'ഭർത്താവ് മരിച്ചതിന് പിന്നാലെ അവൾ ജോലിക്ക് പോയെന്ന പരിഹാസങ്ങൾ വേദനിപ്പിച്ചു'- നീതു കപൂർ

ഭർത്താവും ബോളിവുഡ് താരവുമായ ഋഷി കപൂറിന്റെ വിയോഗത്തിനുശേഷം കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി നീതു കപൂർ. ഉറക്കം ലഭിക്കാനായി മദ്യത്തെ ആശ്രയിക്കേണ്ടി വന്നുവെന്നും ആ അവസ്ഥയിൽ തനിക്ക് തന്നോട് തന്നെ ദേഷ്യം തോന്നിയിരുന്നുവെന്നും നീതു വെളിപ്പെടുത്തി. ഋഷി കപൂറിന്റെ മരണശേഷം സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ പരിഹാസങ്ങളും വിമർശനങ്ങളും നേരിടേണ്ടി വന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സോഹ അലി ഖാന്റെ യുട്യൂബ് ഷോയായ ഓൾ എബൗട്ട് ഹെറിലാണ് നീതു ഇക്കാര്യങ്ങൾ സംസാരിച്ചത്. മകൾ റിദ്ധിമ കപൂറും ഷോയിൽ നീതുവിനൊപ്പം ഉണ്ടായിരുന്നു. രക്താർബുദത്തെ തുടർന്ന് 2020 ഏപ്രിലിലാണ് ഋഷി കപൂർ മരിച്ചത്.
'ഋഷി മരിച്ചപ്പോൾ ഏകദേശം മൂന്ന് മാസത്തോളം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ മദ്യപിക്കാൻ തുടങ്ങി. മദ്യപിക്കാതെ ഉറങ്ങാനാകാത്ത അവസ്ഥയായി. എന്നോട് തന്നെ എനിക്ക് വെറുപ്പ് തോന്നി. ഞാൻ ഇങ്ങനെ ഒരാളല്ല എന്ന് ഡോക്ടറോട് പറഞ്ഞു. അദ്ദേഹം നൽകിയ പത്ത് ദിവസത്തെ ചികിത്സയിലൂടെ ആ ശീലത്തിൽ നിന്ന് മോചിതയായി. പതിനൊന്നാം ദിവസം എനിക്ക് ആത്മവിശ്വാസം തിരിച്ചുകിട്ടി.'-നീതു പറയുന്നു. തെറാപിസ്റ്റുകളേക്കാൾ തനിക്ക് വിശ്വാസം സുഹൃത്തുക്കളെയാണെന്നും നമുക്ക് മനസ് തുറക്കാൻ കഴിയുന്ന 4-5 സുഹൃത്തുക്കൾ കൂടെയുണ്ടാകണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇത്തരം ചിന്തകളിൽ നിന്ന് രക്ഷപ്പെടാനാണ് താൻ സിനിമയിലേക്ക് വീണ്ടും വന്നതെന്നും നീതു വ്യക്തമാക്കി. സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് തന്നെ പ്രോത്സാഹിപ്പിച്ചതെന്നും നീതു പറയുന്നു. അദ്ദേഹത്തിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് 'ജഗ്ജഗ് ജിയോ' ചെയ്യുന്നത്. 'ഓരോ ഷോട്ടിന് മുമ്പും ഞാൻ വിറച്ചു. വർഷങ്ങളോളം ക്യാമറയ്ക്ക് മുന്നിൽനിന്ന വ്യക്തിയായിട്ടും എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷേ ആ ജോലിയാണ് എന്നെ രക്ഷിച്ചത്'- നീതു പറയുന്നു.
സിനിമയിലേക്ക് തിരിച്ചെത്തിയപ്പോൾ പലരും തന്നെ പരിഹസിച്ചുവെന്നും അവർ വ്യക്തമാക്കുന്നു. 'ആത്മവിശ്വാസം വീണ്ടെടുക്കാൻ വേണ്ടി മാത്രമാണ് ഞാൻ ജോലിക്ക് പോയത്. ഞാൻ വളരെ മോശം അവസ്ഥയിലായിരുന്നു. 'അദ്ദേഹം മരിച്ചു, പിന്നാലെ അവൾ ജോലിക്ക് പോയി' എന്ന് ആളുകൾ പറഞ്ഞപ്പോൾ വളരെ വേദന തോന്നി. അത് വളരെ ഭീകരമായിരുന്നു. എന്നാൽ ഞാൻ എന്തുകൊണ്ടാണ് തിരിച്ചെത്തിയതെന്ന് അവർക്ക് അറിയില്ല. പണമോ നിലനിൽപ്പോ ആയിരുന്നില്ല എന്റെ ലക്ഷ്യം. ജോലി നൽകിയ സന്തോഷമായിരുന്നു.'-നീതു കൂട്ടിച്ചേർത്തു.
Content Highlights: Neetu Kapoor addresses the harsh criticism she received for returning to work after Rishi Kapoor's passing., The actor explains that work was a coping mechanism to regain confidence and mental health., Candid revelation about her struggle with insomnia and seeking medical help after her loss.