ജീവിച്ചിരിക്കുമ്പോള്‍ നടന്നില്ല, അമ്മ ലോകം കാണട്ടെ; ചിതാഭസ്മം കുപ്പിയിലാക്കി കടലിലൊഴുക്കി മകള്‍

കടല്‍തീരത്ത് നിന്ന് ലഭിച്ച കുപ്പി/  കുപ്പിയില്‍ എഴുതിയിട്ട കുറിപ്പുമായി കാരാ മെലിയ | Photo: facebook/ kelly sheridan/ cara melia
കടല്‍തീരത്ത് നിന്ന് ലഭിച്ച കുപ്പി/ കുപ്പിയില്‍ എഴുതിയിട്ട കുറിപ്പുമായി കാരാ മെലിയ | Photo: facebook/ kelly sheridan/ cara melia

മാതാപിതാക്കളുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നവരാകും മിക്ക മക്കളും. അച്ഛനേയും അമ്മയേയും വിദേശത്തേക്ക് യാത്ര കൊണ്ടുപോകുന്നത് മുതല്‍ അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം വാങ്ങിക്കൊടുക്കുന്നതുവരെ ഈ ആഗ്രഹങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടും. യുകെ സ്വദേശിയായ കാരാ മെലിയ എന്ന 24-കാരിയും ഇത്തരത്തില്‍ അമ്മ വെന്‍ഡി ഷാഡ്വികിന്റെ ആഗ്രഹം നിറവേറ്റിക്കൊടുത്തു. എന്നാല്‍ വിചിത്രമായ രീതിയിലാണെന്ന് മാത്രം. അമ്മയുടെ മരണശേഷമാണ് കാരാ മെലിയ ആഗ്രഹം സഫലമാക്കിക്കൊടുത്തത്. 

ജീവിതകാലം മുഴുവന്‍ വെന്‍ഡി ഷാഡ്വികിന് ഒരൊറ്റ സ്വപ്നം മാത്രമേയുണ്ടായിരുന്നുള്ളു. ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന്. എന്നാല്‍ അഞ്ച് മക്കളെ ഒറ്റയ്ക്ക് വളര്‍ത്തേണ്ടി വന്നതിനാല്‍ അതിന് സാധിച്ചില്ല. അമ്മയുടെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മക്കള്‍ ശ്രമിച്ചെങ്കിലും അതിന് മുമ്പ് അവര്‍ ലോകത്ത് നിന്ന് തന്നെ യാത്രയായി. ഇതോടെ ഈ ദുഃഖം കാരയെ അലട്ടാന്‍ തുടങ്ങി. തുടര്‍ന്ന് അവര്‍ കണ്ടെത്തിയ വഴിയാണ് ചിതാഭസ്മം കടലില്‍ ഒഴുക്കി വിടുക എന്നത്. 

അങ്ങനെ അമ്മയുടെ ചിതാഭസ്മം ഒരു ചില്ലുകുപ്പിയിലാക്കിയശേഷം ഇംഗ്ലണ്ടിലെ സ്‌കെഗ്നസ് കടല്‍തീരത്ത് നിന്ന് ഒഴുക്കിവിട്ടു. ഈ കുപ്പിക്കുള്ളില്‍ ഒരു കുറിപ്പും കാര എഴുതിയിട്ടിട്ടുണ്ടായിരുന്നു. 'ഇത് എന്റെ അമ്മയാണ്. കുപ്പി കയ്യില്‍ കിട്ടുന്നവര്‍ അത് തിരികെ കടലിലേക്ക് തന്നെ തിരിച്ചിടണം. കാരണം എന്റെ അമ്മ ലോകം മുഴുവന്‍ കാണാനുള്ള യാത്രയിലാണ്.' - എന്നായിരുന്നു കടലാസില്‍ കുറിച്ചത്. 

വെന്‍ഡി ഷാഡ്വിക്ക് മക്കളോടൊപ്പം | Photo: facebool/ cara melia

കുപ്പി ഒഴുക്കിവിട്ട് 12 മണിക്കൂറിനുള്ളില്‍തന്നെ അത് സ്‌കെഗ്നസ് കടല്‍തീരത്ത് തന്നെ വന്നടിഞ്ഞു. കുപ്പി കണ്ടെത്തിയ കെല്ലി ഷെറിദാന്‍ എന്ന വ്യക്തി ഇതിന്റെ ചിത്രങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ കാരയുടേയും അമ്മ വെന്‍ഡി ഷാഡ്വികിന്റേയും കഥ വൈറലായി. കാരയുടെ നിര്‍ദേശംപോലെത്തന്നെ കുപ്പി തിരിച്ച് കടലില്‍ തന്നെ നിക്ഷേപിച്ചിട്ടുണ്ടെന്നും കുപ്പി കണ്ടെത്തിയ കെല്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. 

എന്നാല്‍ അമ്മ മറ്റേതോ രാജ്യത്ത് എത്തിയിട്ടുണ്ടാകുമെന്ന് കരുതിയിരുന്ന സമയത്ത് തിരികെ നാട്ടിലേക്ക് തന്നെ മടങ്ങിയെത്തിയത് വിശ്വസിക്കാനാകുന്നില്ലെന്നായിരുന്നു കാരയുടെ പ്രതികരണം. ഒരിക്കല്‍കൂടി യാത്ര പറയാന്‍ വന്നതാകുമെന്നും ലോകം കാണാന്‍ അമ്മയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.

Content Highlights: mothers ashes put to sea to travel the world