‘അവന് തണുക്കും’; പാക് ആക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ,വൈകാരിക വീഡിയോ

#Lifestyle Desk
അമ്മ പുതപ്പ് പുതപ്പിച്ച ഗുർനാമിന്റെ പ്രതിമ, ഗുർനാം സിങ് | Photos: X
അമ്മ പുതപ്പ് പുതപ്പിച്ച ഗുർനാമിന്റെ പ്രതിമ, ഗുർനാം സിങ് | Photos: X

രാജ്യത്തെ മുഴുവനാളുകളുടെയും സ്‌നേഹവും ബഹുമാനവും ലഭിക്കുന്നവരാണ് പട്ടാളക്കാർ. എന്നാൽ ആ സ്‌നേഹത്തേക്കാൾ ഏറെ വലുതാണ് ഓരോ പട്ടാളക്കാരുടേയും കുടുംബം, അവർക്ക് നൽകുന്ന സ്‌നേഹം. അതിൽ തന്നെ അമ്മയുടെ സ്‌നേഹം ഏറെ പ്രത്യേകതയുള്ളതാണ്. അത്തരത്തിൽ ഒരമ്മയുടെ സ്‌നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പാകിസ്താൻ പട്ടാളത്തിന്റെ വെടിയേറ്റ് വീരമൃത്യു വരിച്ച ഗുർനാം സിങ്ങിന്റെ അമ്മയാണ് മകന്റെ പ്രതിമയെ പുതപ്പുകൊണ്ട് പുതപ്പിച്ചത്. അസ്ഥി തുളയ്ക്കുന്ന തണുപ്പത്ത് മകനെ എങ്ങനെ പുറത്ത് ഒറ്റയ്ക്ക് തനിച്ചാക്കുമെന്ന് ചോദിച്ചുകൊണ്ടാണ് ഗുർനാമിന്റെ അമ്മ ജസ്വന്ത് കൗർ മകന്റെ പ്രതിമയെ പുതപ്പിച്ചത്. 

'ഞാനൊരമ്മയാണ്. ഇവിടെ അസ്ഥി തുളയ്ക്കുന്ന തണുപ്പാണ്. ശരീരം ചൂടുപിടിപ്പിക്കാൻ നമ്മൾ പോലും കഷ്ടപ്പെടുന്നു. എനിക്ക് എങ്ങനെ എന്റെ മകന്റെ പ്രതിമയെ ഈ തണുപ്പത്ത് തനിച്ചാക്കി പോകാൻ കഴിയും? ത്രിവർണ പതാക പാറിപ്പറക്കുന്നത് നിങ്ങൾ കാണുന്നുവെങ്കിൽ അത് കാറ്റ് വീശുന്നത് കൊണ്ടല്ല, മറിച്ച് ഗുർനാമിനെ പോലെയുള്ള പട്ടാളക്കാരുടെ അവസാന ശ്വാസം ഇവിടെയുള്ളതുകൊണ്ടാണ്.' -ജസ്വന്ത് കൗർ പറഞ്ഞു.

2016 ഒക്ടോബർ 21-ന് രാത്രിയാണ് ഗുർനാം കൊല്ലപ്പെടുന്നത്. ഹിരാ നഗർ സെക്ടറിലെ അതിർത്തിയിൽ വെച്ചായിരുന്നു സംഭവം. പാക് സ്‌നൈപ്പറുടെ വെടിയുണ്ടയേറ്റാണ് ഗുർനാം രാജ്യത്തിനായി ജീവത്യാഗം ചെയ്തത്. അതിന് ഒരുദിവസം മുമ്പ് ഗുർനാം ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തുകയും ഒരു ഭീകരനെ വധിക്കുകയും ചെയ്തിരുന്നു.

Content Highlights: In a moving gesture, Jaswant Kaur wrapped her martyred son Gurnam Singh's statue in a blanket to protect him from the biting winter. The brave soldier lost his life in 2016 while defending the border against a Pakistani sniper attack.