'ആനന്ദിന്റെ വിശ്വാസം ആഴത്തിലുള്ളതാണ്, ആത്മീയതയില്‍ വേരൂന്നിയ വ്യക്തിയാണ്'- നിത അംബാനി

മകന്‍ ആനന്ദ് അംബാനി ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ചും മരുമകള്‍ രാധിക മെര്‍ച്ചന്റിനെ കുറിച്ചും മനസ് തുറന്ന് സംസാരിച്ച് നിത അംബാനി. അമിതവണ്ണവുമായുള്ള മകന്റെ പോരാട്ടം ഇപ്പോഴും തുടരുകയാണെന്നും ആഴത്തിലുള്ള മതവിശ്വാസമാണ് മകന്റെ കരുത്തെന്നും നിത പറയുന്നു. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന കോണ്‍ഫെറന്‍സില്‍ സംസാരിക്കുകയായിരുന്നു അവര്‍.
'ആനന്ദ് എന്റെ ഇളയ കുട്ടിയാണ്. അവന്‍ കടുത്ത വിശ്വാസിയാണ്. ആത്മീയതയില്‍ ആഴത്തില്‍ വേരൂന്നിയവനുമാണ്. ജീവിതത്തിലുടനീളം അമിതവണ്ണത്തിനെതിരെ പോരാടിയവനാണ്. എന്നിട്ടും വളരെ പോസിറ്റീവായാണ് എപ്പോഴും ചിന്തിക്കുക. അതിനിടയില്‍ തന്റെ ജീവിത പങ്കാളിയായ രാധികയെ കണ്ടുമുട്ടുന്നു. അവര്‍ വളരേയധികം ഒത്തിണക്കത്തോടെയാണ് ജീവിക്കുന്നത്. എല്ലാതരത്തിലും മികച്ചുനില്‍ക്കുന്ന ദമ്പതിമാരാണ് അവര്‍.'-നിത അംബാനി പറയുന്നു.
കുട്ടിക്കാലം മുതല്‍ പരിചയമുള്ളവരാണ് രാധികയും ആനന്ദും. ഇരുവരും ഒരുമിച്ചുള്ള ചിത്രം 2018-ല്‍ പുറത്തുവന്നതോടെ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായി. പിന്നീട് അംബാനി കുടുംബത്തിന്റെ ചടങ്ങുകളിലെല്ലാം രാധിക പ്രത്യക്ഷപ്പെട്ടു. 2018-ലെ ഇഷ അംബാനിയുടേയും 2019-ലെ ആകാശ് അംബാനിയുടേയും വിവാഹത്തില്‍ രാധിക പങ്കെടുത്തിരുന്നു.
2024 ജൂലൈയിലായിരുന്നു ആനന്ദിന്റേയും രാധികയുടേയും വിവാഹം. മുംബൈയില്‍ നടന്ന വിവാഹം മൂന്ന് ദിവസം നീണ്ടുനിന്നു. അതിന് മുമ്പ് ഗുജറാത്തില്‍ പ്രീ വെഡ്ഡിങ് ആഘോഷങ്ങളും സംഘടിപ്പിച്ചിരുന്നു.
Content Highlights: nita ambani about son anant ambani