'മേരി കോമിന്റെ വാക്കുകൾ വേദനിപ്പിക്കുന്നത്, ഭർത്താവിന്റെ മാനസികാവസ്ഥയെ കുറിച്ച് ആശങ്കയുണ്ട്'

മേരി കോം ഭര്‍ത്താവിനൊപ്പം/ മനോജ് തിവാരി | Photo: ANI
മേരി കോം ഭര്‍ത്താവിനൊപ്പം/ മനോജ് തിവാരി | Photo: ANI

ബോക്‌സിങ് ഇതിഹാസം മേരി കോമിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മനോജ് തിവാരി. ‘ആപ് കി അദാലത്’ എന്ന ഹിന്ദി ഷോയിൽ മുൻ ഭർത്താവ് ഓൺലറിനെ കുറിച്ച് മേരി കോം പറഞ്ഞ വാക്കുകൾക്കെതിരേയാണ് മനോജ് തിവാരി പ്രതികരിച്ചത്. അത് തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മേരി കോമിന്റെ വിജയകരമായ കരിയറിൽ അവരുടെ ഭർത്താവ് വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്നും അതെല്ലാം മറക്കുന്ന രീതിയിലാണ് മേരി കോം സംസാരിച്ചതെന്നും മനോജ് തിവാരി വ്യക്തമാക്കി.

'കരിയറിൽ ഭർത്താവിന്റെ പിന്തുണയെ കുറിച്ചും കുട്ടികളേയും വീട്ടുകാര്യങ്ങളും അദ്ദേഹം നോക്കിയതിനെ കുറിച്ചും മേരി കോം മുമ്പ് സംസാരിച്ചിട്ടുണ്ട്. ഒരു കായിക താരത്തിന്റെ വിജയം ടീം വർക്കാണ്. ഓൺലറുടെ ഇപ്പോഴത്തെ മാനസികാവസ്ഥയെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്.'-സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ മനോജ് തിവാരി പറയുന്നു. എന്നാൽ പിന്നീട് ഈ വീഡിയോ അദ്ദേഹം നീക്കം ചെയ്യുകയും ചെയ്തു.

നേരത്തെ ഓൺലർക്കെതിരെ കടുത്ത ഭാഷയിലാണ് മേരി കോം സംസാരിച്ചത്. അദ്ദേഹം ഒരു നയാ പൈസ പോലും സമ്പാദിച്ചിട്ടില്ലെന്നും എന്ത് ത്യാഗമാണ് അദ്ദേഹം ചെയ്തതെന്നും മേരി കോം ചോദിച്ചിരുന്നു. വീടിന്റെ ഏക വരുമാന സ്രോതസ് താനായിരുന്നു. അദ്ദേഹം വീട്ടിൽ കിടന്നുറങ്ങുക മാത്രമാണ് ചെയ്തത്. താൻ കുടുംബത്തിനുവേണ്ടി റിങ്ങിൽ കഠിനധ്വാനം ചെയ്തപ്പോൾ അയാൾ തന്റെ അക്കൗണ്ട് കാലിയാക്കിയെന്നും മേരി കോം തുറന്നടിച്ചിരുന്നു.

എന്നാൽ ഇതിന് മറുപടിയുമായി ഓൺലറും രംഗത്തെത്തിയിരുന്നു. മേരി കോമിനെ മികച്ച ബോക്‌സറാക്കാൻ താൻ തന്റെ ഫുട്‌ബോൾ കരിയർ ഉപേക്ഷിച്ചെന്ന് ഓൺലർ പറയുന്നു. വിവാഹം കഴിക്കുമ്പോൾ ഓൺലർ ഷില്ലോങിലെ എക്‌സൈസ് ആന്റ് കസ്റ്റംസ് ഡിപാർട്‌മെന്റിൽ കരാർ അടിസ്ഥാനത്തിൽ ഫുട്‌ബോൾ കളിക്കുകയായിരുന്നു. അന്ന് താൻ യുപിഎസ്‌സി പരീക്ഷകൾക്ക് തയ്യാറെടുക്കുകയായിരുന്നുവെന്നും ഓൺലർ പറയുന്നു.

'എന്റെ കരിയർ ഉപേക്ഷിച്ച് ഞാൻ അവളെ പിന്തുണച്ചു. കുട്ടികളെ വളർത്താൻ എന്നോട് പറഞ്ഞു. ആഴ്ച്ചകളും മാസങ്ങളും അവൾ പുറത്തായിരുന്നു. ഞാൻ കുട്ടികളെ വളർത്തി, കുളിപ്പിച്ചു, ഭക്ഷണം നൽകി, കോച്ചിങ്ങിന് കൊണ്ടുപോയി. വീട്ടിലെ ജോലികൾ ചെയ്തു. സാമൂഹിക ചുറ്റുപാടുകൾക്ക് വിപരീതമായ ദാമ്പത്യമായിരുന്നു ഞങ്ങളുടേത്. അവളാണ് ജോലിക്ക് പോയിരുന്നത്. അതുപക്ഷേ അവൾ കൊണ്ടുവരുന്ന പണത്തോടുള്ള ആഗ്രഹം കൊണ്ടല്ല. മറിച്ച് സ്‌നേഹം കൊണ്ടായിരുന്നു.'-ഓൺലർ വ്യക്തമാക്കി.

2023-ലാണ് ഓൺലറും മേരി കോമും വിവാഹമോചിതരായത്. ഇരുവർക്കും നാല് മക്കളുണ്ട്. മേരി കോമിന്റെ വിവാഹേതര ബന്ധമാണ് വിവാഹമോചനത്തിലേക്ക് എത്തിച്ചതെന്ന് ഓൺലർ ആരോപിച്ചിരുന്നു. ഈ ബന്ധം കുടുംബത്തിൽ വിള്ളലുണ്ടാക്കിയെന്നും ഇത് അറിഞ്ഞപ്പോൾ മക്കളുടെ ഹൃദയം തകർന്നുവെന്നും ഓൺലർ പറഞ്ഞിരുന്നു. എന്നാൽ തന്റെ ഭൂമിയും പണവും ഓൺലർ തട്ടിയെടുക്കുകയായിരുന്നുവെന്നായിരുന്നു മേരി കോമിന്റെ വാദം. നിലവിൽ മേരി കോം ഹരിയാനയിലെ ഫരീദാബാദിലാണ് താമസിക്കുന്നത്. ഓൺലർ ഡൽഹിയിലുമാണ്.

Content Highlights: manoj tiwary slams boxer mary kom over allegations on ex husband