വിദേശികളുടെ കൈകളില്‍ ഒളിമ്പിക് ഡിസൈന്‍;അംബാനി കല്ല്യാണത്തിലെ മെഹന്ദി ആര്‍ട്ടിസ്റ്റ് പാരിസിലും താരം

വീണ നഗ്ദ രണ്‍വീര്‍ സിങ്ങിനും നിത അംബാനിക്കുമൊപ്പം/ വീണ പാരിസില്‍ | Photo: instagram/ veena nagda
വീണ നഗ്ദ രണ്‍വീര്‍ സിങ്ങിനും നിത അംബാനിക്കുമൊപ്പം/ വീണ പാരിസില്‍ | Photo: instagram/ veena nagda

വിവാഹത്തിന് കൈകളില്‍ മനോഹരമായി മൈലാഞ്ചിയിടാന്‍ ആഗ്രഹിക്കാത്ത സ്ത്രീകള്‍ കുറവായിരിക്കും. അതുപോലെയാണ് രാധിക മെര്‍ച്ചന്റും ആഗ്രഹിച്ചത്. അത് നിറവേറ്റാന്‍ അംബാനി കുടുംബം വിശ്വസിച്ചേല്‍പ്പിച്ചത്‌ പ്രശസ്ത മെഹന്ദി ആര്‍ട്ടിസ്റ്റായ വീണ നഗ്ദയെയാണ്. 

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹത്തോട് അനുബന്ധിച്ചുള്ള മെഹന്ദി നൈറ്റില്‍ താരമായത് വീണയായിരുന്നു. വധുവിന് പുറമെ അംബാനി കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ബോളിവുഡ് താരങ്ങളുടേയുമെല്ലാം കൈകള്‍ വീണ മെഹന്ദിയിലൂടെ സുന്ദരമാക്കി. ഇപ്പോള്‍ ഒളിമ്പിക്‌സ് നടക്കുന്ന പാരിസിലാണ് വീണയുള്ളത്.

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി സഹകരിച്ച് നിത അംബാനിയുടെ റിലയന്‍സ് ഫൗണ്ടേഷന്‍ കായിക പ്രേമികള്‍ക്കായി ഒളിമ്പിക്‌സ് വേദിയില്‍ ഒരുക്കിയ ഇന്ത്യ ഹൗസിന്റെ ഭാഗമായാണ് വീണ പാരിസിലെത്തിയത്. ഇന്ത്യയുടെ പരമ്പരാഗത കല, സംസ്‌കാരം, ഭക്ഷണം തുടങ്ങിയവ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഹൗസ് ഒരുക്കിയിരിക്കുന്നത്. 

ഇവിടെ എത്തുന്ന വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളുടെ കൈകള്‍ മൈലാഞ്ചിയിട്ട് സുന്ദരമാക്കുകയാണ് വീണ. പലര്‍ക്കും ഇത് ആദ്യ അനുഭവമാണെന്നും ചിലര്‍ അദ്ഭുതപ്പെട്ടെന്നും വീണ പറയുന്നു. തന്റെ കഴിവും കലയും പ്രകടപ്പിക്കാന്‍ അവസരം ഒരുക്കിയതിലെ നന്ദിയും അവര്‍ അറിയിച്ചു. 

ആനന്ദ് അംബാനിയുടെ വിവാഹ വേളയില്‍ നിത അംബാനിയുടെ കൈയില്‍ വീണ ചെയ്ത മെഹന്ദി ഡിസൈന്‍ ചര്‍ച്ചയായിരുന്നു. അംബാനി കുടുംബാംഗങ്ങളുടേയെല്ലാം പേരുകളാണ് വീണ മൈലാഞ്ചിയിലൂടെ ഡിസൈന്‍ ചെയ്തത്.
 

Content Highlights: nita ambanis mehendi artist applies olympic themed henna to fans in paris