അമ്മയ്ക്ക് വർക്ക് ഫ്രം ഹോം നൽകിയില്ല, നവജാതശിശു മരിച്ചു; കമ്പനിക്ക് 2.25 കോടി ഡോളർ പിഴയിട്ട് കോടതി

ഗർഭിണിയായ ജീവനക്കാരിക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ (WFH) അനുമതി നിഷേധിച്ചതിനെത്തുടർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ, അമേരിക്കയിലെ ഒഹായോയിലുള്ള ഒരു കമ്പനി 2.25 കോടി ഡോളർ (ഏകദേശം 188 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. ഹാമിൽട്ടൺ കൗണ്ടിയിലെ ജൂറിയാണ് ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്സ് (TQL) എന്ന കമ്പനിക്കെതിരെ ഈ വിധി പ്രസ്താവിച്ചത്. 2021 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഗർഭിണിയായ താൻ ചില സങ്കീർണതകൾ നേരിടുന്നുണ്ടെന്നും ശാരീരികമായ പ്രവർത്തനങ്ങൾ കുറയ്ക്കാനും വീട്ടിലിരുന്ന് ജോലി ചെയ്യാനുമാണ് ഡോക്ടർ നിർദേശിച്ചതെന്നും കാണിച്ച് കമ്പനിയിലെ ജീവനക്കാരിയായിരുന്ന ചെൽസി വാൽഷ് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അനുവാദം ചോദിച്ചിരുന്നു. എന്നാൽ കമ്പനി ഈ അപേക്ഷ നിരസിക്കുകയും ഓഫീസിൽ വന്ന് ജോലി ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തു.
ഓഫീസിൽ വരാൻ സാധിക്കില്ലെങ്കിൽ ശമ്പളമില്ലാത്ത അവധി എടുക്കാനും അതുവഴി വരുമാനവും ആരോഗ്യ ഇൻഷുറൻസും നഷ്ടപ്പെടുമെന്നും കമ്പനി അറിയിച്ചു.
ഡോക്ടറുടെ നിർദ്ദേശം അവഗണിച്ച് ഫെബ്രുവരി 22 മുതൽ മൂന്ന് ദിവസം ചെൽസി ഓഫീസിലെത്തി ജോലി ചെയ്തു. ഫെബ്രുവരി 24-ന് വൈകുന്നേരം അവർ പ്രസവിക്കുകയും ചെയ്തു. 18 ആഴ്ച നേരത്തെ ജനിച്ച മാഗ്നോളിയ എന്ന് പേരിട്ട ആ പെൺകുഞ്ഞ് ഒന്നര മണിക്കൂറിന് ശേഷം മരണപ്പെട്ടു. അവർ പ്രസവിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് മാത്രമാണ് കമ്പനി അവരുടെ വർക്ക് ഫ്രം ഹോം അപേക്ഷ അംഗീകരിച്ചത്.
കമ്പനിയുടെ നടപടി കുഞ്ഞിന്റെ മരണത്തിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി മാഗ്നോളിയയുടെ കുടുംബം നൽകിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. കമ്പനിക്ക് ഈ സംഭവത്തിൽ 90 ശതമാനം ഉത്തരവാദിത്തമുണ്ടെന്ന് കണ്ടെത്തിയ ജൂറി, ആദ്യം നിശ്ചയിച്ച 2.5 കോടി ഡോളർ നഷ്ടപരിഹാരം വർധിപ്പിച്ച് 2.25 കോടി ഡോളർ നൽകാൻ ഉത്തരവിടുകയായിരുന്നു.
Content Highlights: An Ohio court ordered Total Quality Logistics to pay $22.5 million in damages after denying a high-risk pregnant employee’s request to work from home, leading to the premature birth and subsequent death of her newborn daughter.