21ാം വയസ്സിൽ ലോകസുന്ദരിപ്പട്ടം നേടിയ ഒപാൽ, കിരീടം നേടിക്കൊടുത്ത ആ ഉത്തരമറിയാം

ലോകസുന്ദരിപ്പട്ടം നേടുന്ന ആദ്യ തായ്ലന്‍ഡ് സ്വദേശിയെന്ന നേട്ടം കൈവരിച്ചാണ് 21-കാരിയായ ഒപാല്‍ സുചാത ചൊങ്സ്രി 72-ാം ലോക സുന്ദരി പട്ടം ചൂടുന്നത്. ഹൈദരാബാദില്‍ ശനിയാഴ്ച രാത്രി നടന്ന ഫൈനലില്‍ എത്യോപ്യയുടെ ഹാസെദെറെജെയെ മറികടന്ന് ഒപാല്‍ സുചാത ലോകസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഒപാലിൻ്റെ അവസാന റൗണ്ടിലെ ഉത്തരവും ശ്രദ്ധനേടുകയാണ്.
ലോക സുന്ദരിപട്ടത്തിലേക്കുള്ള യാത്ര വ്യക്തിഗത കാഴ്ചപ്പാടുകളിലുള്ള സമീപനത്തില്‍ എന്ത് മാറ്റമാണ് വരുത്തിയതെന്ന വിധികർത്താക്കളില്‍ ഒരാളായ ബോളിവുഡ് താരം സോനു സൂദിന്റ ചോദ്യത്തിനാണ് ഒപാല്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായി.
'നിങ്ങള്‍ ആരാണന്നോ ഏത് പദവിയിലാണെന്നോ പ്രായത്തിലാണെന്നോ നോക്കാതെ എന്തിനും ഒപ്പം നില്‍ക്കുന്ന ഒരാളെങ്കിലും നിങ്ങളുടെ ജീവിതത്തിലുണ്ടാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചിലപ്പോള്‍ അതൊരു കുട്ടിയാകാം, ചിലപ്പോള്‍ മാതാപിതാക്കള്‍, ചിലപ്പോള്‍ മുതിർന്ന മറ്റൊരാളുമാകാം. അവര്‍ കൈമാറുന്ന ശോഭ നിങ്ങളുടെ പ്രവര്‍ത്തിയില്‍ പ്രതിഫലിപ്പിക്കുക എന്നതാണ് ചുറ്റുമുള്ള മനുഷ്യര്‍ക്കും ലോകത്തിനും നല്‍കാനാകുന്ന ഏറ്റവും വലിയ കാര്യം', ഇതായിരുന്നു അവസാന റൗണ്ടിലെ ചോദ്യത്തിന് 72-ാം ലോക സുന്ദരിയുടെ മറുപടി.
108 പേര്‍ മത്സരരംഗത്തുണ്ടായിരുന്നു. അതില്‍നിന്നുള്ള 40 പേരാണ് ഫൈനലില്‍ മത്സരിച്ചത്. 16-ാം വയസ്സില്‍ സ്തനാര്‍ബുദത്തെ അതിജീവിച്ച ഒപാൽ സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച അവബോധം പകരുന്നതിനായി സജീവമായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഓപല്‍ തമ്മസാറ്റിയിലെ ഇൻ്റർനാഷണൽ റിലേഷൻസ് വിദ്യാർഥിയും മോഡലുമായ സുചാതയുടെ തായ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലെ പ്രാവീണ്യവും ശ്രദ്ധേയമാണ്.
ഇന്ത്യയുടെ നന്ദിനി ഗുപ്ത അവസാന എട്ടിലെത്താനാകാതെ പുറത്തായി. 2024-ലെ മിസ് വേള്‍ഡ് കിരീടധാരിയായ ക്രിസ്റ്റിന പിസ്‌കോവയാണ് ഓപലിന് കിരീടം അണിയിച്ചത്. 2016-ലെ ലോകസുന്ദരി സ്റ്റെഫാന്‍ ഡെല്‍ വാലെയാണ് ഇക്കുറി ഫൈനലിലെ അവതാരികയായത്.
മിസ് വേള്‍ഡ് ഓര്‍ഗനൈസേഷന്‍ അധ്യക്ഷ ജൂലിയ മോര്‍ലി, 2017-ല്‍ ലോകസുന്ദരിയായ ഇന്ത്യയുടെ മാനുഷി ചില്ലാര്‍, സുധാ റെഡ്ഡി, ചലച്ചിത്രതാരങ്ങളായ നമ്രത ശിരോദ്കര്‍, റാണ ദഗ്ഗുഭാട്ടി, സോനു സൂദ്, മുന്‍ മിസ് ഇംഗ്ലണ്ട് കാരിന ടിറെല്‍, ജയേഷ് രാജന്‍ ഐഎഎസ് എന്നിവരടങ്ങിയ സമിതിയാണ് വിധിനിര്‍ണയിച്ചത്.
1951-ല്‍ തുടങ്ങിയ മിസ് വേള്‍ഡ് മത്സരത്തിന് ആദ്യമായി ഗ്ലോബല്‍ അംബാഡര്‍
മിസ് വേള്‍ഡ് മത്സരത്തിന്റെ ഗ്ലോബല്‍ അംബാസഡറായി സാമൂഹികപ്രവര്‍ത്തകയും വ്യവസായ പ്രമുഖയുമായ സുധാ റെഡ്ഡിയെ നിയമിച്ചു. ശനിയാഴ്ച ഫൈനലിനു മുന്നോടിയായി മിസ് വേള്‍ഡ് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
1951-ല്‍ തുടങ്ങിയ മിസ് വേള്‍ഡ് മത്സരത്തിന് ഗ്ലോബല്‍ അംബാഡസറെ നിയമിക്കുന്നത് ആദ്യമാണ്. ആന്ധ്രയിലെ വുയ്യൂരു സ്വദേശിയായ സുധാ റെഡ്ഡി, മേഘാ എന്‍ജിനിയറിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഡയറക്ടറാണ്.
Content Highlights: 21-year-old opal suchata from Thailand makes history as the first Thai Miss World