ദസറ ആഘോഷങ്ങളില്‍ തിളങ്ങി അംബാനി കുടുംബം; വനിതാ കമാന്‍ഡോകള്‍ക്കൊപ്പം നിതയുടെ അത്താഴവിരുന്ന്

നിത അംബാനി സിആര്‍പിഎഫ് വനിതാ കമാന്‍ഡോസിനൊപ്പം
നിത അംബാനി സിആര്‍പിഎഫ് വനിതാ കമാന്‍ഡോസിനൊപ്പം

ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും സജീവമായി പങ്കെടുക്കുന്നതിലും അംബാനി കുടുംബത്തിന് അതീവതാല്‍പര്യവും സന്തോഷവുമാണ്. നവരാത്രി ആഘോഷങ്ങളിലെ മാ അംബേ ആരതിയിലും ഗര്‍ബയിലും അംബാനി കുടുംബം പങ്കെടുത്തതിന്റെ ചിത്രങ്ങളും വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. നവരാത്രി ആഘോഷ ചടങ്ങുകളില്‍ ഇളയപുത്രന്‍ ആനന്ദ് അംബാനിയുടേയും ഭാര്യ രാധിക മെര്‍ച്ചന്റ് അംബാനിയുടേയും ഒപ്പമാണ് നിത അംബാനി പങ്കെടുത്തത്.

ചടങ്ങുകളില്‍ ഇവരണിഞ്ഞെത്തുന്ന വേഷവിധാനങ്ങള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധയാകര്‍ഷിക്കുന്നത് പതിവാണ്. 'എത്‌നിക് ഫാഷന്റെ രാജ്ഞി' എന്നാണ് ഫാഷന്‍ പ്രേമികളായ ആരാധകര്‍ നിത അംബാനിയെ സംബോധന ചെയ്യുന്നത്. വി-നെക് ലൈനും ഗോള്‍ഡന്‍ സീക്വന്‍ എംബ്രോയിഡറി വര്‍ക്കുമുള്ള ബ്രൈറ്റ് റെഡ് കുര്‍ത്തയാണ് ആരതിക്കായി നിത ധരിച്ചെത്തിയത്. അതേ നിറത്തിലുള്ള പലാസ്സോ പാന്റ്‌സും ഗോള്‍ഡന്‍ ബോര്‍ഡറുകളും ചിത്രപ്പണികളുമുള്ള നെറ്റ് ദുപ്പട്ടയും നിത അംബാനിയെ കൂടുതല്‍ ആകര്‍ഷണീയയാക്കി. മള്‍ട്ടി ലെയറിലുള്ള പോള്‍ നെക്‌ലേസും വലിപ്പമേറിയ കമ്മലുകളും മോതിരവും നിത അണിഞ്ഞു. അത്യാവശ്യം മേക്കപ്പും ചെറിയ ചുവന്ന പൊട്ടും നിതയ്ക്ക് കൂടുതല്‍ ആഢ്യത്വം പകര്‍ന്നു. 

ആനന്ദ് അംബാനിയും രാധികയും പിങ്ക് നിറമുള്ള വസ്ത്രങ്ങളാണ് ധരിച്ചത്. സില്‍ക് എംബ്രോയിഡറിയുള്ള കുര്‍ത്തയും ഫ്‌ളെയേഡ് പാന്റ്‌സും നെറ്റ് ദുപ്പട്ടയും ചേര്‍ന്നതായിരുന്നു രാധികയുടെ വേഷം. വജ്രകമ്മലുകളും മിനിമല്‍ മേക്കപ്പും പോണിടെയ്‌ലും രാധികയുടെ ലുക്ക് പൂര്‍ണമാക്കി. റാണി പിങ്ക് കുര്‍ത്തയാണ് ആനന്ദ് ധരിച്ചത്, ഒപ്പം വെയ്സ്റ്റ് കോട്ടും ബീജ് നിറത്തിലുള്ള പാന്റ്‌സും. 

പേരക്കുട്ടി പൃഥ്വി അംബാനി പഠിക്കുന്ന ബാന്ദ്രയിലെ നിത മുകേഷ് അംബാനി ജൂനിയര്‍ സ്‌കൂളിലും നിത എത്തിയിരുന്നു. ശനിയാഴ്ച സ്‌കൂളിലെ പ്രത്യേക ദസറ അസംബ്ലിയില്‍ പങ്കെടുക്കാനാണ് നിത എത്തിയത്. പൃഥ്വിയ്ക്കും സഹപാഠികളായ കുട്ടികള്‍ക്കുമൊപ്പം നിത ആഘോഷങ്ങളില്‍ പങ്കെടുത്തു. മകള്‍ ഇഷ അംബാനിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കരീന കപൂറിന്റേയും സെയ്ഫ് അലി ഖാന്റേയും മകന്‍ ജഹാംഗീര്‍ അലി ഖാനുള്‍പ്പെടെ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. 

കൂടാതെ, വനിതാകമാന്‍ഡോകള്‍ മാത്രമുള്ള സിആര്‍പിഎഫ് സുരക്ഷാസംഘത്തോടൊപ്പമുള്ള അത്താഴവിരുന്നിലും നിത അംബാനി പങ്കെടുത്തു. 2013 മുതല്‍ നിത അംബാനിയ്ക്ക് വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നുണ്ട്. നിത അംബാനിയുടെ സുരക്ഷാച്ചുമതല നിര്‍വഹിക്കുന്ന സിആര്‍പിഎഫ് സംഘത്തോടൊപ്പമുള്ള നിതയുടെ ചിത്രങ്ങള്‍ ദുര്‍ഗ്ഗാപൂജാദിനത്തില്‍ നാരീശക്തിയ്ക്ക് ഉദാഹരണമായാണ് നിരീക്ഷിക്കപ്പെട്ടത്.
 

Content Highlights: Nita Ambani in Vijayadashami Festival