'മാന്യമായി വസ്ത്രം ധരിക്കണം'; സ്ലീവ്‌ലെസ് വേഷത്തില്‍ പൂ മാര്‍ക്കറ്റിലെത്തിയ യുവതിക്കെതിരെ സദാചാര ആക്രമണം, ചോദ്യം ചെയ്ത് യുവതി | വീഡിയോ

വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen grabs from social media video
വീഡിയോയിൽ നിന്നുള്ള ദൃശ്യങ്ങൾ | Photos: Screen grabs from social media video

പൂമാര്‍ക്കറ്റിലെ കച്ചവടക്കാർ സദാചാര ആക്രമണം നടത്തിയെന്ന ആരോപണവുമായി യുവതി. ധരിച്ച വസ്ത്രത്തിന്റെ പേരിലാണ് യുവതിയെ കച്ചവടക്കാര്‍ അധിക്ഷേപിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കോയമ്പത്തൂരിലെ പൂ മാര്‍ക്കറ്റിലാണ് സംഭവം. യുവതി അഭിഭാഷകയാണെന്നാണ് സൂചന.

യുവതി സ്ലീവ്‌ലെസ് ടോപ്പ് ധരിച്ചതാണ് കച്ചവടക്കാരെ പ്രകോപിപ്പിച്ചത്. അല്‍പ്പവസ്ത്രം ധരിച്ച് ഇവിടേക്ക് വരാന്‍ കഴിയില്ലെന്നും പോയി മാന്യമായി വസ്ത്രം ധരിച്ച് വരണമെന്നും കച്ചവടക്കാര്‍ യുവതിയോട് ആവശ്യപ്പെട്ടു എന്നാണ് പരാതി. എന്നാല്‍ യുവതി ഇതിനെ ചോദ്യം ചെയ്തു. ഇതെല്ലാം വീഡിയോയില്‍ കാണാം.

'എന്തെങ്കിലും സംഭവിച്ചാല്‍ എന്തുചെയ്യും' എന്നാണ് യുവതി ധരിച്ച വസ്ത്രത്തെ കുറിച്ച് ഒരു കച്ചവടക്കാരന്‍ പങ്കുവെച്ച 'ആശങ്ക'. 'നിങ്ങള്‍ ജഡ്ജിയായാലും ശരി ഇതൊരു പൊതു മാര്‍ക്കറ്റാണ്. ഇവിടെ വരുന്നവര്‍ 'മാന്യമായ' വസ്ത്രം ധരിച്ച് വരണം' എന്ന് മറ്റൊരാള്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

എന്നാല്‍ കച്ചവടക്കാരുടെ സദാചാര പോലീസിങ്ങിനെ യുവതി ശക്തമായി തന്നെ ചോദ്യം ചെയ്തു. ഏത് വസ്ത്രം ധരിക്കണമെന്നത് ഓരോരുത്തരുടേയും അവകാശമാണെന്ന് അവര്‍ കച്ചവടക്കാരെ ഓര്‍മിപ്പിച്ചു. ഇങ്ങനെ സംസാരിക്കുന്നത് നിര്‍ത്തണമെന്ന് പറഞ്ഞ യുവതി, ഏതെല്ലാം വസ്ത്രം ധരിച്ചാണ് മാര്‍ക്കറ്റിലേക്ക് വരേണ്ടതെന്ന ബോര്‍ഡ് പുറത്ത് സ്ഥാപിക്കൂ എന്നും അപ്പോള്‍ തങ്ങള്‍ കോടതിയില്‍ നിന്ന് ഉത്തരവ് വാങ്ങാമെന്നും കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ സുഹൃത്താണ് വീഡിയോ പകര്‍ത്തിയത്. യുവതി തന്നെയാണ് വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. പിന്നാലെ ഇവര്‍ കോയമ്പത്തൂര്‍ പോലീസ് കമ്മിഷണറെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. വീഡിയോ പോലീസ് പരിശോധിച്ച് വരികയാണ്. ഇതിന് ശേഷമാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.