കിടിലന്‍ ലുക്കില്‍ കാരവാനില്‍ നിന്നിറങ്ങി ധോനി; 43-കാരനാണോ എന്ന് ആരാധകര്‍

മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനി രാജ്യാന്തര ക്രിക്കറ്റ് മതിയാക്കിയിട്ട് അഞ്ചു വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഇതിനിടയ്ക്ക് ഐപിഎല്ലില്‍ മാത്രമാണ് ധോനി തന്റെ സാന്നിധ്യമറിയിക്കുന്നത്. എന്നിട്ടും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ താരത്തിന്റെ പേര് നിറഞ്ഞുനില്‍ക്കുകയാണ്. ഇപ്പോഴിതാ ധോനിയുടെ പുതിയ ലുക്കും സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.
2004-ല്‍ കരിയര്‍ തുടങ്ങിയകാലംതൊട്ട് ധോനിയുടെ സ്‌റ്റൈല്‍ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. കരിയറിന്റെ തുടക്ക കാലത്ത് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംനിറയുന്ന സമയം ധോനിയുടെ നീളന്‍ മുടിയായിരുന്നു ട്രെന്‍ഡിങ്. പിന്നീട് അത് വെട്ടിയൊതുക്കിയ ലുക്കും ആരാധകര്‍ ഏറ്റെടുത്തു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ വീണ്ടും നീളന്‍ മുടിയുമായി ധോനി പ്രത്യക്ഷപ്പെട്ടപ്പോഴും ആരാധകര്‍ അദ്ഭുതപ്പെട്ടു.
ഇപ്പോള്‍ മുടിവെട്ടിയൊതുക്കി കളര്‍ ചെയ്ത്, വെളുത്ത വെസ്റ്റും സണ്‍ഗ്ലാസും ധരിച്ച് സ്‌റ്റൈലായി കാരവാനില്‍ നിന്നിറങ്ങുന്ന ധോനിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. 2025 ഐപിഎല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി ധോനി കളിക്കാനുണ്ടാകുമോ എന്ന് ആരാധകര്‍ സംശയിക്കുന്ന സമയത്താണ് സ്വതവേ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ധോനിയുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലായില്‍ 43 വയസ് തികഞ്ഞ ധോനിയുടെ ഫിറ്റ്‌നസ് ആരെയും അമ്പരപ്പിക്കുന്നതാണ്. ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ഏതൊരു താരത്തിനൊപ്പമോ അതിലേറെയോ കായികക്ഷമതയുള്ള താരമാണ് ധോനി.