'വസ്ത്രം ധരിച്ചും ധരിക്കാതെയും പബ്ലിസിറ്റി നേടാൻ ശ്രമിക്കുന്നു'; നടിമാർക്കെതിരെ മീനാക്ഷി ശേഷാദ്രി

പുതിയ കാലത്ത് പബ്ലിസിറ്റി കിട്ടാനായി നടിമാർ നടത്തുന്ന ശ്രമങ്ങളെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് പങ്കുവെച്ച് മുതിർന്ന ബോളിവുഡ് നടി മീനാക്ഷി ശേഷാദ്രി. ഇക്കാലത്ത് വെള്ളിവെളിച്ചത്തിൽ നിൽക്കാനായി അവർ യഥാർഥത്തിൽ ചെയ്യേണ്ട കാര്യമൊഴിച്ച് മറ്റെല്ലാം ചെയ്യുന്നുവെന്ന് അവർ പറഞ്ഞു. വാർത്താ ഏജൻസിയായ ഐഎഎൻഎസ്സിന് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി ശേഷാദ്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
'നിങ്ങൾ ഡേർട്ടി പിക്ചർ എന്ന ബോളിവുഡ് സിനിമ കണ്ടിട്ടില്ലേ. അതിൽ നായിക പറയുന്നുണ്ട്, 'ഇവിടെ ആകെയുള്ളത് ഒരു കാര്യമേയുള്ളൂ, എന്റർടെയിൻമെന്റ്... എന്റർടെയിൻമെന്റ്... എന്റർടെയിൻമെന്റ്' എന്ന്. ചില ആളുകൾ ഒന്നും ചെയ്യാതെ, വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്തുകൊണ്ട് പബ്ലിസിറ്റി കണ്ടെത്തുന്നു. അവർ അവരെ കുറിച്ചുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നു. ഞാൻ ആ കൂട്ടത്തിൽ പെട്ടയാളല്ല. ഞാൻ ചെയ്യുന്ന ജോലി എനിക്കായി സംസാരിക്കുന്നതാണ് എനിക്ക് ഇഷ്ടം.' -മീനാക്ഷി ശേഷാദ്രി പറഞ്ഞു.
'വിജയത്തെ പോലെ വിജയിക്കുന്ന മറ്റൊന്നുമില്ല എന്ന് ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. അതിനാൽ ആദ്യ ലക്ഷ്യം വിജയമാകണം. ജോലി ചെയ്തുള്ള വിജയം. അതാകണം പ്രധാന ആപ്തവാക്യം. അത് കഴിഞ്ഞാൽ വിജയത്തിലേക്കുള്ള വാതിലുകൾ നിങ്ങൾക്ക് മുന്നിൽ താനേ തുറക്കും.' -മീനാക്ഷി തുടർന്നു.
പെയിന്റർ ബാബു എന്ന ചിത്രത്തിൽ രാജീവ് ഗോസ്വാമിക്കൊപ്പമാണ് മീനാക്ഷി ശേഷാദ്രി ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ഹീറോ, മേരി ജുങ്, ഷഹെൻഷാ, ഘായൽ തുടങ്ങി ഒട്ടേറെ ഹിറ്റ് ചിത്രങ്ങളിൽ അവർ വേഷമിട്ടു. ദമിനി എന്ന ചിത്രത്തിലെ മീനാക്ഷി ശേഷാദ്രിയുടെ കഥാപാത്രത്തെ ഹിന്ദി സിനിമയിലെ എക്കാലത്തേയും കരുത്തയായ വനിതാ കഥാപാത്രമായാണ് പരിഗണിക്കപ്പെടുന്നത്. 33 വർഷം മുമ്പാണ് ചിത്രം റിലീസ് ചെയ്തത്.
Content Highlights: Veteran Bollywood actress Meenakshi Seshadri criticized modern actresses for relying heavily on PR tactics, clothing choices, and media hype for cheap publicity instead of letting their work speak for itself during an interview with IANS.