കരവാജിയോ മരിക്കുന്നതിനു മുന്‍പ് വരച്ച ചിത്രം; 'നിര്‍വൃതിയിലാണ്ട മേരി മഗ്ദലീന' ആദ്യമായി ഇന്ത്യയില്‍

Photo: Special arrangement
Photo: Special arrangement

ന്യൂഡല്‍ഹി: കണ്ണീരിറ്റുവീഴുന്ന കണ്ണുകള്‍ പകുതിയടച്ച് കൈവിരലുകള്‍ പിണച്ച് ചാരിയിരിക്കുന്ന 'നിര്‍വൃതിയിലാണ്ട മേരി മഗ്ദലീന' ചരിത്രത്തിലാദ്യമായി ഇന്ത്യയില്‍. ഇറ്റാലിയന്‍ ബറോക്ക് ചിത്രകാരന്‍ മൈക്കലാഞ്ചലോ മെറിസി ഡ കരവാജിയോ 1606-ല്‍ വരച്ച ചിത്രം ഡല്‍ഹിയിലെ ഇറ്റാലിയന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെള്ളിയാഴ്ച അനാച്ഛാദനം ചെയ്തു.

കരവാജിയോ മരിക്കുന്നതിനു മുന്‍പ് വരച്ച ചിത്രങ്ങളില്‍ ഒന്നായ മഗ്ദലീന നൂറ്റാണ്ടുകളായി നഷ്ടപ്പെട്ടിരുന്ന ചിത്രമാണ്. 1610-ല്‍ കസെര്‍ട്ടയിലെ ബിഷപ്പായിരുന്ന ഡിയോഡാറ്റോ ജെന്റൈല്‍ നേപ്പിള്‍സിലെ അപ്പോസ്തലിക് നുണ്‍ഷ്യോയ്ക്കയച്ച കത്തിലാണ് ചിത്രത്തെക്കുറിച്ച് ആദ്യം പരാമര്‍ശിക്കുന്നത്.

മതഅധികാരികളുടെ അഭ്യര്‍ഥനമാനിച്ച് ചിത്രം പിടിച്ചെടുത്തായി മറ്റൊരു കത്തിലും പറഞ്ഞിരുന്നു. അന്ന് കാണാതായ ചിത്രത്തെ നാലുനൂറ്റാണ്ടുകള്‍ക്കുശേഷം 2014-ല്‍ കലാചരിത്രകാരിയായ ഗുഗ്ലിയെല്‍മാ ഗ്രിഗറിയാണ് ഒരു സ്വകാര്യശേഖരത്തില്‍നിന്ന് കണ്ടെത്തിയത്.

കിരണ്‍ നാടാര്‍ മ്യൂസിയം ഓഫ് ആര്‍ട്‌സുമായുള്ള (കെഎന്‍എംഎ) കലാവിനിമയ പദ്ധതിയുടെ ഭാഗമായാണ് ചിത്രം ഇന്ത്യയിലെത്തിയത്. ഏപ്രില്‍ 18-ന് കെഎന്‍എംഎയിലേക്ക് മാറ്റുന്ന ചിത്രം മേയ് 18 വരെ പൊതുജനങ്ങള്‍ക്ക് കാണാനാകും.

Content Highlights: Mary Magdelene painting in India