നേഹ പറഞ്ഞതെല്ലാം കള്ളമെന്ന് സംഘാടകര്‍; 700 പേര്‍ മാത്രമായതിനാല്‍ വേദിയിലേക്ക് വരില്ലെന്ന് പറഞ്ഞു

മെല്‍ബണിലെ സംഗീത പരിപാടിക്കിടെ ഗായിക നേഹ കക്കര്‍ കരയുകയും ആരാധകരോട് മാപ്പ് പറയുകയും ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പരിപാടിക്ക് മൂന്ന് മണിക്കൂര്‍ വൈകി എത്തിയതിനെ തുടര്‍ന്ന് കാണികള്‍ രോഷാകുലരായതോടെയാണ് നേഹ വേദിയില്‍ കരഞ്ഞത്. സംഘാടകര്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും തനിക്കും ടീമിനും പരിപാടി അവതരിപ്പിക്കേണ്ടി വന്നുവെന്നും നേഹ വേദിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഓസ്‌ട്രേലിയയിലെ ഇവന്റ് പ്ലാനര്‍മാരായ പേസ് ഡിയും ബിക്രം സിങ് രണ്‍ധാവയും നേഹയ്‌ക്കെതിരെ രംഗത്തെത്തി. നേഹയുടെ അവകാശവാദങ്ങള്‍ സത്യമല്ലെന്ന് അവര്‍ പയുന്നു. 'മെല്‍ബണില്‍ നിന്നുള്ള ബീറ്റ് പ്രൊഡക്ഷനാണ് നേഹയെ ക്ഷണിച്ചത്. നേഹ പറഞ്ഞതെല്ലാം കള്ളമാണ്. ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ മാത്രം എന്തിന് മിണ്ടാതിരിക്കണം. ഇവന്റ് ഓര്‍ഗനൈസര്‍ ആയിരുന്ന പ്രീത് പബ്ല ഭായിയോട് ഞാന്‍ സംസാരിച്ചിരുന്നു. ഞാന്‍ അദ്ദേഹത്തോട് എല്ലാം ചോദിച്ചു. നേഹ കൃത്യസമയത്ത് എത്തിയില്ലെന്നും അതിനാലാണ് പരിപാടി വൈകിയതെന്നും പ്രീത് എന്നോട് പറഞ്ഞു. കാണികളായി 700 പേര്‍ മാത്രമുള്ളതിനാല്‍ വേദിയിലേക്ക് പോകില്ലെന്നും കൂടുതല്‍ ആളുകളെ വേണമെന്നും പറഞ്ഞ് നേഹ വാശി പിടിച്ചെന്നും പ്രീത് പറഞ്ഞു.' റാപ്പറും ഇവന്റ് ഹോസ്റ്റുമായ പേസ് ഡി, സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
'അവര്‍ സ്റ്റേജില്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു കാണികള്‍. എന്നാല്‍ അവര്‍ വന്നത് രാത്രി 10 മണിക്കാണ്. ഷെഡ്യൂള്‍ ചെയ്ത സമയം 7:30 ആയിരുന്നതിനാല്‍ രണ്ടര മണിക്കൂര്‍ വൈകി. അതിനാല്‍ കാണികള്‍ അസ്വസ്ഥരാകുകയും ദേഷ്യപ്പെടുകയും ചെയ്തു. ഓസ്ട്രേലിയയിലെ ആളുകള്‍ അവരുടെ സമയത്തിന് വലിയ വിലയാണ് നല്‍കുന്നത്. മറ്റു ജോലികളെല്ലാം മാറ്റിവെച്ച് കുടുംബത്തോടൊപ്പമാണ് അധികപേരും എത്തിയത്യ ചിലര്‍ 300 ഓസ്ട്രേലിയന്‍ ഡോളര്‍ വിലമതിക്കുന്ന ടിക്കറ്റുകള്‍ പോലും വാങ്ങിയിരുന്നു. അത് ഏകദേശം 15,000 മുതല്‍ 16,000 രൂപ വരെ വരും.'-പേസ് ഡിയെ പിന്തുണച്ച് ബിക്രം സിങ് രണ്‍ധാവ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ സംഘാടകരെ കുറ്റിപ്പെടുത്തിയാണ് നേഹ അന്ന് പ്രതികരിച്ചത. സംഘാടകര്‍ പണം നല്‍കാതെ മുങ്ങിയെന്നും തന്റെ ബാന്റിന് ഭക്ഷണം, താമസസൗകര്യം, വെള്ളം എന്നിവ ഏര്‍പ്പാടാക്കിയില്ലെന്നും ഷോയെ കുറിച്ച് ആശയവിനിമയം നടത്തുന്നതില്‍ പരാജയപ്പെട്ടെന്നും നേഹ ആരോപിച്ചിരുന്നു. പണം നല്‍കാത്തതിനാല്‍ സൗണ്ട് ചെക്ക് വൈകിയെന്നും അവര്‍ ആരോപിച്ചിരുന്നു. എ്ന്നാല്‍ ഇതെല്ലാം പേസ് ഡിയും ബിക്രം സിങ്ങും നിഷേധിച്ചു. നേഹ വരുന്നതിന് മുമ്പ് അവിടെ പരിപാടി ഉണ്ടായിരുന്നെന്നും മൈക്കും മറ്റ് കാര്യങ്ങളും കൃത്യമായി സജ്ജീകരിച്ചിരുന്നുവെന്നും പേസ് ഡി പറയുന്നു.
Content Highlights: neha kakkar lied about melbourne concert delay