സ്‌കൂള്‍ പഠനം നിര്‍ത്തി, 9-ാം ക്ലാസിലെ ആദ്യ സംരംഭം അമ്മ തകര്‍ത്തു; തുറന്നുപറഞ്ഞ് സെറോദ സഹസ്ഥാപകന്‍

ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ സെറോദയുടെ സഹസ്ഥാപകന്‍ എന്ന നിലയില്‍ നിഖില്‍ കാമത്ത് പലര്‍ക്കും സുപരിചിതനാണ്. ഏതൊരു വ്യവസായിയെയും പോലെ പല വിധ വെല്ലുവിളികളിലൂടെ കടന്നാണ് നിഖിലിന്റേയും വളര്‍ച്ച.
ഇന്ത്യയിലെ കോടീശ്വര വ്യവസായികളില്‍ ഒരാളായ നിഖില്‍ കാമത്ത് സ്‌കൂളില്‍ പഠനം നിര്‍ത്തിയ ആളാണെന്ന് അറിയാമോ? സ്‌കൂള്‍ പഠനത്തോട് ഒട്ടും താത്പര്യമില്ലാതിരുന്ന നിഖില്‍സ്‌കൂള്‍ പഠന കാലത്ത് തന്നെ തന്റെ ആദ്യ സംരംഭം തുടങ്ങിയിരുന്നവത്രേ.
ലിങ്ക്ഡ് ഇന്‍ മേധാവി റയാന്‍ റോസ്ലാന്‍സ്‌കിയുമായുള്ള ഒരു സംഭാഷണത്തിനിടെയാണ് നിഖില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
താന്‍ ഒരിക്കലും സ്‌കൂള്‍ പഠനം ആസ്വദിച്ചിരുന്നില്ലെന്ന് നിഖില്‍ പറയുന്നു. അദ്ദേഹത്തിന്റെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, സ്‌കൂള്‍ പഠനത്തോട് വെറുപ്പായിരുന്നു. തന്നോട് എന്തെങ്കിലും ചെയ്യാന്‍ പറഞ്ഞാല്‍ അതിന്റെ നേര്‍ വിപരീതം പ്രവര്‍ത്തിക്കുന്ന നിഷേധിയായ കുട്ടിയായിരുന്നു താനെന്ന് നിഖില്‍ പറയുന്നു. പതിനഞ്ചോ പതിനാറോ വയസുള്ളപ്പോഴാണ് അദ്ദേഹം സ്‌കൂളില്‍ പോകുന്നത് അവസാനിപ്പിച്ചത്.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് നിഖില്‍ തന്റെ ആദ്യ സംരംഭം ആരംഭിച്ചത്. തന്റെ കയ്യില്‍ കിട്ടിയ ഒരു ഫോണ്‍ ലാഭത്തിന് വിറ്റായിരുന്നു അത്. ആ ലാഭത്തില്‍ കൂടുതല്‍ ഫോണുകള്‍ വാങ്ങി നിഖില്‍ തന്റെ ആദ്യ സൈഡ് ബിസിനസ് ആരംഭിച്ചു.
എന്നാല്‍ അമ്മ കയ്യോടെ പൊക്കുന്നത് വരെ മാത്രമേ ആ കൗമാരക്കാരന്റെ ആദ്യ സംരംഭത്തിന് ആയുസ്സുണ്ടായിരുന്നുള്ളൂ. മകന്റെ കയ്യില്‍ നിന്ന് പിടികൂടിയ ഫോണുകളെല്ലാം അമ്മ അന്ന് ടോയ്‌ലറ്റില്‍ കളഞ്ഞ് ഫ്‌ളഷ് ചെയ്തുവെന്ന് നിഖില്‍ പറയുന്നു.
അന്നത്തെ ആ ഫോണ്‍ കച്ചവടം ഒരു തുടക്കമായിരുന്നു, അത് ചെന്നെത്തിയത് സെറോദയിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സഹോദരനായ നിതിനുമായി ചേര്‍ന്നാണ് നിഖില്‍ സെറോദയ്ക്ക് തുടക്കമിട്ടത്. ആ സംരംഭം അദ്ദേഹത്തെ ഇന്ത്യയിലെ പ്രായം കുറഞ്ഞ കോടീശ്വരന്മാരില്‍ ഒരാളാക്കി വളര്‍ത്തി.
എന്നാല്‍ സ്‌കൂള്‍ പഠനം നിര്‍ത്തിയതിലും ഔദ്യോഗിക വിദ്യാഭ്യാസം ലഭിക്കാത്തതിലും അതിന്റേതായ പ്രശ്‌നങ്ങളുമുണ്ടെന്ന് കാമത്ത് സംഭാഷണത്തിനിടെ തുറന്ന് സമ്മതിക്കുന്നു. സഹപാഠികളായിരുന്നവര്‍ കോളേജില്‍ പഠിക്കുമ്പോള്‍ താന്‍ ഏറെ അരക്ഷിതത്വം അനുഭവിച്ചിരുന്നുവെന്നും, അങ്ങനെ അരക്ഷിതത്വം തോന്നുമ്പോഴെല്ലാം അതില്ലാതാക്കാന്‍ കയ്യില്‍ കിട്ടിയതെല്ലാം വായിക്കുമായിരുന്നുവെന്നും നിഖില്‍ പറഞ്ഞു.
Content Highlights: Nikhil Kamath, Zerodha co-founder, who dropped out of school and built a billion-dollar company