'വിവാഹത്തിന്‌ശേഷം ബില്ല് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയി'; ചിരിയോടെ നിക്ക് ജൊനാസ്

അഞ്ച് വര്‍ഷം മുമ്പായിരുന്നു നടി പ്രിയങ്ക ചോപ്രയും ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. 2018 ഡിസംബറില്‍ രാജസ്ഥാനില്‍ നടന്ന വിവാഹം എല്ലാവിധ ആഡംബരങ്ങളോടും കൂടിയുള്ളതായിരുന്നു. ജോധ്പുരിലെ കൊട്ടാരത്തില്‍ ഹിന്ദു, ക്രിസ്ത്യന്‍ മതാചാരപ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഏകദേശം മൂന്നരക്കോടി രൂപ ഇരുവരും വിവാഹത്തിനായി ചെലവഴിച്ചു.
ഇപ്പോഴിതാ ഈ ആഡംബര വിവാഹത്തെ കുറിച്ച് സംസാരിക്കുകയാണ് നിക്ക് ജൊനാസ്. അന്ന് ബില്ല് കണ്ടപ്പോള്‍ കണ്ണ് തള്ളിപ്പോയെന്നും അത്രയും പണം ചെലവാക്കിയതില്‍ ഖേദിക്കുന്നുവെന്നും നിക്ക് ജൊനാസ് പറയുന്നു. തമാശരൂപത്തിലാണ് നിക്ക് ഇക്കാര്യങ്ങള്‍ പറയുന്നത്. സഹോദരങ്ങളായ കെവിന്‍, ജോ എന്നിവര്‍ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനിടയിലായിരുന്നു നിക്കിന്റെ പ്രതികരണം. ഹല്‍ദി, സംഗീത് മെഹന്ദി ചടങ്ങുകള്‍ക്ക് ശേഷം രണ്ട് ആചാരപ്രകാരം ഇരുവരും വിവാഹിതരായി. അതിനുശേഷം മൂന്ന് റിസപ്ഷനുകളും സംഘടിപ്പിച്ചിരുന്നു.
സാംസ്‌കാരികപരമായി ഏറെ വ്യത്യാസമുള്ളതിനാല്‍ വിവാഹസമയത്ത് ഏറെ പ്രയാസങ്ങള്‍ നേരിട്ടിരുന്നുവെന്ന് നിക്ക് നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു. 'ഇന്ത്യന്‍ വിവാഹസമയത്ത് വധൂവരന്‍മാരെ അവരുടെ കുടുംബാംഗങ്ങള്‍ തോളില്‍ കയറ്റിയിരുത്തി പരസ്പരം ഹാരം അണിയിക്കുന്ന ചടങ്ങുണ്ട്. ആരാണോ ആദ്യം ഹാരം അണിയിക്കുന്നത് ആ കുടുംബം വളരെ പ്രബലമാണെന്ന് മറ്റുള്ളവര്‍ വിലയിരുത്തും.ഇന്ത്യന്‍ വിവാഹത്തെ കുറിച്ച് അറിവില്ലാത്തതിനാല്‍ ആ ചടങ്ങിനെ കുറിച്ച് കേട്ടപ്പോള്‍ എനിക്ക് വളരെ ബുദ്ധിമുട്ടുള്ളതായി തോന്നി. എന്നാല്‍ അത് ഏറെ ആസ്വദിച്ചു ചെയ്യാന്‍ പറ്റി. എല്ലാ കുടുംബാംഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കാന്‍ ആ ചടങ്ങ് മികച്ച മാര്‍ഗമാണെന്ന് ഞാന്‍ മനസിലാക്കി.' നിക്ക് നേരത്തെ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
അമേരിക്കന്‍ പൗരനായിരുന്നിട്ടുപോലും പ്രിയങ്കയുടെ മതത്തേയും വിശ്വാസത്തേയും താന്‍ ബഹുമാനിക്കുന്നുവെന്നും പ്രിയങ്കയെ വിവാഹം ചെയ്തതോടെ ഇന്ത്യന്‍ സംസ്‌കാരവും മതപരമായ അചാരങ്ങളും പഠിക്കാന്‍ സാധിച്ചുവെന്നും നിക്ക് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
2018ലാണ് പ്രിയങ്കയും നിക്കും വിവാഹിതരാകുന്നത്. 2017-ലെ മെറ്റ്ഗാല പുരസ്‌കാര വേദിയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയായിരുന്നു. 2022 ജനുവരി 15-നാണ് ഇരുവരും വാടക ഗര്‍ഭധാരണത്തിലൂടെ മകളെ വരവേറ്റത്.
Content Highlights: nick jonas says he regrets having a big fat wedding with priyanka chopra