ഇരുപത്തിയഞ്ചുവർഷത്തോളം വണ്ണത്തിന്റെപേരിൽ കളിയാക്കൽ കേട്ടിട്ടുണ്ട്- ഓപ്ര വിൻഫ്രെ

ഓപ്ര വിന്‍ഫ്രി
ഓപ്ര വിന്‍ഫ്രി

ബോഡിഷെയിമിങ്ങിനേക്കുറിച്ച് നിരന്തരം സംസാരിക്കാറുള്ള സെലിബ്രിറ്റികളിലൊരാളാണ് പ്രശസ്ത അവതാരകയും എഴുത്തുകാരിയുമായ ഓപ്ര വിൻഫ്രെ. പലതരത്തിലുള്ള പ്രതിസന്ധികളെ മറികടന്നാണ് താൻ ഇന്നത്തെ നിലയിലേക്ക് എത്തിയതെന്നും ഓപ്ര പറഞ്ഞിരുന്നു. ഇപ്പോഴിതാ വണ്ണത്തിന്റെപേരിൽ നേരിട്ട കളിയാക്കലുകളേക്കുറിച്ച് വീണ്ടും തുറന്നുപറഞ്ഞിരിക്കുകയാണ് ഓപ്ര. വർഷങ്ങളോളം വണ്ണത്തിന്റെ പേരിൽ കളിയാക്കലുകൾ നേരിട്ടിരുന്നുവെന്നാണ് ഓപ്ര പറയുന്നത്. 

എബിസി ചാനലിൽ പുറത്തുവന്ന ഓപ്രയുടെ ജീവിതവുമായി ബന്ധപ്പെട്ട ഷോയിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.  ഇരുപത്തിയഞ്ചുവർഷത്തോളം തന്റെ വണ്ണത്തെ കളിയാക്കുന്നത് സ്ഥിരമായിരുന്നുവെന്ന് ഓപ്ര പറ‍ഞ്ഞു. വണ്ണത്തിന്റെ പേരിൽ വിവിധ പേരുകളും തന്നെ പലരും വിളിച്ചിരുന്നു. പലമാധ്യമങ്ങളിലും തന്നേക്കുറിച്ചു വന്നിട്ടുള്ള റിപ്പോർട്ടുകളുടെ തലക്കെട്ടിൽപ്പോലും അവ പ്രകടമായിരുന്നെന്നും ഓപ്ര പറയുന്നു. ഓപ്രാ, ഫാറ്റർ ദാൻ എവർ, ഡയറ്റ് ഓർ ഡൈ എന്നൊക്കെയാണ് ചില റിപ്പോർട്ടുകളുടെ ടൈറ്റിൽ വന്നിരുന്നത്. 

അതെല്ലാം തനിക്ക് നാണക്കേടായി തോന്നിയിരുന്നുവെന്നും തുടർന്ന് അഞ്ചുമാസത്തോളം പട്ടിണിപോലും കിടന്ന് വണ്ണംകുറയ്ക്കാൻ ശ്രമിച്ചിരുന്നുവെന്നും ഓപ്ര പറയുന്നു. മരുന്നിലൂടെ വണ്ണംകുറച്ചതിനേക്കുറിച്ചും ഓപ്ര പങ്കുവെച്ചു. തന്നെപ്പോലെ അമിതവണ്ണത്താൽ വലഞ്ഞ് ഭാരംകുറയ്ക്കാൻ പാടുപെടുന്നവർക്ക് പ്രതീക്ഷയായി ഇത്തരം മരുന്ന് വരുമെന്ന് താനൊരിക്കലും കരുതിയിരുന്നില്ലെന്നും ഓപ്ര. 

വണ്ണത്തിന്റെപേരിൽ മറ്റുള്ളവരെ കളിയാക്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഓപ്ര പറയുന്നുണ്ട്. അവർ വണ്ണംകുറയ്ക്കുകയോ, കുറയ്ക്കാതിരിക്കുകയോ ചെയ്യട്ടെ. അതിൽ അഭിപ്രായം പറയാതിരിക്കുകയാണ് ചെയ്യേണ്ടത്. ചിലർ വണ്ണമുള്ള ശരീരത്തിലും ആരോ​ഗ്യവാന്മാരും സന്തോഷമുള്ളവരുമാകും. ചിലർക്ക് ഡയറ്റിങ്ങും വ്യായാമവുമാണ് വണ്ണംകുറയ്ക്കാൻ ഏറ്റവും നല്ലതെന്ന് തോന്നാം. ചിലർ വണ്ണം കുറയ്ക്കാൻ മരുന്നുകളിലും അഭയം തേടാം.  തന്റെ കാര്യത്തിൽ മരുന്നിനൊപ്പം ഹൈക്കിങ്, ഓട്ടം, വെയ്റ്റ് ട്രെയിനിങ്, ആരോ​ഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവയാണ് തനിക്ക് ​ഗുണംചെയ്തതെന്നും ഓപ്ര പറയുന്നുണ്ട്. 

പതിനേഴാം വയസ്സില്‍ സൗന്ദര്യമത്സരത്തില്‍ വിജയകിരീടം ചൂടിക്കൊണ്ടാണ് ഓപ്രയുടെ ജൈത്ര യാത്ര ആരംഭിക്കുന്നത്. പഠനസമയത്തുതന്നെ റേഡിയോയില്‍ വാര്‍ത്താവതാരകയായി. പഠനം പൂര്‍ത്തിയാക്കി നാഷ് വില്ലയിലെ WLAC-TVയില്‍ ജോലിയില്‍ പ്രവേശിച്ചു. ഏറ്റവും പ്രായം കുറഞ്ഞ വാര്‍ത്താവതാരക, ആദ്യ കറുത്ത വര്‍ഗക്കാരിയായ വാര്‍ത്താവതാരക തുടങ്ങിയ വിശേഷണങ്ങളാണ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ഓപ്രയെ കാത്തിരുന്നത്. അവിടെ നിന്ന് സഹ അവതാരകയായി ടോക് ഷോയിലേക്ക്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ആ സഹഅവതാരക ദേശീയ ടെലിവിഷനില്‍ സ്വന്തം പേരില്‍ ഷോ ആരംഭിച്ചു. അമേരിക്കന്‍ ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയാര്‍ജിച്ച 'ദി ഓപ്ര വിന്‍ഫ്രെ ഷോ.'തുടര്‍ന്നങ്ങോട്ടുള്ള ടെലിവിഷന്‍ ചരിത്രം എഴുതപ്പെട്ടത് ഓപ്രയിലൂടെയാണ്. 1986 മുതല്‍ 2011 വരെ 25 സീസണുകളായി പ്രക്ഷേപണം ചെയ്ത ഓപ്ര വിന്‍ഫ്രെ ഷോയില്‍ മൈക്കിള്‍ ജാക്‌സണ്‍ മുതല്‍ ബാരക് ഒബാമ വരെ പ്രശസ്തരും അപ്രശസ്തരും ആയ 37,000-ത്തിലേറെ അതിഥികള്‍ പങ്കെടുത്തിട്ടുണ്ട്.

ദി ഓപ്രാ മാഗസിന്‍, ഓപ്ര.കോം, ഓപ്ര റേഡിയോ ഇതിനെല്ലാം പുറമേ സാമൂഹിക പ്രവര്‍ത്തനങ്ങള്‍, അഞ്ചുപുസ്തകങ്ങളുടെ എഴുത്തുകാരി, മറ്റു ബിസിനസ്സുകള്‍... ശങ്കകളേതുമില്ലാതെ ഓപ്രയെന്ന അവതാരക യാത്ര തുടരുന്നു. മുപ്പത്തിരണ്ടാം വയസ്സിലെത്തിയപ്പോഴേക്കും കോടീശ്വരിയായി അവര്‍. 2000 ല്‍ ഓപ്രയുടെ ആസ്തി 800 മില്യണ്‍ ഡോളറായി. ഇതോടെ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സമ്പന്നയായ ആഫ്രിക്കന്‍ അമേരിക്കനായി ഓപ്ര. ഓപ്രയുടെ ബിസിനസ് മിടുക്ക് ഇല്ലിനോയിസ് സര്‍വകലാശാലയിലെ ഒരു കോഴ്‌സായി. 'ഹിസ്റ്ററി 298: ഓപ്ര വിന്‍ഫ്രെ, ടൈക്കൂണ്‍' എന്നായിരുന്നു കോഴ്‌സിന് പേര്. 
 

Content Highlights: oprah winfrey addresses fat shaming