ഇന്ത്യൻ പര്യടനത്തിനിടെ മെസ്സിക്ക് അനന്ദ് അംബാനി സമ്മാനിച്ചത് 11 കോടിയുടെ ആഡംബര വാച്ച്; പ്രത്യേകതകളറിയാം

ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്ത്യൻ പര്യടനം വാർത്തകളിൽ നിറയുകയാണ്. കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സന്ദർശനത്തിന് പിന്നാലെ അനന്ദ് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ വൻതാരയിലും മെസ്സി എത്തിയിരുന്നു. സന്ദർശന വേളയിൽ അനന്ദ് അംബാനി മെസ്സിക്ക് സമ്മാനിച്ച അത്യാഡംബര വാച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.
ലോകപ്രശസ്ത ബ്രാൻഡായ റിച്ചാർഡ് മില്ലിന്റെ (Richard Mille) RM 003-V2 GMT Tourbillon Asia Edition എന്ന മോഡലാണ് മെസ്സിക്ക് സമ്മാനമായി നൽകിയത്. ഏകദേശം 10.9 കോടി രൂപയാണ് ഇതിന്റെ മൂല്യം. ലോകത്താകെ വെറും 12 എണ്ണം മാത്രമാണ് ഈ മോഡൽ നിർമ്മിച്ചിട്ടുള്ളതെന്നത് ശ്രദ്ധേയമാണ്. വൻതാരയിൽ എത്തിയപ്പോൾ മെസ്സിയുടെ കയ്യിൽ വാച്ച് ഉണ്ടായിരുന്നില്ലെന്നും എന്നാൽ മടങ്ങിയപ്പോൾ താരം ഈ വാച്ച് ധരിച്ചിരുന്നുവെന്നുമാണ് ആരാധകരുടെ കണ്ടെത്തൽ.
എന്താണ് വാച്ചിന്റെ പ്രത്യേകത?
സാധാരണ വാച്ചുകളിൽ നിന്നും വ്യത്യസ്തമായി സങ്കീർണ്ണമായ സാങ്കേതിക വിദ്യയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്
ഫോർമുല വൺ റേസിങ്ങിലും ബഹിരാകാശ ഗവേഷണത്തിലും ഉപയോഗിക്കുന്ന കാർബൺ ടി.പി.ടി (Carbon TPT) എന്ന പ്രത്യേക പദാർത്ഥം കൊണ്ടാണ് ഇവയുടെ കേസ് നിർമ്മിച്ചിരിക്കുന്നത്.
ജി.എം.ടി ഫീച്ചർ: ഒരേസമയം രണ്ട് രാജ്യങ്ങളിലെ സമയം ഇതിൽ കാണാൻ സാധിക്കും.
സഫയർ ഡിസ്ക്: വാച്ചിലെ നമ്പറുകൾ പ്രകാശിക്കുന്ന രീതിയിലുള്ള അത്യാധുനിക സഫയർ ഡിസ്ക് സംവിധാനവും ഇതിലുണ്ട്.
ഭൂമിയുടെ ഗുരുത്വാകർഷണം വാച്ചിന്റെ പ്രവർത്തനത്തെ ബാധിക്കാതിരിക്കാനുള്ള 'ടൂർബിയൺ' (Tourbillon) മെക്കാനിസമാണ് ഇവയിൽ ഉപയോഗിച്ചിരിക്കുന്നത്.
മെസ്സിയെ കൂടാതെ ബ്രൂണെ സുൽത്താൻ ഹസനാൽ ബോൾകിയ, ഫോർമുല വൺ താരം മിക്ക് ഷൂമാക്കർ തുടങ്ങിയവരാണ് ഈ വാച്ച് സ്വന്തമാക്കിയ മറ്റ് ലോകപ്രശസ്തർ.
Content Highlights: Lionel Messi`s Indian visit made headlines. Discover the exquisite Richard Mille RM 003-V2 GMT Tourbillon Asia Edition watch, a Rs 10.9 crore gift from Anand Ambani.