ബദരീനാഥ്-കേദാർനാഥ് ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി; സംഭാവനയായി നൽകിയത് 5 കോടി | VIDEO

photo:@csthirty
photo:@csthirty

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ദീപാവലിക്കു മുന്നോടിയായാണ് അദ്ദേഹം ക്ഷേത്രദര്‍ശനത്തിനെത്തിയത്. ബദരീനാഥ്-കേദാർനാഥ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ അദ്ദേഹത്തെ സ്വാ​ഗതം ചെയ്തു. വൻ സുരക്ഷാവലയത്തിലായിരുന്നു അംബാനിയുടെ സന്ദർശനം. വലിയ ജനാവലിയും ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നു. വെള്ള കുർത്തയും ബീജ് നിറത്തിലുള്ള ജാക്കറ്റും ധരിച്ചെത്തിയ അദ്ദേഹം, ഭക്തരോടൊപ്പം ഫോട്ടോയും എടുത്തു. 

ക്ഷേത്രത്തിലേക്ക് അഞ്ച് കോടി രൂപ അംബാനി സംഭാവന നൽകിയതായി സി.എൻ.ബി.സി. ടിവി18 റിപ്പോർട്ടു ചെയ്തു.  കഴിഞ്ഞ വർഷവും അദ്ദേഹം ബദരീനാഥ്, കേദാർനാഥ് ക്ഷേത്രങ്ങളിൽ ദർശനം നടത്തിയിരുന്നു. അന്ന് ആനന്ദ് അംബാനിയും രാധിക മെര്‍ച്ചന്റും ഒപ്പമുണ്ടായിരുന്നു. 2022-ൽ ക്ഷേത്രത്തിലെത്തിയ അംബാനി കുടുംബം അന്നും അഞ്ച് കോടി രൂപ സംഭാവന നൽകിയിരുന്നു. 

പതിവായി ക്ഷേത്രങ്ങൾ സന്ദർശിക്കുകയും സംഭാവന നൽകുകയും ചെയ്യുന്ന വ്യക്തിയാണ് മുകേഷ് അംബാനി. കഴിഞ്ഞ വർഷം ​ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ അദ്ദേഹം അന്നദാന ഫണ്ടിലേക്ക് ഒന്നര കോടി രൂപയാണ് നൽകിയത്. നേരത്തേ, ഗണേശചതുര്‍ഥി ആഘോഷത്തോടനുബന്ധിച്ച് മുംബൈയിലെ ലാല്‍ബാഗ്ചാ രാജ വി​ഗ്രഹത്തിന്, 15കോടി രൂപ വിലമതിക്കുന്ന 20 കിലോയുടെ സ്വര്‍ണകിരീടം ആനന്ദ് അംബാനി അര്‍പ്പിച്ചിരുന്നു. 
 

Content Highlights: Mukesh Ambani donates 5 crore to Badrinath and Kedarnath shrines during visit