty Video Sparks Controversy