'അമ്മമാര്‍ നയിക്കുന്ന ലോകമാണെങ്കില്‍ എത്ര സുന്ദരമായേനേ'; അതിര്‍ത്തികള്‍ മായ്ച്ച് സരോജും റസിയയും

നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി/ നദീം അര്‍ഷാദിന്റെ അമ്മ റസിയ പര്‍വീണ്‍ | Photo: x
നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി/ നദീം അര്‍ഷാദിന്റെ അമ്മ റസിയ പര്‍വീണ്‍ | Photo: x

സ്‌നേഹം നിറച്ച ഇന്‍സ്ട്രുമെന്റ് ബോക്‌സിലെ ഇറേസര്‍ കൊണ്ട് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ശത്രുതയുടെ അതിര്‍ത്തികള്‍ മായ്ച്ചുകളയുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസം പാരിസ് ഒളിമ്പിക്‌സില്‍ നമ്മള്‍ കണ്ടത്. ജാവലിന്‍ ത്രോയില്‍ മത്സരിക്കാനെത്തിയ ഇന്ത്യയുടെ നീരജ് ചോപ്രയും പാകിസ്താന്റെ അര്‍ഷാദ് നദീമും ആറ് ശ്രമങ്ങള്‍ക്കൊടുവില്‍ യഥാക്രമം വെള്ളിയും സ്വർണവും കഴുത്തിലണിഞ്ഞു. 

ഇതിന് പിന്നാലെ ഇരുവരുടേയും അമ്മമാരുടെ പ്രതികരണം ഇരുരാജ്യങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ പുഴയായി ഒഴുകുകയാണ്. സ്വര്‍ണം നേടിയ കുട്ടിയും തന്റെ മകനാണെന്നായിരുന്നു ഹരിയാണയിലെ ഖാന്ദ്ര ഗ്രാമത്തില്‍ നിന്ന് നീരജിന്റെ അമ്മ സരോജ് ദേവി മാധ്യമങ്ങളോട് പ്രതികരിച്ചത്. 

'വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. പരിക്കിന്റെ പിടിയില്‍ നിന്നും തിരിച്ചുവന്നാണ് ഈ മെഡല്‍ നേട്ടം. മകന്റെ പ്രകടനത്തില്‍ അതിയായ സന്തോഷമുണ്ട്. സ്വര്‍ണം നേടിയ നദീമും ഞങ്ങളുടെ മകനാണ്. കഠിനധ്വാനം ചെയ്താണ് എല്ലാവരും ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്.' സരോജ് ദേവി മാധ്യമങ്ങളോട് പറഞ്ഞു. 

പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ മിയാന്‍ ചന്നുവില്‍ കുടുംബത്തോടൊപ്പം മകന്റെ മത്സരം വീക്ഷിച്ചശേഷം അര്‍ഷാദ് നദീമിന്റെ മാതാവ് റസിയ പര്‍വീണ്‍ പറഞ്ഞത് താന്‍ നീരജിനുവേണ്ടിയും പ്രാര്‍ഥിച്ചിരുന്നുവെന്നാണ്. 

'നീരജും എനിക്ക് മകനെ പോലെയാണ്. നദീമിന്റെ അടുത്ത സുഹൃത്തും സഹോദരനുമാണ് അവന്‍. ജയവും തോല്‍വിയും മത്സരത്തിന്റെ ഭാഗമാണ്. അവനെ ദൈവം അനുഗ്രഹിക്കട്ടെ. അവന് ഇനിയും മെഡലുകള്‍ നേടാന്‍ കഴിയട്ടെ. അവര്‍ സഹോദരങ്ങളെപ്പോലെയാണ്. ഞാന്‍ നീരജിന് വേണ്ടിയും പ്രാര്‍ഥിച്ചിരുന്നു.' അര്‍ഷാദിന്റെ അമ്മ പറയുന്നു. 

ഈ രണ്ട് വീഡിയോയും ചേര്‍ത്തുവെച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. 'അമ്മമാര്‍ നയിക്കുന്ന ലോകമാണെങ്കില്‍ എത്ര സുന്ദരമായേനേ', 'ഈ രണ്ട് സ്ത്രീകളേയും ബഹുമാനിക്കുന്നു', 'ലോകത്തെ എല്ലായിടത്തേയും അമ്മമാരുടെ മനസ് ഇങ്ങനെയായിരിക്കും', 'സ്‌നേഹത്തിന്റെ പര്യായമാണ് അമ്മ' എന്നെല്ലാമാണ് വീഡിയോയ്‌ക്കൊപ്പം അവര്‍ കുറിച്ചിരിക്കുന്നത്.
 

Content Highlights: neeraj chopra and arshad nadeems mothers response after paris olympics performance