'ഒന്നുമറിയാത്ത ബംഗാളികളുടെ കൈയിൽ കൊടുത്ത് ഈ പാവത്തെ അവർ കൊന്നു'; പെറ്റ് ഹോസ്പിറ്റലിനെതിരെ നാദിർഷാ

നാദിർഷാ തന്റെ വളർത്തുപൂച്ചയ്ക്കൊപ്പം, എറണാകുളം പെറ്റ് ഹോസ്പിറ്റൽ | Photos: facebook.com/Nadhirshahofficial
നാദിർഷാ തന്റെ വളർത്തുപൂച്ചയ്ക്കൊപ്പം, എറണാകുളം പെറ്റ് ഹോസ്പിറ്റൽ | Photos: facebook.com/Nadhirshahofficial

കൊച്ചി: തന്റെ വളര്‍ത്തുപൂച്ചയെ എറണാകുളത്തെ സ്വകാര്യ പെറ്റ് കെയർ സെന്റർ കൊന്നുവെന്ന ആരോപണവുമായി നടനും സംവിധായകനുമായ നാദിര്‍ഷാ. പാലാരിവട്ടം മാമംഗലത്തുള്ള എറണാകുളം പെറ്റ് ഹോസ്പിറ്റൽ എന്ന സ്ഥാപനത്തിനെതിരെയാണ് നാദിര്‍ഷായുടെ ആരോപണം. ഇവിടേക്ക് വളര്‍ത്തുമൃഗങ്ങളുമായി ആരും പോകരുതെന്നും നാദിര്‍ഷാ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ആരോഗ്യവാനായ വളര്‍ത്തുപൂച്ചയെ കുളിപ്പിക്കാന്‍ വേണ്ടിയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് നാദിര്‍ഷാ പറയുന്നു. ഒന്നുമറിയാത്ത ബംഗാളികളുടേയും മലയാളികളുടേയും കൈയില്‍ കൊടുത്ത് പൂച്ചയെ അവര്‍ കൊന്നുകളഞ്ഞു. അവിടെ ഡോക്ടര്‍മാര്‍ എന്ന് പറഞ്ഞിരിക്കുന്ന വിവരവും വിദ്യാഭ്യാസവുമില്ലാത്ത വൃത്തികെട്ടവന്മാരുടെ കൈയില്‍ വളര്‍ത്തുമൃഗങ്ങളെ നല്‍കരുതെന്നും അദ്ദേഹം കുറിച്ചു. ആശുപത്രിക്കെതിരെ കേസ് കൊടുത്തതായും നാദിര്‍ഷാ കൂട്ടിച്ചേര്‍ത്തു. 

പിന്നാലെ മറ്റൊരു പോസ്റ്റില്‍ വളര്‍ത്തുപൂച്ചയ്‌ക്കൊപ്പമുള്ള ചിത്രം നാദിര്‍ഷാ പങ്കുവെച്ചു. 'ഈ പാവത്തിനെ കൊന്നു. പെറ്റ് ഹോസ്പിറ്റല്‍ മൃഗങ്ങള്‍' എന്നാണ് നാദിര്‍ഷാ ചിത്രത്തിനൊപ്പം കുറിച്ചത്. ഒട്ടേറെ പേരാണ് നാദിര്‍ഷായെ ആശ്വസിപ്പിച്ചുകൊണ്ട് രണ്ട് പോസ്റ്റുകളിലും കമന്റുകളിട്ടത്. സമാനമായ അനുഭവങ്ങളും പലരും കമന്റ് ബോക്‌സില്‍ പങ്കുവെച്ചു. 

Content Highlights: Malayalam actor and director Nadhirshah accuses Ernakulam Pet Hospital of killing his cat