'അന്ന് ജീവിതം മാറിമറിഞ്ഞു, ഇന്നും സന്നദ്ധപ്രവര്‍ത്തക'; കാന്‍സര്‍ ബാധിച്ച കുട്ടികള്‍ക്കൊപ്പം വിശ്വസുന്ദരി

#ലൈഫ്‌സ്റ്റൈല്‍ ഡെസ്‌ക്
ഓങ്കോളജി ഹോസ്പിറ്റലില്‍ കുട്ടികൾക്കൊപ്പം വിശ്വസുന്ദരി ഫാത്തിമ ബോഷ് | Photo -  fatimaboschfdz, instagram
ഓങ്കോളജി ഹോസ്പിറ്റലില്‍ കുട്ടികൾക്കൊപ്പം വിശ്വസുന്ദരി ഫാത്തിമ ബോഷ് | Photo - fatimaboschfdz, instagram

കാന്‍സറിനോടും എച്ച്ഐവിയോടും പോരാടുന്ന കുട്ടികള്‍ക്കൊപ്പം സമയം ചെലവഴിച്ച് വിശ്വസുന്ദരി ഫാത്തിമ ബോഷ്. മെക്‌സിക്കോയിലെ ടബാസ്‌കോയിലുള്ള ഓങ്കോളജി ഹോസ്പിറ്റലിലാണ് അവര്‍ സന്ദര്‍ശനം നടത്തിയത്. കഴിഞ്ഞ പത്ത് വര്‍ഷമായി ഈ ആശുപത്രിയിലെ സന്നദ്ധ പ്രവര്‍ത്തകയാണെന്ന് വെളിപ്പെടുത്തിക്കൊണ്ട് അവര്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

വിശ്വസുന്ദരിപ്പട്ടം ലഭിച്ചതോടെയോ ക്യാമറയ്ക്കുമുന്നില്‍ എത്തിയതോടെയോ തുടങ്ങിയതല്ല ഇതൊന്നുമെന്ന് അവര്‍ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

'വര്‍ഷങ്ങള്‍ക്ക് മുമ്പ് 14 വയസുള്ളപ്പോള്‍ സ്‌കൂള്‍ പഠനത്തിനിടെ തുടങ്ങിയതാണിത്. ജീവിതം എന്നെന്നേക്കുമായി മാറ്റിമറിച്ച സംഭവമായിരുന്നു ആദ്യത്തെ ആശുപത്രി സന്ദര്‍ശനം. ആശുപത്രിയിലേക്ക് ആദ്യം കാലുകുത്തിയ ദിവസംതന്നെ കുട്ടികളുമായി പെട്ടെന്ന് അടുത്തു. അവരുടെ മുഖഭാവങ്ങള്‍, കഥകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചു. ഇത്രയധികം വേദനയ്ക്കിടയിലും അവര്‍ ശക്തരായി നില്‍ക്കുന്നു എന്നകാര്യം ഹൃദയത്തില്‍ തുളച്ചുകയറി. ഒരു പുതിയ വ്യക്തിയായാണ് പുറത്തുവന്നത്. അതെല്ലാം മനസിലാക്കിയശേഷം എനിക്ക് കണ്ണടച്ച് നടന്നുപോകാനോ ഒന്നും സംഭവിക്കാത്തതുപോലെ മുന്നോട്ട് പോകാനോ കഴിയില്ലെന്ന് അറിയാമായിരുന്നു.' അവര്‍ കുറിച്ചു.

അതോടെ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് വിശ്വസുന്ദരി പറയുന്നു. അവരെ അനുഗമിക്കാനും കയ്യിലുള്ളതെല്ലാംകൊണ്ട് അവരെ പിന്തുണയ്ക്കാനും തീരുമാനമെടുത്തു. സാന്നിധ്യം കൊണ്ടും അവര്‍ പറയുന്നത് കേട്ടുകൊണ്ടും സ്‌നേഹം കൊണ്ടും പ്രതീക്ഷ കൊണ്ടുമെല്ലാം പിന്തുണ്ക്കുകയാണ്. ചികിത്സയേക്കാള്‍ വിലപ്പെട്ടത് ഭൗതിക കാര്യങ്ങളല്ല മറിച്ച് അവര്‍ ഒറ്റയ്ക്കല്ലെന്ന അറിവാണെന്ന് മനസിലാക്കി. കഴിഞ്ഞ 10 വര്‍ഷമായി ഈ ആശുപത്രിയിലെ സന്നദ്ധ പ്രവര്‍ത്തകയാണ്. കൈയ്യടിക്കോ അംഗീകാരത്തിനുവേണ്ടിയോ അല്ല ഇതെല്ലാം ചെയ്യുന്നതെന്നും അവര്‍ പറയുന്നു.

2025 നവംബറില്‍ തായ്‌ലന്‍ഡില്‍ നടന്ന മത്സരത്തിലാണ് മെക്‌സിക്കോയുടെ ഫാത്തിമ ബോഷ് മിസ് യൂണിവേഴ്സ് 2025 കിരീടം ചൂടിയത്. ഇന്ത്യയുടെ മണിക വിശ്വകര്‍മ്മ ഉള്‍പ്പെടെയുള്ള മറ്റ് മത്സരാര്‍ത്ഥികളെ മറികടന്നാണ് അവര്‍ ഒന്നാമതെത്തിയത്. മത്സരത്തിനിടെ മോശമായി സംസാരിച്ച സംഘാടകനെതിരെ പ്രതിഷേധിച്ച് അവര്‍ വേദിവിട്ടിറങ്ങിയത് വലിയ ചര്‍ച്ചയായിരുന്നു. വിശ്വസുന്ദരിപ്പട്ടം ചൂടിയശേഷം വെള്ളി റിബണ്‍ ധരിച്ച ചിത്രങ്ങള്‍ അവര്‍ പങ്കുവെച്ചിരുന്നു. സ്‌കിസോഫ്രെനിയ, പാര്‍ക്കിന്‍സണ്‍സ്, ഡിസ്ലെക്‌സിയ തുടങ്ങിയ തലച്ചോറിനെ ബാധിക്കുന്ന രോഗങ്ങളോ തകരാറുകളോ ഉള്ളവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചായിരുന്നു ഇത്.

Content Highlights: Newly crowned Miss Universe 2025, Fatima Bosch, visits her home state`s Oncology Hospital. See her heartfelt moments with children and her decade-long dedication.