ഹിന്ദി പഠിച്ചില്ല, നഷ്ടമായത് ഒരുലക്ഷം കോടി രൂപ; തുറന്നുപറഞ്ഞ് എയര്‍സെല്‍ സ്ഥാപകന്‍

ഗൃഹാതുരത്വമുണര്‍ത്തുന്ന ടെലകോം ബ്രാന്‍ഡ്. അതാണ് എയര്‍സെല്‍. തൊണ്ണൂറുകളിലെ 'കുട്ടികൾ' മുതല്‍ പിന്നോട്ടുള്ള തലമുറകള്‍ക്ക് ഒട്ടേറെ ഓര്‍മ്മകള്‍ ഈ ടെലകോം കമ്പനിയുമായി ബന്ധപ്പെട്ടുണ്ടാകും. വിസ്മയിപ്പിക്കുന്ന ഓഫറുകളുമായി നമ്മളിലേക്കെത്തിയ എയര്‍സെല്‍ പിന്നീട് വിസ്മൃതിയിലാണ്ടുപോകുകയായിരുന്നു. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ നിന്നുള്ള ചിന്നക്കണ്ണന്‍ ശിവശങ്കരന്‍ എന്ന സി. ശിവശങ്കരനാണ് എയര്‍സെലിന്റെ സ്ഥാപകന്‍. തന്റെ 42-ാം വയസില്‍ ടെലകോം കമ്പനി സ്ഥാപിച്ച ശിവശങ്കരന്‍ തന്റെ ബിസിനസുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്.
രണ്‍വീര്‍ അലബാദിയയുടെ പോഡ്കാസ്റ്റിലാണ് ശിവശങ്കരന്‍ മനസ് തുറന്നത്. വളരെ ലളിതമായ രണ്ടുകാര്യങ്ങള്‍ ചെയ്യാതിരുന്നതിന്റെ പേരില്‍ താനിപ്പോള്‍ പശ്ചാത്തപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കരിയറിന്റെ തുടക്കത്തില്‍ സംഭവിച്ച ഈ പിഴവുകള്‍ക്ക് ജീവിതകാലം മുഴുവനുണ്ടായേക്കാവുന്ന ഭാഗ്യമാണ് വിലകൊടുക്കേണ്ടിവന്നത്. ഹിന്ദി പഠിക്കാതിരുന്നതും ഡല്‍ഹി, മുംബൈ അല്ലെങ്കില്‍ ചെന്നൈയിലേക്ക് പോലും മാറാതിരുന്നതുമാണ് താന്‍ വരുത്തിയ പിഴവുകളെന്നും സി. ശിവശങ്കരന്‍ പോഡ്കാസ്റ്റില്‍ പറഞ്ഞു.
'ഞാന്‍ ഹിന്ദി പഠിച്ചിരുന്നെങ്കില്‍ എനിക്ക് 140 കോടി ഇന്ത്യക്കാരേയും ആകര്‍ഷിക്കാമായിരുന്നു. ചെറുപ്പത്തില്‍ തന്നെ ഡല്‍ഹിയിലേക്കോ ബോംബേയിലേക്കോ മാറിയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ഒരുലക്ഷം കോടി രൂപ ഉണ്ടാക്കുമായിരുന്നു.' -ശിവശങ്കരന്‍ പറഞ്ഞു. പണ്ട് ഫാബ്രിക്കേഷന്‍ ജോലി ചെയ്ത് 12,000 രൂപ സമ്പാദിച്ചതും പിന്നീട് ജീവിതത്തില്‍ ആരോടും കടം വാങ്ങാതിരുന്നതുമെല്ലാം അദ്ദേഹം പോഡ്കാസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
Content Highlights: Not learning Hindi was a Rs 1 lakh crore loss: Aircel founder C Sivasankaran’s honest confession