'അവരെ ഞാൻ എന്റെ വീട്ടിൽ കയറ്റും'; സ്വവർഗാനുരാഗികള്‍ക്ക് തുറന്ന പിന്തുണയുമായി മോഹൻലാൽ, നിറഞ്ഞ കൈയടി

വലിയ രീതിയില്‍ പുരോഗമിച്ച സമൂഹമാണ് നമ്മുടേതെങ്കിലും ഇന്നും പലരുടെയുള്ളിലും പ്രകടമായുള്ളതാണ് ഹോമോഫോബിയ അഥവാ സ്വവര്‍ഗാനുരാഗികളോടുള്ള വെറുപ്പ്. സോഷ്യല്‍ മീഡിയയില്‍ സ്വവര്‍ഗാനുരാഗികള്‍ക്കെതിരായ പോസ്റ്റുകളും കമന്റുകളും വലിയ തോതില്‍ തന്നെ കാണാന്‍ കഴിയും. എന്നാൽ, ഇപ്പോഴിതാ സ്വവര്‍ഗാനുരാഗികള്‍ക്കുള്ള തന്റെ പിന്തുണ തുറന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ മോഹന്‍ലാൽ.
താന്‍ അവതരിപ്പിക്കുന്ന റിയാലിറ്റി ഷോയിലാണ് മോഹന്‍ലാല്‍ സ്വവര്‍ഗാനുരാഗികളെ പിന്തുണയ്ക്കുന്ന പ്രസ്താവന നടത്തിയത്. ലെസ്ബിയന്‍ ദമ്പതിമാരും ഷോയിലെ മത്സരാര്‍ഥികളുമായ ആദിലയേയും നൂറയേയും പിന്തുണച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ആദിലയോടും നൂറയോടും അവരുടെ ലൈംഗികതയോടും വിയോജിപ്പ് പ്രകടിപ്പിച്ച മറ്റ് മത്സരാര്‍ഥികളോടാണ് മോഹന്‍ലാല്‍ രൂക്ഷമായി പ്രതികരിച്ചത്. ആദിലയും നൂറയും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണ്, അവരുടെ ലൈംഗികതയോട് യോജിപ്പില്ല, ഇത് നോര്‍മലൈസ് ചെയ്യുന്നതിനോട് താത്പര്യമില്ല എന്നെല്ലാമാണ് മത്സരാര്‍ഥികള്‍ പറഞ്ഞത്.
'ആരാണ് വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍' എന്ന് ചോദിച്ചുകൊണ്ടാണ് മോഹന്‍ലാല്‍ തുടങ്ങിയത്. ഹോമോസെക്ഷ്വാലിറ്റിയോട് വിയോജിപ്പുണ്ടെന്ന് പറഞ്ഞ മത്സരാര്‍ഥിയോട് 'നിങ്ങള്‍ക്ക് വിയോജിപ്പുണ്ടെങ്കില്‍ അവര്‍ക്കെന്താ? നിങ്ങളുടെ ചെലവില്‍ ജീവിക്കുന്നവരാണോ അവര്‍?' എന്ന് രൂക്ഷമായി അദ്ദേഹം ചോദിച്ചു. ബുദ്ധിമുട്ടിക്കാതെ ഷോയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പോലും മോഹന്‍ലാല്‍ പറയുന്നുണ്ട്.
ആദിലയും നൂറയും വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവരാണ് എന്ന പരാമര്‍ശത്തിന് മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണ് വൈറലായത്. 'അവരെ ഞാന്‍ എന്റെ വീട്ടില്‍ കയറ്റുമല്ലോ' എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ വലിയ കൈയടിയോടെയാണ് പ്രേക്ഷകര്‍ അത് ഏറ്റെടുത്തത്. മോഹന്‍ലാലിന്റെ നിലപാടിന് വലിയ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചത്. നിരവധി പേര്‍ അദ്ദേഹത്തിനെ അഭിനന്ദിച്ച് രംഗത്തെത്തി. എല്‍ജിബിടിക്യു+ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ മോഹന്‍ലാലിനെ പ്രശംസിച്ച് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്.
നേരത്തേ മോഹന്‍ലാല്‍ സ്‌ത്രൈണഭാവത്തോടെ അഭിനയിച്ച പരസ്യവും വലിയരീതിയില്‍ ശ്രദ്ധനേടിയിരുന്നു. ഒരു ജ്വല്ലറിയുടെ പരസ്യത്തിലാണ് മോഹന്‍ലാല്‍ ഇങ്ങനെ അഭിനയിച്ചത്. 'തുടരും' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ വില്ലനായി എത്തിയ പ്രകാശ് വര്‍മയും പരസ്യത്തിലുണ്ടായിരുന്നു.
ഈ വിഷയത്തിൽ ഏറെ ശ്രദ്ധേയമായിരുന്നു മമ്മൂട്ടി നായകനായി 2023-ല്‍ പുറത്തിറങ്ങിയ കാതല്‍ - ദി കോര്‍ എന്ന ചിത്രം. മമ്മൂട്ടിയെ പോലെ മെഗാതാരപദവിയിലുള്ള ഒരാള്‍ സ്വവര്‍ഗാനുരാഗിയായ നായക കഥാപാത്രത്തെ പോസിറ്റീവായി അവതരിപ്പിച്ചത് ചിലരുടെയെങ്കിലും കാഴ്ചപ്പാടുകളെ മാറ്റിമറിക്കാന്‍ സഹായിച്ചിട്ടുണ്ട്.
Content Highlights: Mohanlal takes a powerful stand against homophobia, winning hearts on social media