പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യമത്സരത്തില്‍ തന്നെ ജേതാവ്; മിസ് കേരളയായി തലസ്ഥാനത്തിന്റെ ശ്രീ

തിരുവനന്തപുരം: ഈ വര്‍ഷത്തെ മിസ് കേരള ചാമ്പ്യന്‍പട്ടം നേടി തലസ്ഥാനത്ത് ജനിച്ചുവളര്‍ന്ന ശ്രീനിധി സുരേഷ്. നിയമ വിദ്യാര്‍ഥിനിയായ ശ്രീനിധി ആറുമാസം മുന്‍പ് അവിചാരിതമായാണ് ഫാഷന്റെ ലോകത്ത് എത്തുന്നത്. പങ്കെടുത്ത രണ്ടാമത്തെ സൗന്ദര്യമത്സരത്തില്‍ തന്നെ ജേതാവായെന്ന പ്രത്യേകതയുമുണ്ട്.
ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ പ്രസംഗം, ഡിബേറ്റ്, ഡിസൈനിങ്, അഭിനയം, മിമിക്രി തുടങ്ങിയ മേഖലയിലൊക്കെ ശ്രീനിധി മുന്‍പന്തിയിലുണ്ടായിരുന്നു. ഇപ്പോള്‍ പുണെ സിംബയോസിസ് ലോ സ്‌കൂളില്‍ അവസാനവര്‍ഷ നിയമവിദ്യാര്‍ഥിയാണ്.
കുഞ്ഞുനാള്‍ മുതല്‍ ഫാഷനോടും പുതിയ ട്രെന്‍ഡുകളോടും താത്പര്യം പ്രകടിപ്പിച്ചിരുന്ന ശ്രീനിധിയെ മോഡലിങ് വേദിയിലേക്ക് നയിച്ചത് അമ്മ പ്രിയദര്‍ശിനിയാണ്. ആറുമാസം മുന്‍പ് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ അയച്ചതും അമ്മതന്നെയാണ്. എന്നാല്‍ പരിശീലനത്തിനിടെ കാലിലുണ്ടായ പരിക്ക് വില്ലനായി.
പിന്നീടാണ് സ്വയംവര സില്‍ക്സ് ഇംപ്രസാരിയോ മിസ് കേരള സില്‍വര്‍ ജൂബിലി എഡിഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇതിനിടെ പല ബ്രാന്‍ഡുകളുടെയും മോഡലുമായി. പുണെയില്‍ കോളേജിലായിരുന്നപ്പോള്‍ കുടുംബസുഹൃത്തും മുന്‍ മിസ് ഇന്ത്യ ഗുജറാത്തുമായിരുന്ന അമര്‍ദീപ് കൗറും സുഹൃത്തുക്കളും പരിശീലനത്തിന് സഹായിച്ചു.
22 പേരാണ് ഫൈനലില്‍ എത്തിയത്. മോഡലിങ്, റാമ്പ് വാക്ക് എന്നിവയ്ക്ക് പുറമേ വ്യക്തിത്വനിര്‍ണയവും ബൗദ്ധിക നിലവാരവുമളക്കുന്ന വിവിധ സെഷനുകളും മത്സരത്തിന്റെ ഭാഗമായിരുന്നു. തലസ്ഥാനത്ത് നിന്നുള്ള മത്സരാര്‍ഥിയായതിനാല്‍ തിരുവനന്തപുരത്തിന്റെ ചരിത്രത്തെയും പാരമ്പര്യത്തെയും കുറിച്ചായിരുന്നു ചോദ്യങ്ങളധികവും.
അവനവനിലുള്ള ആത്മവിശ്വാസമാണ് സൗന്ദര്യമത്സര വിജയത്തിന്റെ പ്രധാന ഘടകമെന്ന് ശ്രീനിധി പറയുന്നു.
വഞ്ചിയൂര്‍ കോവളം ഹൗസില്‍ രാഷ്ട്രീയ, സാമുദായിക നേതാവായ കോവളം ടി.എന്‍.സുരേഷിന്റെയും പ്രിയദര്‍ശിനിയുടെയും മകളാണ്. രോഹന്‍ കൃഷ്ണ, വിവാന്‍ കൃഷ്ണ എന്നിവര്‍ സഹോദരങ്ങളാണ്.
Content Highlights: Sreenidi Suresh: Miss Kerala Winner