‘തിളക്കമില്ലാതെ എങ്ങനെ ഡിസൈൻ ചെയ്യുമെന്ന് അമ്പരന്നു’, ഐശ്വര്യ ധരിച്ച ചുവപ്പ് ലെഹംഗ പിറന്നതിങ്ങനെ

#Lifestyle Desk
ജോധാ അക്ബറിൽ നീത ലുല്ല ഡിസൈൻ ചെയ്ത ചുവപ്പ് ലെഹംഗയിൽ ഐശ്വര്യ റായ്
ജോധാ അക്ബറിൽ നീത ലുല്ല ഡിസൈൻ ചെയ്ത ചുവപ്പ് ലെഹംഗയിൽ ഐശ്വര്യ റായ്

ബോളിവുഡ് താരങ്ങളായ ഐശ്വര്യ റായിയും ഹൃതിക് റോഷനും പ്രധാന കഥാപാത്രങ്ങളായ ജോധ അക്ബർ ബോക്സോഫീസ് ഹിറ്റായിരുന്നു. ചിത്രത്തിലെ പ്രകടനവും ഗാനങ്ങളുമൊക്കെ ഹിറ്റായതുപോലെ വസ്ത്രധാരണവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിൽവർ സ്ക്രീനിൽ ഐശ്വര്യ ധരിച്ച ഏറ്റവും മികച്ച വസ്ത്രങ്ങളിലൊന്നായാണ് ജോധാ അക്ബറിലെ ചുവപ്പ് ലെഹംഗ അറിയപ്പെടുന്നത്. ഇപ്പോഴിതാ ആ ലെഹംഗ ഡിസൈൻ ചെയ്തതിനേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ഡിസൈനറായ നീതാ ലുല്ല. 

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് നീത ഇതേക്കുറിച്ച് പങ്കുവെച്ചിരിക്കുന്നത്. ജോധാ അക്ബറിനുവേണ്ടി താൻ 2,600 വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നുവെന്ന് നീത പറഞ്ഞു. പക്ഷേ താൻ നേരിട്ട വെല്ലുവിളി ഷൂട്ടിങ്ങിന്റെ ഏറെഭാഗവും സ്വാഭാവിക വെളിച്ചത്തിൽ ആയിരുന്നുവെന്നതാണ്. അത് കേൾക്കുമ്പോൾ മനോഹരമെന്ന് തോന്നുമെങ്കിലും സ്വാഭാവിക വെളിച്ചം എല്ലാ തിളക്കമുള്ള വസ്ത്രങ്ങളെയും എടുത്തുകാണിക്കും. അതുകൊണ്ട് ഓരോ ലെഹംഗയും ദുപ്പട്ടയും ഓരോ ചെറിയ വസ്ത്രവും തിളക്കമില്ലാതിരിക്കണം. മുഗൾ ബ്രൈഡൽ ഔട്ട്ഫിറ്റ് തിളക്കമില്ലാതെ എങ്ങനെ മികച്ചതായി കാണിക്കാം എന്നതാണ് താൻ അമ്പരന്നതെന്ന് നീത പറയുന്നു.

അങ്ങനെയാണ് ആ ചുവപ്പ് ലെഹംഗയിൽ എത്തിച്ചേരുന്നത്. ഓർഗാനിക് മൽ കോട്ടണിൽ കസബ്, റെഷം ഡിസൈനിൽ എംബ്രോയ്ഡറി ചെയ്ത് ബ്രൊക്കേഡ് പോലെ തോന്നിപ്പിക്കുകയാണ് ചെയ്തത്. ക്യാമറയിൽ ലക്ഷൂറിയസ് ആയി തോന്നിക്കുകയും ചെയ്തു. ഇന്നും പലരും തങ്ങളുടെ വിവാഹദിനത്തിനു വേണ്ടി ആ ലെഹംഗ പുനരാവിഷ്കരിക്കുന്നത് കാണാറുണ്ടെന്നും അതാണ് സിനിമയിലെ വസ്ത്രധാരണത്തിന്റെ ശക്തിയെന്നും നീത പറഞ്ഞു.

അശുതോഷ് ഗൊവാരികർ 2008-ൽ സംവിധാനം ചെയ്ത ചരിത്രസിനിമയാണ് 'ജോധാ അക്ബർ' (jodhaa akbar). മികച്ച കൊറിയോഗ്രഫി, മികച്ച വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ദേശീയപുരസ്‌കാരം ലഭിച്ച സിനിമയ്ക്ക് 10 ഐഫ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.

Content Highlights: Neeta Lulla designed 2,600 costumes for the film Jodhaa Akbar., The challenge was to create non-reflective bridal wear for natural lighting conditions.