‘ഞാൻ രാജിവെക്കില്ല’; ഹാർവാർഡിൽ വിമർശകരുടെ വായടപ്പിച്ച് മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ്

#Lifestyle desk
ഫാത്തി ബോഷ്| ഫോട്ടോ: Instagram/@fatimaboschfdz
ഫാത്തി ബോഷ്| ഫോട്ടോ: Instagram/@fatimaboschfdz

കേംബ്രിഡ്ജ് (യുഎസ്എ): മിസ് യൂണിവേഴ്സ് കിരീടധാരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി മിസ് യൂണിവേഴ്സ് ഫാത്തിമ ബോഷ്. ഹാർവാർഡ് സർവകലാശാലയിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് തന്റെ സ്ഥാനം രാജിവെക്കില്ലെന്ന് അവർ പ്രഖ്യാപിച്ചത്.

2025-ലെ മിസ് യൂണിവേഴ്സ് മത്സരത്തിൽ ക്രമക്കേട് നടന്നുവെന്നും ഫാത്തിമയുടെ വിജയം മുൻകൂട്ടി നിശ്ചയിച്ചതാണെന്നും ആരോപിച്ച് മുൻ ജഡ്ജിമാരടക്കം രംഗത്തെത്തിയിരുന്നു. മത്സരത്തിന്റെ മുൻ ഉടമയുമായുള്ള ബന്ധമാണ് ഫാത്തിമയുടെ വിജയത്തിന് പിന്നിലെന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന്, ‘ഞാൻ രാജിവെക്കില്ല. കഠിനാധ്വാനത്തിലൂടെയാണ് ഞാൻ വിജയിച്ചത്' എന്നായിരുന്നു ഫാത്തിമയുടെ മറുപടി. ‘മിസ് യൂണിവേഴ്സ് കിരീടം വാൾമാർട്ടിൽ നിന്ന് വാങ്ങാൻ കിട്ടില്ല’ എന്ന് നേരത്തെ അവർ പരിഹസിച്ചിരുന്നു.

മിസ് യൂണിവേഴ്സ് എന്നത് കേവലം വേദിയിലെ നടത്തമോ ശാരീരിക സൗന്ദര്യമോ മാത്രമല്ലെന്നും ഫാത്തിമ പറഞ്ഞു. യാഥാർഥ്യത്തിന് നിരക്കാത്ത സൗന്ദര്യ സങ്കൽപ്പങ്ങൾ പെൺകുട്ടികളിൽ വലിയ സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്. നമ്മൾ പൂർണ്ണതയുള്ളവരാകണമെന്നില്ല, മറിച്ച് നമ്മൾ ചെയ്യുന്ന കാര്യങ്ങളുടെ ലക്ഷ്യവും അത് മറ്റുള്ളവരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനവുമാണ് പ്രധാനമെന്നും ഫാത്തിമ അഭിപ്രായപ്പെട്ടു.

മിസ് യൂണിവേഴ്സ് ചരിത്രത്തിലാദ്യമായാണ് ഒരു വിജയി ഹാർവാർഡ് പോലുള്ള ലോകപ്രശസ്തമായ വേദിയെ അഭിസംബോധന ചെയ്യുന്നത്. കിരീടധാരണത്തിന് ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായ ഫാത്തിമ, കഴിഞ്ഞ ഡിസംബറിൽ മെക്സിക്കോയിലെ കുട്ടികളുടെ ആശുപത്രികൾ സന്ദർശിച്ച് രോഗികളുമായി സമയം ചെലവഴിച്ചിരുന്നു.

Content Highlights: Fatima Bosh firmly denies resignation rumors following rigging allegations.