നഴ്‌സറി ഫീസ് 3.74 ലക്ഷം രൂപ; SIP-യിൽ നിക്ഷേപിച്ചാലോ എന്ന് അമ്മ, ഡിഗ്രി പൂർത്തിയാക്കാമെന്ന് കമന്റ്

ഒരു നഴ്‌സറിയിലെ ഫീസ് കണ്ട് അമ്പരന്നിരിക്കുകയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. ഹരിയാണയിൽ നിന്നുള്ള പൂജാ സേത്തിയ എന്ന എച്ച്ആർ പ്രൊഫഷണലും പോഡ്കാസ്റ്ററുമാണ് കണ്ണ് തള്ളിക്കുന്ന ഫീസ് പങ്കുവെച്ചത്. ഓരോ പാദവാർഷികത്തിലേയും ഫീസ് വിശദീകരിക്കുന്ന സ്‌ക്രീൻഷോട്ട് ഉൾപ്പെടെ ലിങ്ക്ഡ് ഇന്നിലാണ് പൂജാ സേത്തിയ ഇക്കാര്യം പങ്കുവെച്ചത്. പൂജയുടെ പോസ്റ്റ് ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
'ഈ സ്‌ക്രീൻഷോട്ട് കേവലമൊരു തമാശയല്ല. എന്റെ കുട്ടിയുടെ ഈ വർഷത്തെ പാദവാർഷിക നഴ്‌സറി ഫീസിന്റെ ഘടനയാണ് ഇത്. അവനെ വീട്ടിലിരുത്തി പഠിപ്പിക്കുകയും ഈ തുക എസ്‌ഐപിയിൽ നിക്ഷേപിക്കുകയും ചെയ്താലോ എന്ന് ഞാൻ ആലോചിക്കുകയാണ്. കാരണം, അവന്റെ കൈയക്ഷരം മോശമായാൽ പോലും അവൻ നല്ല അറിവുനേടി ഡിഗ്രി നേടുമെന്ന് എനിക്ക് ഉറപ്പാണ്.' -ഇതാണ് പൂജാ സേത്തിയ കുറിച്ചത്.
Also Read: 'എ ബി സി ഡി പഠിക്കാൻ രണ്ടരലക്ഷം രൂപ!' നഴ്‌സറി ക്ലാസിലെ ഫീസ് കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ
മൂന്നുമാസത്തേക്ക് 1,24,780 രൂപയാണ് കുട്ടിയുടെ നഴ്‌സറി ഫീസ് എന്ന് പൂജ പങ്കുവെച്ച സ്‌ക്രീൻഷോട്ട് പറയുന്നു. ജൂലായ് മുതൽ സെപ്റ്റംബർ വരെ, ഒക്ടോബർ മുതൽ ഡിസംബർ വരെ, ജനുവരി മുതൽ മാർച്ച് വരെ എന്നിങ്ങനെ വർഷത്തിൽ മൂന്ന് തവണയാണ് ഫീസ് അടയ്‌ക്കേണ്ടത്. അതായത് ഒരു വർഷം ആകെ 3,74,340 രൂപ. പൂജയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളിട്ടത്.
'ഇതിലെ ഒരു പാദത്തിലെ ഫീസ് കൊണ്ട് ഞാൻ എന്റെ ഡിഗ്രിയും പി.ജിയും പൂർത്തിയാക്കി. തുടർന്ന് എച്ച്ടിഎംഎൽ കോഴ്‌സ് ചെയ്യാനും പണം ബാക്കിയായിരുന്നു' -ഇതാണ് ഒരാൾ കുറിച്ചത്. 'അത്ഭുതപ്പെടാനൊന്നുമില്ല പൂജാ. ഡൽഹിയിലെ പോലെയല്ല, ഫീസ് ഘടനയ്ക്ക് ഒരു നിയന്ത്രണവുമില്ലാത്ത ഗുഡ്ഗാവിൽ ഇത് സാധാരണയാണ്. ഇന്റർനാഷണൽ ബോർഡ് ഫീസ് കാണുന്നത് വരെ കാത്തിരിക്കൂ' -മറ്റൊരാൾ കുറിച്ചു. 'ഫീസ് കുറവുള്ള സ്ഥാപനങ്ങളുമുണ്ട്. ഈ പണം അടയ്ക്കണമെന്ന് പറഞ്ഞ് ആരും നിങ്ങൾക്കുനേരെ തോക്ക് ചൂണ്ടുന്നില്ല. നിങ്ങൾക്ക് കൊടുക്കാൻ കഴിയുകയുമില്ല, എന്നാൽ ആ സ്ഥാപനത്തിൽ പോകുകയും വേണം എന്നുള്ളപ്പോഴാണ് ഇങ്ങനെ തോന്നുക' എന്നാണ് ഇനിയൊരാൾ കുറിച്ചത്.
Content Highlights: HR professional Pooja Sethia’s viral post reveals a staggering ₹3.74 lakh annual nursery fee in Haryana. Faced with quarterly bills of over ₹1.24 lakh, she humorously suggested investing in an SIP instead, sparking a massive online debate.