കവിതയ്‌ക്കൊരു സന്തോഷം; പോലീസ് സ്‌റ്റേഷനിൽ സർപ്രൈസ് വളകാപ്പ് ചടങ്ങ്

ഗർഭിണിയായ വനിതാ പോലീസ് ഓഫീസർക്ക് പോലീസ് സ്റ്റേഷനിൽ സഹപ്രവർത്തകരുടെ സർപ്രൈസ് വളകാപ്പ് ചടങ്ങ്. പാലക്കാട് മണ്ണാർക്കാട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറും അട്ടപ്പാടി ദോണിഗുണ്ട് സ്വദേശിനിയുമായ പി. കവിതയ്ക്കാണ് സ്റ്റേഷനിൽ സ്‌നേഹമുഹൂർത്തമൊരുക്കിയത്. ഒൻപതുമാസം ഗർഭിണിയാണ് കവിത. കഴിഞ്ഞദിവസമാണ് പ്രസവാവധിയിൽ പ്രവേശിച്ചത്.
സ്റ്റേഷനിലെത്തണമെന്ന് സഹപ്രവർത്തകർ പറഞ്ഞതുപ്രകാരം എത്തിയപ്പോഴാണ് സ്റ്റേഷനകം ബലൂണുകളും വാഴയിലയിൽ വളകാപ്പ് എന്നെഴുതിയുമെല്ലാം കണ്ടത്. അത്തരമൊരു മുഹൂർത്തം കവിതയും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. എസ്.എച്ച്.ഒ.യുടെ അനുവാദത്തോടെ സ്റ്റേഷനിലെ എല്ലാവരും ചേർന്നാണ് ഇത്തരമൊരു ചടങ്ങ് നടത്തിയത്.
നിലവിളക്ക് കൊളുത്തിയതിനുശേഷം കവിതയെ ഇരുത്തി മധുരപലഹാരവും പഴങ്ങളുമെല്ലാം നൽകി. വളകളും അണിയിച്ചു. എല്ലാവർക്കുമൊപ്പംനിന്ന് ഫോട്ടോയുമെടുത്തശേഷമാണ് കവിതയെ യാത്രയാക്കിയത്.
മൂന്നുവർഷമായി മണ്ണാർക്കാട് സ്റ്റേഷനിൽ സേവനമനുഷ്ഠിച്ചുവരുന്ന കവിത ഗർഭിണിയായശേഷം കുറച്ചുമാസം പതിവുപോലെ ബസിൽത്തന്നെയായിരുന്നു അട്ടപ്പാടിയിലേക്ക് യാത്രചെയ്തിരുന്നത്. അടുത്തിടെ സ്റ്റേഷനിലെ ക്വാർട്ടേഴ്സിലേക്കും മാറി. അട്ടപ്പാടി സ്വദേശിയായ നാഗരാജാണ് ഭർത്താവ്.
വനിതാ എ.എസ്.ഐ.മാരായ സീന, ബിന്ദു സൗദ, മറ്റു വനിതാ പോലീസുകാർ എന്നിവരുൾപ്പെടെ ചടങ്ങിന് നേതൃത്വം നൽകി. കവിതയ്ക്ക് സന്തോഷം നൽകുക എന്നതുമാത്രമായിരുന്നു ഉദ്ദേശ്യമെന്നും പോലീസുകാർ പറഞ്ഞു.