പൂച്ചെണ്ടും പുസ്തകവുമായി പൊന്നമ്മച്ചേച്ചി; ചേര്‍ത്തുപിടിച്ച് മോഹന്‍ലാല്‍

മോഹന്‍ലാലും പൊന്നമ്മയും | Photo: Screen grab/ Facebook: Saji Cherian
മോഹന്‍ലാലും പൊന്നമ്മയും | Photo: Screen grab/ Facebook: Saji Cherian

ചെങ്ങന്നൂരിലെ ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തിന് മുഖ്യാതിഥിയായി എത്തിയ നടന്‍ മോഹന്‍ലാലിനെ പൂച്ചെണ്ട് നല്‍കി സ്വീകരിച്ച് പൊന്നമ്മ ദേവരാജ്. പൊന്നമ്മച്ചേച്ചി എന്ന് നാട് വിളിക്കുന്ന പൊന്നമ്മ ദേവരാജ്, ചെങ്ങന്നൂര്‍ നഗരസഭയിലെ മുതിര്‍ന്ന ഹരിതകര്‍മസേനാംഗമാണ്. നാടിനെ മാലിന്യവിമുക്തമാക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്ന ഹരിത കര്‍മ സേനയുടെ പ്രതിനിധിയായ പൊന്നമ്മചേച്ചിക്ക് കൂടിയുള്ള ആദരമായിരുന്നു ഇതെന്ന് മന്ത്രി സജി ചെറിയാന്‍ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

മന്ത്രി തന്നെ ഇതിന്റെ വീഡിയോയും പങ്കുവെച്ചു. സ്വാഗതപ്രസംഗത്തിന് മുന്നോടിയായി മന്ത്രി സജി ചെറിയാന്‍ തന്നെയാണ് പൊന്നമ്മയേയും മോഹന്‍ലാലിനേയും വേദിയിലേക്ക് ക്ഷണിച്ചത്. വലിയ ആരവങ്ങള്‍ക്കിടെയാണ് പൊന്നമ്മ പൂച്ചെണ്ടുമായി എത്തിയത്. പൂച്ചെണ്ടും പുസ്തകവും കൈമാറിയ പൊന്നമ്മ മോഹന്‍ലാലിനെ കെട്ടിപ്പിടിച്ച് വിതുമ്പി. മോഹന്‍ലാല്‍ പൊന്നമ്മയെ ചേര്‍ത്തു പിടിച്ചു.

മന്ത്രി എം.ബി. രാജേഷ് ആയിരുന്നു ദേശീയ സരസ് മേളയുടെ ഉദ്ഘാടകന്‍. മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ലക്ഷംരൂപയുടെ ചെങ്ങന്നൂര്‍ പെരുമ പുരസ്‌കാരം മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത നടന്‍ മോഹന്‍ലാലിനു സമ്മാനിച്ചു. ജനുവരി 18-ന് ആരംഭിച്ച സരസ്‌മേള 31-വരെ ചെങ്ങന്നൂര്‍ നഗരസഭാ സ്റ്റേഡിയത്തില്‍ തുടരും. 

കേരളം ലോകത്തിനു നല്‍കിയ സംഭാവനയാണ് കുടുംബശ്രീയെന്ന് നടന്‍ മോഹന്‍ലാല്‍ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യം എന്നിവയില്‍ കേരളം ലോകത്തിനു മാതൃകയാണ്. അതുപോലെതന്നെയാണ് കുടുംബശ്രീയും. കുടുംബത്തില്‍ സാമ്പത്തിക ഉന്നതിയും സുരക്ഷിതത്വവും ഉണ്ടാകണമെങ്കില്‍ ഗൃഹനാഥകളുടെ സാമ്പത്തിക സ്വയംപര്യാപ്തത അനിവാര്യമാണ്. അതിനു കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹിക, സാമ്പത്തിക മുന്നേറ്റത്തിലും സ്ത്രീശാക്തീകരണത്തിലും കുടുംബശ്രീ വലിയ പങ്കാണ് വഹിച്ചത്. ഏറ്റവും വലിയ പൊതുപ്രശ്‌നമായ മാലിന്യത്തിനെതിരേ പൗരബോധം ഉണരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlights: Actor Mohanlal honored Ponnamma Devraj at the Chengannur Saras Mela inauguration